അടുപ്പിലെ തീ അണയാതെ കാവൽ നിന്ന സർക്കാർ - VS
കേരളത്തിൽ ഇടതുപക്ഷഭരണം നിലനിൽക്കണമെന്ന് അധ്വാനിക്കുന്ന ജനവിഭാഗവും മതനിരപേക്ഷ മനസ്സുള്ളവരും ആഗ്രഹിക്കുന്നുണ്ട്. രണ്ടു പ്രളയങ്ങളും നിപയും കോവിഡുമൊക്കെ അതിജീവിച്ച് ജനങ്ങൾക്ക് സംരക്ഷണകവചം ഒരുക്കിയ സർക്കാരിനെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഏതു കെടുതിയിലും "അടുപ്പിലെ തീ അണയാതെ കാവൽനിന്ന" ഇടതുപക്ഷത്തെയല്ലാതെ ജനങ്ങൾക്ക് തിരഞ്ഞെടുക്കാനാവില്ല. എന്നാലും എൽ.ഡി.എഫ്. പ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കണം. നേട്ടങ്ങളുടെ തുടർച്ചയും വളർച്ചയും ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കണം.
മുന്നണി സർക്കാരിൽ ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതിൽ കാര്യമില്ല. നേതാവില്ലാതെ മുന്നണിനേതൃത്വത്തിന് പൂർണതയില്ലല്ലോ. പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏതുരീതിയിൽ നിർവഹിക്കുന്നു എന്നതിലാണ് കാര്യം. ഭൂപരിഷ്കരണമായാലും വിദ്യാഭ്യാസ ബില്ലായാലും നെൽവയൽ നീർത്തട സംരക്ഷണമായാലും അനധികൃത കൈയേറ്റമൊഴിപ്പിക്കലായാലും ദുരന്തങ്ങളെ നേരിടുന്ന കാര്യമായാലും ക്ഷേമനടപടികളായാലും ഒക്കെ അങ്ങനെതന്നെ. ഈ സർക്കാർ ജനങ്ങളുടെ പക്ഷത്താണ് എന്നകാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടാവാനിടയില്ല.
ആരോപണങ്ങളെ ഭയപ്പെടാൻ തുടങ്ങിയാൽ ഒരു ഭരണാധികാരിക്കും ഭരണം നടത്താനാവില്ല. കഴിഞ്ഞ ഭരണത്തിന്റെ അവസാനകാലത്തും ഇതുപോലുള്ള ആരോപണങ്ങളുണ്ടായല്ലോ. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിക്കെതിരേ നിലനിൽക്കുന്ന ഒരു ആരോപണം കണ്ടെത്തുന്നതിനുവേണ്ടി പ്രതിപക്ഷം ഒരു കമ്മിറ്റിയെ നിയോഗിക്കുകവരെ ചെയ്തിട്ടുണ്ടല്ലോ. കേന്ദ്ര ഏജൻസികളാണ് ഇപ്പോൾ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത്. അതും, എൽ.ഡി.എഫ്. സർക്കാരിന്റെ ആവശ്യാർഥം. തിരഞ്ഞെടുപ്പുകാലത്ത് ആ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉണ്ട്. കടൽ കേരള സർക്കാരിന് വിൽക്കാനാവില്ലല്ലോ.
ബി.ജെ.പി. കേരളത്തിൽ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികൾ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തിൽ ബി.ജെ.പി.ക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബി.ജെ.പി.യെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും.
പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ നിലപാടുകളിൽ അവസാനംവരെ ഉറച്ചുനിൽക്കുക. ആരൊക്കെ അതിനെ എതിർത്താലും ജനങ്ങൾ ഒപ്പമുണ്ടാവും. ജനങ്ങളുടെ താത്പര്യമാണ് കമ്യൂണിസ്റ്റുകാരന്റെ താത്പര്യം. അതിനപ്പുറം കമ്യൂണിസ്റ്റുകാരന് വേറെ താത്പര്യങ്ങളില്ല.
No comments