Header Ads

Header ADS

EIA-2020

 

ഇന്ന് അവസാനിക്കുകയാണ്, പ്രതികരണം അറിയിക്കാനുള്ള 30ൽനിന്ന് 20 ദിവസമായി ചുരുക്കിയ സമയം. ആരും ഒന്നും പറഞ്ഞു കേൾക്കുന്നില്ല, EIA കുറിച്ച്, ബുദ്ധി ജീവികളും തത്വ ജ്ഞാനികളും ആരും, അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും. ആരും ഒന്നും അറിയാഞ്ഞിട്ടാണോ, അതോ അറിയാത്തയത് പോലെ നടിക്കുന്നതാണോ?

EIA 2020 (Environmental Impact Assessment 2020) പരിസ്ഥിതി ആഘാത വിലയിരുത്തൽ 2020.
എന്താണ്? എന്തിനാണ്? എങ്ങിനെ നമ്മെ ബാധിക്കും? ഇത് നല്ലതാണോ, മോശമാണോ? ഇതിന്റെ ആവശ്യം ഇപ്പോഴുണ്ടോ? പാർലമെന്റിൽ ചർച്ച ചെയ്യാതെ നടപ്പിലാക്കുന്നത് ശരിയോ?

കേന്ദ്രസർക്കാർ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ EIA 2020 കരട് പുറത്തിറക്കിയിരുന്നു, അതിന്റെ കാലാവധി ആഗസ്റ്റ് 11 വരെ നീട്ടി ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. മുൻപ് ജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിറിയിക്കാൻ 30 ദിവസത്തെ സമയം ലഭിച്ചിരുന്നു, എന്നാൽ ഇന്ന് അത് 20 ദിവസമായി കുറച്ചിരുന്നു. #COVID19 കാരണം ഇതുമായി ബന്ധപ്പെട്ട ഹിയറിങ് ഓൺ ലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. നേരിട്ട് ബാധിക്കുന്നവർക്ക് എത്രത്തോളം അവരുടെ ആശങ്കകളും വ്യാകുലതകൾ സർക്കാരിനെ ഓൺലൈനായി അറിയിക്കാൻ കഴിയും.
അപ്പൊ ആരെയൊക്കെ ബാധിക്കും?
ഏറ്റവും അധികം ബാധിക്കുക സാധാരണ പൗരന്മാരെ ആയിരിക്കും. കാരണം പാരിസ്ഥിതിക അനുമതികൾ വേണ്ട വൻകിട പദ്ധതികൾ ഒക്കെയും നിലവിൽ വരുന്നത് സാധാരണ ജനങ്ങളുടെ ഇടയിലാണ്. വൻകിട ഫാക്ടറികൾ, കൽക്കരി കരിമണൽ അടക്കമുള്ള ഖനനങ്ങൾ ഒക്കെയും നഗര ഹൃദയങ്ങളിലല്ല.

നിലവിൽ പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങൾ ഇല്ലേ?
ഉണ്ട്, 1984 ഭോപ്പാൽ വാതക ദുരന്തത്തിന് ശേഷം 1986ലാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായി ഒരു നിയമം വരുന്നത്. ഇതിന് മുൻപ്, 1972ലെ സ്റ്റോക്ക്ഹോം വിജ്ഞാപനത്തിന് പുറകെ 1974ലെ ജല മലിനീകരണത്തിന് എതിരായ നിയമവും 1982ലെ വയുമലിനീകരണത്തിന് എതിരായ നിയമവും നിലവിൽ വന്നിരുന്നു. 1986ലെ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ 1994ലാണ് ഇന്ത്യയിലെ ആദ്യത്തെ ഇ ഐ എ വരുന്നത്. ഇന്നവരെ ഈ രാജ്യത്ത്, ചെറുകിട വ്യവസായങ്ങൾ ഒഴികെയുള്ള മറ്റെല്ലാ വ്യവസായങ്ങളും ആരംഭിച്ചിരുന്നത് EIA 1994ന്റെയും 2006ലെ ഭേദഗതി യുടെയും അടിസ്ഥാനത്തിൽ ആണ്, അല്ലെങ്കിൽ ആയിരുന്നു. എന്നാൽ ഇനി മുതൽ സ്ഥിതിയങ്ങ് മാറുകയാണ്.

