Header Ads

Header ADS

ആചാര സംരക്ഷണത്തിന് നിയമം; ശശി തരൂർ പോലും പറയുന്നത് പച്ചക്കള്ളം - അഡ്വ. ജഹാംഗീർ

UDF അധികാരത്തിൽ വന്നാൽ ശബരിമല ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്നത് ശുദ്ധ അസംബന്ധമാണെന്ന് അഡ്വ. ജഹാംഗീർ ഡോ. ശശി തരൂരിനുള്ള തുറന്ന് കത്തിൽ എഴുതുന്നു. റദ്ദ് ചയ്യപ്പെടാത്ത സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ വിധിക്ക് മുകളിൽ, ആ വിധിക്ക് എതിരായി നിയമം കൊണ്ടുവരാൻ സംസ്‌ഥാന സർക്കാരിന് കഴിയില്ല എന്ന് വസ്തുത അഡ്വ. ജഹാംഗീർ കത്തിലൂടെ തുറന്നു കാട്ടുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂലങ്ങൾക്ക് എതിരായി ഒരു നിയമവും പാസാക്കാൻ നിയമനിർമാണ സഭകൾക്ക് അധികാരമില്ല. പോസ്റ്റിന്റെ പൂർണ രൂപം ചുവടെ.
സർ,
അങ്ങയുടെ നേതൃത്വത്തിൽ രൂപംകൊടുത്തത് എന്നവകാശപ്പെട്ടുകൊണ്ട് UDF നേതാവ് ബെന്നി ബെഹനാൻ ഇപ്പോൾ അവതരിപ്പിച്ച പ്രകടനപത്രിക കണ്ടു. ആദ്യമായി ക്ഷേമ - വികസന പദ്ധതികളെ സംബന്ധിച്ചുള്ള അങ്ങയുടെ സങ്കൽപ്പങ്ങൾ ലോകോത്തരമാണ് എന്ന് അഭിമാനത്തോടെ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. ഇനി അധികാരത്തിൽ വരുന്ന ഏതെങ്കിലും കാലത്ത് ഇതെല്ലാം നടപ്പിലാക്കാനായാൽ മഹത്തരം!

പക്ഷേ, പണ്ഡിതനായ താങ്കൾ (ഒരു പക്ഷേ താങ്കളുടെ എതിർപ്പിനെ മറികടന്നു അധികാരമോഹികളായ മുഖ്യമന്ത്രി കുപ്പായക്കാർ തുന്നിച്ചേർത്തതുമാവാം.) ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാൻ "നിയമനിർമ്മാണം നടത്തും" എന്ന് നിഷ്കളങ്കരായ, നിയമസാക്ഷരത കുറഞ്ഞ മലയാളികളോട് എന്തിനാണ് കള്ളം പറയുന്നത്, എന്തിനാണവരെ നടക്കാത്ത കാര്യം പറഞ്ഞു വഞ്ചിക്കുന്നത്...?!

സർ,
അങ്ങേക്കറിയാവുന്നതുപോലെ, യഥാർത്ഥ വസ്തുത എന്നെ വായിക്കുന്ന സോഷ്യൽ മീഡിയയിലുള്ള മലയാളികളെ അറിയിക്കട്ടെ!

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച വിഷയത്തിൽ, അധികാരത്തിൽ LDF വന്നാലും UDF വന്നാലും, കേരളത്തിലെ സംസ്ഥാന സർക്കാരിന്‌ ഇന്നത്തെ അവസ്ഥയിൽ പുതിയ നിയമം കൊണ്ടു വരാൻ കഴിയില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌ എന്നതു മാത്രമല്ല പ്രസക്‌തമായ കാര്യം. യുവതീപ്രവേശം വിലക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന ഭൂരിപക്ഷവിധി യഥാർഥത്തിൽ സാങ്കേതികാർഥത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്‌. അത്‌ റദ്ദാക്കപ്പെട്ടിട്ടില്ല, സ്റ്റേ ചെയ്തിട്ടുപോലുമില്ല!!

കൃത്യമായ അർഥത്തിൽ നാളിതുവരെ പുനഃപരിശോധിക്കപ്പെട്ടിട്ടും ഇല്ല. വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതിക്ക്‌ എത്രമാത്രം ഇടപെടാൻ കഴിയും എന്ന വിഷയം മറ്റൊരു വിശാല ബെഞ്ച്‌ പരിശോധിക്കണമെന്ന്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന‌ രഞ്ജൻ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്‌ 2019 നവംബർ 14 ന്‌ ഭൂരിപക്ഷാഭിപ്രായമനുസരിച്ച്‌ വിധിച്ചിരുന്നു. ജസ്‌റ്റിസ്‌ നരിമാനും ജസ്‌റ്റിസ്‌ ചന്ദ്രചൂഡും വിയോജിപ്പ്‌ രേഖപ്പെടുത്തി.

