Header Ads

Header ADS

കൂനൂർ ഹെലികോപ്റ്റർ അപകടം - ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെയുള്ളവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു


കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും  ഉള്‍പ്പെടെയുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. ഡൽഹി പാലം വ്യോമസേന വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി, മൃതദേഹങ്ങളിൽ പുഷ്പാർച്ചന നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരും മരിച്ചവർക്ക്  ആദരാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.

 ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദർശനത്തിനുവച്ചശേഷം വിലാപയാത്രയായാണ് മൃതദേഹങ്ങൾ സുലൂരിലെ വ്യോമതാവളത്തിലേക്കു കൊണ്ടുവന്നത്. തുടർന്ന് രാത്രി എട്ടുമണിയോടെയാണ് സുലൂരിലെ വ്യോമതാവളത്തിൽനിന്നു മൃതദേഹങ്ങൾ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. 

വെള്ളിയാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. 12.30 മുതൽ 1.30 വരെ സൈനികർക്ക് അന്തിമോപചാരത്തിന് അവസരം. ബിപിൻ റാവത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡറിന്റെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഡൽഹിയിൽ നടക്കും. ഊട്ടിയിലെ വെല്ലിങ്ടണിൽ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി മറ്റു സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ജില്ലാ ഭരണാധികാരികള്‍ അന്ത്യാഞ്ജലി അർപ്പിച്ചു.



ജനറൽ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. അദ്ദേഹമിപ്പോൾ ബംഗളൂരുവിൽ ചികിത്സയിലാണ്. 

No comments

Powered by Blogger.