റഷ്യയുടെ സ്റ്റാറ്റസ് 6 അഥവാ പൊസൈഡൻ
ആണവ സുനാമി തിരമാലകൾ തീർത്ത് മഹാനഗരങ്ങളെ പോലും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാനും മാത്രം പ്രഹരശേഷിയുള്ള റഷ്യയുടെ ആണവ പോർമുന വഹിക്കാൻ കഴിയുന്ന ടോർപിഡോയാണ് സ്റ്റാറ്റസ് 6 അഥവാ പോസൈഡൻ. റഷ്യയുടെ "സൂപ്പർ വെപ്പൺ" ഗണത്തിൽ പെടുന്ന അതി മാരക ശേഷിയുള്ള ടോർപിഡോയാണ് "പോസൈഡൻ 2M39". 20 മീറ്റർ നീളമുള്ള പോസൈഡന് എതിരാളികളുടെ തീര സംരക്ഷണ സംവിധാനങ്ങളെ മറികടന്ന് മഹാ നഗരങ്ങളെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. ഇതുതന്നെയാണ് സ്റ്റാറ്റസ് 6 അമേരിക്കയ്ക്ക് തലവേദനയാവുന്നത്.
2 മെഗാടൺ സ്‌ഫോടകശേഷിയുള്ള പൊസൈഡൺ, അതായത് ഹിരോഷിമയിൽ വീണ അണുബോംബിന്റെ 133 മടങ്ങ് പ്രഹരശേഷിയുള്ളത്. കടലിന്റെ അടിത്തട്ടിൽ നിന്നും വിദൂരമേഖലകളിൽ നിന്നും ആക്രമിക്കാവുന്ന വകഭേദങ്ങൾ പൊസൈഡോണിനുണ്ട്. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാവുന്ന ഇതിനെ ലോകത്തെ ഏറ്റവും സങ്കീർണമായതും, അതുപോലെ ഏറ്റവും കുറച്ചുമാത്രം പഠനവിധേയമായിട്ടുള്ളതുമായ ആയുധമായിട്ടാണു വിദഗ്ധർ വിശേഷിപ്പിക്കുന്നത്. യുഎസ് രാജ്യാന്തര സുരക്ഷാ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ ഫോർഡിന്റെ വാക്കുകളിൽ പറഞ്ഞാൽ' ഒരു ആണവസൂനാമിയുണ്ടാക്കി യുഎസ് തീരനഗരങ്ങളെ മുക്കാൻ ശേഷിയുള്ള ആയുധം'. അതാണ് പോസൈഡൺ.
വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വളരെ പതുക്കെയെത്തി തീരത്തിനു തൊട്ടടുത്തു വച്ച് അതിവേഗം കൈവരിക്കുന്ന രീതിയിലാണ് ഇതിന്റെ സഞ്ചാരം. ഇതുമൂലം തീരരക്ഷാ റഡാർ സംവിധാനങ്ങൾ ഇതിനെ കണ്ടെത്തുമ്പോഴേക്കും സർവനാശം നടന്നുകഴിഞ്ഞിരിക്കും. എല്ലാരീതിയിലും പരാജയപ്പെടുന്ന ഘട്ടത്തിൽ മാത്രം പ്രതിയോഗിക്കെതിരെ പ്രയോഗിക്കാൻ ഉന്നം വച്ചാണ് ഈ ആയുധം റഷ്യ വികസിപ്പിക്കുന്നതെന്നാണു നിരീക്ഷണം. അതിശക്തമായ ആണവ വികിരണങ്ങൾ ഒരു വലിയ പ്രദേശത്താകെ ഉണ്ടാക്കാനുള്ള ശേഷി പൊസൈഡോണിനുണ്ട്. കൊബാൾട്ട് 60 അടങ്ങിയ ഒരു ആണവ ബോംബാണ് ഈ സർവ്വ നാശത്തിനായി സഹായിക്കുന്നതെന്നാണ് കരുതുന്നത്. ബെൽഗോറോഡ്, ഖബാരോവ്‌സ്‌ക് എന്നു പേരുകളുള്ള തങ്ങളുടെ ഏറ്റവും അത്യാധുനിക അന്തർവാഹിനികളെയാകും പൊസൈഡോൺ വഹിക്കാനായി റഷ്യ തിരഞ്ഞെടുക്കുക എന്ന് കരുതപ്പെടുന്നു.
ആർട്ടിക്കാണ് അത്യാധുനിക ആയുധ പരീക്ഷണങ്ങൾക്കായി റഷ്യ ഉപയോഗിക്കുന്നത്. പൊസൈഡൺ പരീക്ഷിക്കുന്നതും ഇവിടെ തന്നെ. റഷ്യയുടെ കപ്പൽ വേധ മിസൈലായ സിർക്കോൺ ക്രൂയിസ് മിസൈൽ പരീക്ഷണവും ഇവിടെ നടന്നിരുന്നു.ഹൈപ്പർസോണിക് വേഗത്തിൽ സഞ്ചരിക്കുന്ന സിർക്കോണിനെ നിലവിലെ മിസൈൽവേധ സംവിധാനങ്ങൾക്കൊന്നും തൊടാൻ സാധിക്കില്ല.
No comments