EIA 2020 നിലവിൽ വരുന്നതോടെ ഒരു വ്യവസായം തുടങ്ങാൻ ഇനി പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. അതാണ് EIA 2020 വിവാദമാവാൻ കാരണം. കേന്ദ്രസർക്കാർ കൽക്കരി ഖനനം അടക്കം പൊതുമേഖലാ സ്ഥാപനങ്ങൾ കയ്യടക്കി വെച്ചിരുന്ന മേഖലകൾ ഒക്കെ സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുത്തതിന് പിന്നാലെ, ഇത്ര ധൃതിപ്പെട്ട് ഈ മഹാമാരിയുടെ കാലത്ത് EIA 2020 നടപ്പിലാക്കാൻ ഒരുങ്ങുന്നത് തീർത്തും നല്ലതിനല്ല, ദുരുദ്ദേശ്ശപരം.

ഇനിയങ്ങോട്ട് വ്യവസായം തുടങ്ങാൻ മറ്റ് അനുമതികൾക്ക് കൂടെ പാരിസ്ഥിതിക അനുമതി കൂടെ നേടേണ്ടതിന്റെ ആവശ്യമില്ല, അല്ലെങ്കിൽ പാരിസ്ഥിതിക അനുമതി ഇല്ലാത്തത്തിന്റെ പേരിൽ ഈ രാജ്യത്ത് ഒരു വ്യവസായവും മുടങ്ങില്ല. തുടങ്ങിയിട്ട് അനുമതിക്ക് അപേക്ഷിച്ചാൽ മതി. അത് അഴിമതിക്ക് വഴിവെക്കുമെന്നത് മറ്റൊരു വിഷയം, കാരണം കോടികൾ മുടക്കി വ്യവസായം തുടങ്ങിയ ആൾ ഏത് വിധേനയും പരിസ്ഥിതിക അനുമതി നേടിയെടുക്കാൻ ശ്രമിക്കും. കേൾക്കുമ്പോൾ ഒരു ചെറിയ സുഖമൊക്കെ തോന്നും. വ്യവസായ അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു എന്നൊക്കെ. വെറും.തോന്നലാണ്!!
പാരിസ്ഥിതിക അനുമതി ഇല്ലാതെ തുടങ്ങിയ ഒരു സ്ഥാപനത്തിന്റെ മണ്ണ്, ജല, വായു മലിനീകരണത്തിന് എതിരെ ആർക്കും ഒരു കോടതിയിലും പോകാൻ കഴിയില്ല, നോക്കി നിൽക്കേണ്ടി വരും. പാരിസ്ഥിതിക അനുമതി ഇല്ലാതെ തുടങ്ങിയ വിശാഖപട്ടണം LG പൊളിമേഴ്സിൽ ഇക്കൊല്ലം മെയ്മാസത്തിൽ നടന്ന വാത ചോർച്ചയും അതേ തുടർന്നുണ്ടായ അപകടവും ഇതിന്‌ ഉദാഹരണമാണ്. അത് ഇനി ജനങ്ങൾ അത് നഗരികരോ മലയരോ ആധിവാസികളോ ആരൊക്കെത്തന്നെ മരിച്ചുവീണാലും നിയമത്തിന് നോക്കി നിൽക്കേണ്ടിവരും.
പല നിർദ്ദേശങ്ങളും രാജ്യത്തെ നേരിട്ട് ബാധിക്കുന്നതാണ്
1. നിലവിലെ പദ്ധതികളുടെ അടുത്ത ഘട്ടം വികസനത്തിന് പാരിസ്ഥിതിക അനുമതി വേണ്ട. ജലസേചനം, അതായത് നിലവിലുള്ള ഡാമിലെ ജലനിരപ്പ് ഉയർത്താനോ, വനത്തിലൂടെ 6 വരി പാത നിർമ്മിക്കാനോ പരിസ്‌ഥിതി അനുമതി വേണ്ട.
2. ദേശിയ സുരക്ഷയുമായി ബന്ധപ്പെട്ടതോ തന്ത്രപ്രധാനമായതോ ആയ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി വേണ്ട.
3. ദേശിയ അതിർത്തിയോട് ചേർന്നുള്ള വൻകിട നിർമ്മാണങ്ങൾക്ക് പരിസ്‌ഥിതി അനുമതി വേണ്ട.
