രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; കോവിഡ് ബാധിതർ മൂന്നുലക്ഷത്തിലേക്ക്. 2,023 മരണം
രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് ബാധിതർ മൂന്ന് ലക്ഷത്തിനടുത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ 2,95,041 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കോവിഡ് മൂലം ഒറ്റ ദിവസം 2023 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടർച്ചയായ ഏഴാംദിവസവും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 21,57,538 ആയി.
1,67,457പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32,76,039 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ, 1,82,553 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഏറ്റവും കൂടുതൽ രോഗികൾ യു.എസിലാണ്. 3,25,36,470 പേർക്കാണ് ഇതുവരെ യു.എസിൽ കോവിഡ് ബാധിച്ചത്. ഇന്ത്യയിൽ 1,56,16,130 പേർക്കും.
13,01,19,310 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളി വലുതാണ്.പക്ഷെ നമ്മൾ മറികടക്കും. കോവിഡിനെതിരെ രാജ്യം വലിയ പോരാട്ടത്തിലാണ്.
ഓക്സിജന്റെ ആവശ്യകത വർദ്ധിച്ചു വരികയും, ഓക്സിജൻ ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ടെങ്കിലും അത് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓക്സിജന്റെയും മരുന്നിൻെയും വിതരണം വർദ്ധിപ്പിക്കാൻ സർക്കാറും സ്വകാര്യമേഖലയിലുള്ളവരും സംസ്ഥാനങ്ങളും ഒരുമിച്ചുള്ള പ്രവർത്തനത്തിലാണെന്നും മോദി പറഞ്ഞു.
No comments