Header Ads

Header ADS

ആർണബ് ഗോസ്വാമി കുരയ്ക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് നേരെയോ?






ദിവസവും രാജ്യത്തെ പ്രമുഖരായ 10ൽ അധികം പേരെ തന്റെ സ്റ്റുഡിയോകളിൽ വിളിച്ചിരുത്തിയിട്ട്, അയാൾ ഒരു ഭ്രാന്തൻ നായയെപ്പോലെ, തന്റെ ആതിഥികളോടും പ്രേക്ഷകരോടും ഉറക്കെ ഉറക്കെ കുരയ്ക്കുന്നു, തൊണ്ട പൊട്ടുമാറ് ഉറക്കെ അലറുന്നു. എന്നിട്ടതിന്റെ പേര് #NationWantsToKnow (രാജ്യത്തിന് അറിയേണ്ടുന്നത്). ഏറ്റവും ലാളിതമായിട്ട് പറഞ്ഞാൽ ഇതാണ് മാധ്യമ ഗുണ്ടായിസം അല്ലെങ്കിൽ ദേശീയതയിൽ ഊന്നിയ മാധ്യമ ഭീകരത.

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സുനന്ത പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, പത്ര സ്വാതന്ത്ര്യം എന്ന പേരിലുള്ള മാധ്യമ വിചാരണകളോ വിധി പ്രഘ്യാപനമോ വേണ്ട എന്ന് റിപ്പബ്ലിക് ടിവിയോടും ആർണബ് ഗോസ്വാമിയോടും ഡൽഹി ഹൈക്കോടതി പറഞ്ഞു. "ആർണബ്, നിങ്ങൾ ഒരു ദൃക്സാക്ഷിയാണോ? നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ പവിത്രതയെ നിങ്ങൾ മാനിക്കണം." ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ഇത് എല്ലാ മധ്യമങ്ങൾക്കുമുള്ള ഒരു താക്കീതാണ്.

അർണബ് ഗോസ്വാമിയുടെ, അതി വൈകാരികമായി ശബ്ദമുയർത്തി അലറുന്നതാണ് മാധ്യമ പ്രവർത്തനം എന്ന അബദ്ധ ജെഡിലമായ ധാരണ ഒരു പരിധിവരെ മലയാളത്തിലെ വാർത്താ അവതാരകരും അനുകരിക്കുന്നുണ്ട്. അവിടെ തുടങ്ങുന്നു ടെലിവിഷൻ മധ്യമപ്രവർത്തനത്തിൽ മൂല്യ ശോഷണം.

അടുത്ത ദിവസങ്ങളിൽ ഓൺലൈൻ മാധ്യമങ്ങളിലും ചില മുഖ്യധാര മാധ്യമങ്ങളിലും വന്ന ഒരു രാജിക്കത്ത് ഏറെ ചർച്ചൻചെയ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ടിവിയുടെ ജമ്മു കശ്മീർ ബ്യൂറോ മേധാവി തേജീന്ദർ സിങ് സോധിയുടെ രാജിക്കത്ത്. "മൂന്നര വർഷമായി മധ്യമപ്രവർത്തനത്തിന്റെ ആത്മാവിനെ കൊന്നതിന് ക്ഷമ ചോദിച്ചുകൊണ്ട്, ഞാൻ റിപ്പബ്ലിക് ടിവിയിൽനിന്ന് രാജിവെച്ചു." താൻ രാജിവെച്ചതായി പ്രഘ്യാപിച് തേജീന്ദർ ട്വിറ്ററിൽ കുറിച്ചു. പുറകെ അതി രൂക്ഷമായ ഭാഷയിൽ ആർണബിനെയും റിപ്പബ്ലിക് ടിവിയെയും വിമർശിച്ചുകൊണ്ടുള്ള നെടുനീളൻ രാജികത്തും തേജീന്ദർ പുറത്തുവിട്ടു. ഇന്ത്യയിൽ മോദി കഴിഞ്ഞാൽ രണ്ടാമൻ താനാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അർണബ്. അദ്ദേഹത്തിന് വേണ്ടത് റിപ്പോർട്ടർമാരെക്കാൾ കൊട്ടേഷൻ സംഘത്തെയാണ്. വസ്തുതകൾക്ക് യാതൊരു വിലയുമില്ല, മറിച്ച് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള റിപ്പോർറ്റുകളാണ് വേണ്ടത്. സുനന്ദ പുഷ്‌കറിന്റെ വീട്ടിൽ ഒളിച്ചുകയറി "എന്റെ മകളെ കൊല്ലിച്ചത് തരൂർ" എന്ന് വൃദ്ധനായ പിതാവിനെകൊണ്ട പറയിപ്പിക്കാൻ തന്നെ നിർബധിച്ചതായി തേജീന്ദർ രാജികത്തിൽ പറയുന്നു. അടിമ ഉടമ നയം സ്ഥാപനത്തിൽ വെച്ച് പുലർത്തുകയും മറ്റെല്ലാവരെയും വിമർശിക്കുകയും ചെയ്യുന്നതാണ് അർണബിന്റെ രീതി. ഹിന്ദിയിൽ പുതിയ ചാനൽ തുടങ്ങിയിട്ടും ഇംഗ്ലീഷ് ചാനലിൽ മൂന്ന് വർഷങ്ങളായി പ്രവർത്തിക്കുന്ന ജോലിക്കാർക്ക് ഇതുവരെ ശമ്പള വർധനവ് നൽകിയിട്ടില്ല.