ഇങ്ങനെ റിവ്യൂ ഹർജി തീർപ്പു കൽപ്പിക്കാതെ, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ അയക്കുന്നതിന്റെ ഔചിത്യവും നിയമപരതയും സുപ്രീം കോടതിയിൽത്തന്നെ ചോദ്യം ചെയ്യപ്പെട്ടു. അങ്ങനെ നിയമപ്രശ്‌നങ്ങൾ വിശാല ബെഞ്ചിന്‌ അയക്കാം എന്ന നിലപാടാണ്‌ ഒമ്പതംഗ ബെഞ്ച്‌ 2020 ഫെബ്രുവരി പത്തിന്റെ വിധിയിൽ സ്വീകരിച്ചു കാണുന്നത്‌. അതാണ്‌ നിലവിലെ സ്റ്റാറ്റസ്കോ!

അതെന്തായാലും, ശബരിമല കേസിലെ വിധിയിൽ പുനഃപരിശോധന വേണോ എന്ന വിഷയത്തിൽ പരിഗണന നീട്ടിവയ്‌ക്കുക മാത്രമാണ്‌ സുപ്രീംകോടതി ചെയ്‌തത്‌. നാളെ വിധിക്കെന്തു സംഭവിക്കും എന്ന്‌ ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ ഇപ്പോഴത്തെ വിധി റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല, സ്റ്റേ ചെയ്തിട്ടുപോലുമില്ല എന്നത്‌ വ്യക്‌തമാണ്‌. അതിനാൽ നിലവിലുള്ള വിധിയെ അട്ടിമറിക്കുന്ന വിധത്തിൽ അല്ലെങ്കിൽ സുപ്രീംകോടതിയിൽ നിലവിലുള്ള കേസുകളെ അപ്രസക്‌തമാക്കുന്ന വിധത്തിൽ പുതിയൊരു നിയമം ഇപ്പോൾ കൊണ്ടു വരാൻ കഴിയില്ല എന്നതല്ലേ വസ്തുത.?! കേരളത്തിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റാലും, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഭരണഘടനാ വിരുദ്ധമായി ഒരു സംസ്ഥാനസർക്കാരിന് എങ്ങിനെ നിയമനിർമ്മാണം സാധ്യമാകും?!

ചരിത്രപണ്ഡിതനും, ഭാഷാ പണ്ഡിതനും, സാഹിത്യനിപുണനുമായ, നന്നായി നിയമവും, ഭരണഘടനയുമറിയുന്ന താങ്കൾ, മലയാളികളോട് നാല് വോട്ടിനുവേണ്ടി കള്ളം പറയുകയും, നടക്കാത്ത വാഗ്ദാനം നൽകി വിശ്വാസസമൂഹത്തെ വഞ്ചിക്കുകയും ചെയ്യുന്നത് അനുചിതമാണ്.

കേരളത്തിലെ സാദാ കോൺഗ്രസുകാരെപ്പോലെയല്ല താങ്കളെ ഇവിടുത്തെ വിദ്യാസമ്പന്ന സമൂഹം കാണുന്നത്. തുടർഭരണം ഉറപ്പായ കേരളത്തിൽ, വെപ്രാളംപൂണ്ട, മന്ത്രിക്കുപ്പായം തയ്ച്ചുവച്ച കോൺഗ്രസ്സുകാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്കും, അസത്യപ്രചാരണങ്ങൾക്കും ഒപ്പം നിൽക്കുമ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ്‌ ചെന്നിത്തലയേക്കാൾ കൂടുതൽ, മലയാളിയുടെ മനസ്സിന്റെ അംഗീകാരം ലഭിച്ച താങ്കൾക്ക് നഷ്ടപ്പെടുന്നത് താങ്കളുടെ Credibility ആണ്.

പ്രിയപ്പെട്ട കേരളീയരെ...
ശബരിമലയിലെ നിലവിലെ വിധിയിൽ എന്തെങ്കിലും മാറ്റംവരുത്താനാവുക ഇന്ത്യൻ സുപ്രീം കോടതിക്ക് മാത്രമാണ്. നിലവിലെ ലിംഗസമത്വമുള്ള വിധിയിൽ നിന്നും വിഭിന്നമായി, ഭരണഘടനാ വിരുദ്ധവും, സ്ത്രീവിരുദ്ധവുമായ പുതിയൊരു വിധി സുപ്രീംകോടതിയിൽ നിന്നും വരാനുള്ള വിദൂരസാധ്യതപോലും നിലനിൽക്കുന്നില്ല എന്നതാണ് വസ്തുത. ബി.ജെ.പി ക്കും, കോൺഗ്രസ്സിനും വികസനം പറഞ്ഞു വോട്ട് ചോദിക്കാനാവാത്തത് സുപ്രീംകോടതിയുടെ കുറ്റമല്ലല്ലോ.! 

-അഡ്വ. ജഹാംഗീർ റസാഖ് 

No comments

Powered by Blogger.