ഇന്ത്യയിലെ സ്ഥിതി "ഹൃദയഭേദകം" - 2600 ജീവനക്കാരെ വിന്യസിച്ചു: WHO
കോവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനം. ഓക്സിജനും ജീവന്‍രക്ഷാ ഉപകരണങ്ങളും അടക്കം സാധ്യമായ സഹായങ്ങള്‍ ഇന്ത്യയ്ക്ക് എത്തിക്കുന്നുണ്ട്. 2600 ജീവനക്കാരെ അധികമായി ഇന്ത്യയില്‍ വിന്യസിച്ചെന്നും ടെഡ്രോസ് അദാനം ജനീവയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡിന്റെ അതിതീവ്രവ്യാപനത്തിൽ ഇന്ത്യ വിറങ്ങലിച്ചു നിൽക്കവെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്നതും ജീവവായു ഇല്ലാതെ ആളുകൾ പിടയുന്നതും കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ രാജ്യം അനുദിനം റെക്കോഡ് സൃഷ്ടിക്കുകയാണ്.
തുടർച്ചയായി അഞ്ചാം ദിവസമാണ് മൂന്നു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ലോകത്തു തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കേസുകളിൽ ഏറ്റവും ഉയർന്നതാണ്.
No comments