രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 59,118 പുതിയ കേസുകൾ
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 32,987 പേർ രോഗമുക്തരായപ്പോൾ 257 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 53,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 251 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,18,46,652 ആയി. 1,12,64,637 പേർ ഇതുവരെ രോഗമുക്തി നേടി. 1,60,949 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,55,04,440 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വ്യാഴാഴ്ച സംസ്ഥാനത്ത് 35,952 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് 30,000-ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. മുംബൈ നഗരത്തിൽ മാത്രം ഇന്നലെ 5,504 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ രോഗം പിടിപെട്ടവരുടെ എണ്ണം വ്യാഴാഴ്ച 26 ലക്ഷം കടന്നു. 20,444 പേർ ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 22.83 ലക്ഷമായി. 111 പേരാണ് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 53,795 ലേക്കുയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,62,685 ആണ്.
മുംബൈ നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ ലോക്കൽ ട്രെയിൻ യാത്രയിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സാമൂഹിക അകലം പാലിക്കൽ ലോക്കൽ ട്രെയിനിൽ നടക്കുന്നേയില്ല. ഇതേഅവസ്ഥ തുടർന്നാൽ ഉടൻതന്നെ ലോക്കൽ ട്രെയിൻ യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് രാജേഷ് തോപ്പെ പറഞ്ഞത്.
No comments