തുടക്കത്തിൽ രാജ്യത്തെ ഒരുപാട് പ്രമുഖർ ഉണ്ടായിരുന്ന ചാനലായിരുന്നു റിപ്പബ്ലിക് ടിവി, എന്നാൽ സഹപ്രവർത്തകരോടുള്ള മോശം പെരുമാറ്റവും തെറ്റായ വാർത്തകൾ നൽകാനുള്ള പ്രേരണയും പലരെയും സ്ഥാപനത്തിന്റെ പുറത്തേക്ക് നയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ എച്ച് ആർ വിഭാഗത്തിൽ മേധാവി അടക്കം മുഴുവൻ ടീമംഗങ്ങളും മാറുന്ന സ്ഥിതിയുണ്ടായി. ഇതടക്കം ഗുരുതരമായ ആരോപണങ്ങളുടെ നീണ്ട നിരയാണ് തേജീന്ദർ തന്റെ രാജികത്തിലൂടെ ഉന്നയിക്കുന്നത്.
ദേശിയ തലത്തിൽ ബിജെപിയുടെ ജിഹ്വയായി മാറിക്കഴിഞ്ഞിരിക്കുന്നു റിപ്പബ്ലിക് ടിവിയും അർണാബ് ഗോസ്വാമിയും. അതി തീവ്ര ദേശിയതാണ് മുഖ മുദ്രയും മുദ്രാവാക്യവും.

അർണാബ് ഗോസ്വാമിയുടെ നിർദ്ദേശപ്രകാരം മഹാരാഷ്ട്ര മുഘ്യമന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്തിന് റിപ്പബ്ലിക് ചാനലിന്റെ റിപ്പോർട്ടറും ക്യാമറമാനും അടക്കം മൂന്ന് പേർ അറസ്റ്റിലാവുകയും അവരെ റിമാന്റ് ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറിയത്തിന് അറസ്റ്റിലാവുന്ന് ആദ്യത്തെ പത്രപ്രവർത്തകരാവും റിപ്പബ്ലിക് ടിവിയുടേത്. അതിന് പ്രേരിപ്പിക്കുന്ന ആദ്യത്തെ ചീഫ് എഡിറ്റർ ആവും ഗോസ്വാമി. സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ റിയ ചക്രവർത്തിയുടെ ഫ്ലാറ്റിന് മുൻപിൽ മുംബൈയിലെ റിപ്പബ്ലിക് നേതൃത്വം നൽകുന്ന മാധ്യമ പ്രവർത്തകർ റിയാ ചക്രവർത്തിയുടെ ഫ്ലാറ്റിലേക്ക് ഭക്ഷണവുമായി വന്ന സ്വിഗ്ഗിയുടെ ഡെലിവറി ബോയിയെ മൈക്കും ക്യാമറയുമായി വളഞ്ഞിട്ട് ആക്രമിക്കുന്ന ധൃശ്യങ്ങൾ ഒരു ഞെട്ടലോടുകൂടെ മാത്രമേ കണ്ടിരിക്കാൻ പൗരബോധമുള്ള ഏതൊരു വ്യക്തിക്കുമാവു. ഒന്നും അറിയാത്ത ഒരു ഡെലിവറി ബോയിയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് തരം താഴ്ന്ന് പോയി ഇന്ത്യയിലെ മുഖ്യധാരാ ടെലിവിഷൻ ജേർണലിസ്റ്റുകൾ. വിവരവും ബോധവും ഇല്ലാണ്ടായിരിക്കുന്നു. ഇതിന് സമാനമായ കാര്യങ്ങൾ ആണ് കങ്കണ റാണാവത്തിന്റെ വീടിന് മുന്നിലും നടന്നത്, അവിടെ മൈക്കുകൾക്ക് ഇടയിൽ വന്ന് പെട്ടത് ഒരു പാവം പോസ്റ്റ് മാൻ ആയിരുന്നു.. "എന്തിനാണ് കങ്കണയുടെ വീട് പൊളിച്ചത്, സ്ത്രീകളെ ടാർഗറ്റ് ചെയ്യുകയാണോ" എന്നൊക്കെ ചോദിക്കുന്ന വിഡ്ഢികൂശ്മാണ്ഡങ്ങളായ ടെലിവിഷൻ ജേർണലിസ്റ്റുകളുടെ നീണ്ട നിര അവിടെയും കാണാൻ കഴിഞ്ഞു. ഇവരെ ഒക്കെ ഈ രീതിയിൽ അഴിഞ്ഞാടാൻ കയറൂരി വിടുന്നത് ആരാണ്. ഇവരൊക്കെ ആല്ലേ നാളെയുടെ അർണാബ് ഗോസ്വാമിമാർ. ഇതൊന്നുമല്ല നിലവാരമുള്ള ജേർണലിസം എന്ന് പറയാൻ, പറഞ്ഞുകൊടുക്കക്കാൻ, പഠിപ്പിക്കാൻ ഇവിടെ ആരും ഇല്ലേ. ജനങ്ങൾ എന്ത് അറിയണം അറിയേണ്ട എന്ന് തീരുമാനിക്കുന്നത് ഒരുപറ്റം ഗോസ്വാമിമാരാണോ ഈ നാട്ടിൽ? അങ്ങനെ ആവുന്നത് ഒരിക്കലും രാജ്യത്തിന് നല്ലതിനല്ല.