4. കടലിൽ 12 നോട്ടിക്കൽ മൈലിനുള്ളിലുള്ള പദ്ധതികൾക്ക് അനുമതി വേണ്ട
5. A,B1,B2 എന്നീങ്ങനെ മൂന്നായി തിരിച്ച B2 വിലുള്ള പദ്ധതികൾക്ക് പബ്ലിക് ഹിയറിങ്ങോ പാരിസ്ഥിതിക അനുമതിയോ വേണ്ട. ഈ കാറ്റഗറിയിൽ 40ഓളം പദ്ധതികളുണ്ട്, ഇതിൽ ജലസേചനം, എല്ലാവിധ നിർമ്മാണ യൂണിറ്റുകൾ, 2 ഹെക്ടറിൽ താഴെയുള്ള ക്വാറികൾ, 2000 മുതൽ 150000 Sq Feet വരെയുള്ള കെട്ടിടങ്ങളുടെ നിർമ്മാണം എന്നിവയ്ക്ക് യാതൊരുവിധ പാരിസ്ഥിതിക അനുമതിയും വേണ്ട, ജനങ്ങൾക്ക് പരാതിപറയാനുള്ള അവസരവും ഇല്ല.
6. കാറ്റഗറി A, B1 എന്നിവയിൽ വരുന്ന പദ്ധതികളുടെ നിർമ്മാണത്തിന് യാതൊരുവിധ മുൻകൂർ അനുമതിയും വേണ്ട, നിർമ്മാണം ആരംഭിച്ചതിന് ശേഷം അനുമതിക്കായി അപേക്ഷിച്ചാൽ മതി. A, B1 കാറ്റഗറിയിൽ, അനുമതി വേണ്ട പദ്ധതികൾക്ക്, പാരിസ്ഥിതിക ആഘാത പഠനവും പൊതു അഭിപ്രായസ്വരൂപനവും പൊതു കൂടിയാലോചനകളും വേണ്ട പദ്ധതികൾക്ക് അനുമതി ലഭിക്കാനായി അവയുണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങളുടെ തുക കണക്കാക്കി അതിന്റെ രണ്ടോ മൂന്നോ ഇരട്ടി തുക പിഴയായി ഒടുക്കിയാൽ അനുമതി ലഭിക്കും. "പണത്തിന് മേൽ പരുന്തും പറക്കില്ല".
7. അതിർത്തികളിലെ ദേശിയ പാത നിർമ്മാണങ്ങൾക്ക് മൂല്യനിർണയ സമിതിയുടെ (Appraisal Committee) നിർദ്ദേശനഗൾ തള്ളി ഓൺലൈനായി അനുമതി നൽകാൻ കഴിയും. പ്രസ്തുത സമിതിയാണ് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പരാതിയും സ്വീകരിച്ച് പദ്ധതിക്ക് നിർമ്മാണ അനുമതി നൽകേണ്ടതുണ്ടോയെന്ന നിർദ്ദേശം പരിസ്ഥിതി മന്ത്രാലയത്തിന് നൽകുന്നത്.
8. കരട് വിജ്ഞാപനം പ്രാദേശിക ഭാഷയിൽ വിജ്ഞാപനം ചെയ്തില്ലെങ്കിൽ സ്റ്റേ ചെയ്യേണ്ടി വരുമെന്ന് കർണാടക ഹൈക്കോടതി ജൂലായ് 23ന് പരാമശിക്കുകയുണ്ടായി. പ്രസ്തുത പരാമർശം ഈ കരട് വിജ്ഞാപനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. കാരണം ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത സാധാരണക്കാരെ ഇത് നേരിട്ട് ബാധിക്കും എന്നത് തന്നെ.

അതെ, പ്രതികരിക്കാനുള്ള സമയം 11/08/2020ന് അവസാനിക്കും. ഈ കരട് പിൻവലിക്കാൻ eia2020-moefcc@gov.in എന്ന ഇ മൈലിലേക്ക് എതിർപ്പ് അറിയിച്ച് കത്തെഴുതാം.

ഓർക്കുക മറ്റെന്തുണ്ടായിട്ടും കാര്യമില്ല

പ്രകൃതി ഇല്ലെങ്കിൽ നമ്മളില്ല

No comments

Powered by Blogger.