NDTV യിലെ മാധ്യമപ്രവർത്തകാനായിരുന്ന രാജ്ദീപ് സർദ്ദേശയിക്ക് 2001ലെ ഗുജറാത്ത് കലാപ കാലത്ത് ഉണ്ടായ ഭീതിതമായ അനുഭവങ്ങൾ, മഹാനായ അർണാബ് ഗോസ്വാമി പല വേദികളിലും തന്റെ അനുഭവമായി പറഞ്ഞ് കയ്യടി നേടിയിട്ടുണ്ട്. അക്കാര്യം ഇന്ത്യ ടുഡേ ടിവിയുടെ ഇപ്പോഴത്തെ എഡിറ്റർ ആയ രാജ്ദീപ് സർദ്ദേശായി തന്നെ പറഞ്ഞിട്ടുണ്ട്. തനിക്ക് മുകളിൽ ആരും ഇല്ലെന്നും, തനിക്ക് ശേഷം പ്രളയം എന്നുമുള്ള ധാരണക്കാരനാണ് ഗോസ്വാമി. അത് ഇന്ത്യൻ ടെലിവിഷൻ മാധ്യമ രംഗത്തെ ഏറ്റവും മോശം പ്രവണതകളിൽ ഒന്നാമതാണ്.

വ്യക്തി സ്വാതന്ത്ര്യം എന്നതിനപ്പുറം പത്രസ്വാതന്ത്ര്യം എന്നൊന്ന് ഇല്ല എന്ന് ഈ നാട്ടിലെ ജനങ്ങളിൽ എത്ര പേർക്കറിയാം? മാധ്യമ പ്രവർത്തകർക്ക് എത്ര പേർക്കറിയാം? ആരുടെയും വായിലേക്ക് ഏത് സമയവും കാലവും സാഹചര്യവും നോക്കാതെ മൈക്ക് കുത്തിയറക്കാൻ ഇന്ത്യയിൽ നിയമം ഇല്ലെന്ന് എത്ര പത്ര പ്രവർത്തകർക്ക് അറിയാം? എല്ലാവരും എല്ലാ കാര്യവും മാധ്യമങ്ങളോട് പറയണം എന്നൊന്നും ഇല്ലെന്ന് എത്ര പത്രക്കാർക്കറിയാം? പത്രക്കാർക്ക് ഭരണഘടനപരമായി യാതൊരു വിധ പ്രത്യേക അധികാരവും ഇല്ലെന്ന് പത്രക്കാരിൽ എത്ര പേർക്കറിയാം? "കടക്ക് പുറത്ത്" എന്ന് പറഞ്ഞാൽ യാതൊരു പ്രതിഷേധവും കൂടാതെ പുറത്തേക്ക് ഇറങ്ങി മാറിനിൽക്കേണ്ടിവരും എന്ന് എത്ര മാധ്യമപ്രവർത്തകർക്കറിയാം? ആരുടെയും സ്വകാര്യതയിലേക്ക് ഏത് നേരവും കയറിച്ചെല്ലാനുള്ള ലൈസൻസ് അല്ല മാധ്യമ പ്രവർത്തനം.

അതേ, വസ്തുനിഷ്ടമല്ലാത്ത, തെറ്റായ മാധ്യമ പ്രവർത്തനം, അത് ഇന്ത്യയുടെ ഭരണഘടനയ്ക്ക് നേരെ ഉള്ള വെല്ലുവിളിയാണ്. നാലാമത്തെ തൂണിന്റെ ബലക്ഷയം മൊത്തം സംവിധാനത്തെയും മോശമായി ബാധിക്കും. അഭിനവ ഗോസ്വാമിമാരെ, നന്നായാൽ നിങ്ങൾക്ക് മാത്രമല്ല നാടിനും കൊള്ളാം.

No comments

Powered by Blogger.