Header Ads

Header ADS

പൂരം കലക്കലും പിണറായി വിജയൻറെ LDF സർക്കാരും

Pinarayi Vijayan and ADGP Ajith Kumar

2016 മെയിൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ LDF സർക്കാർ അധികാരത്തിൽ വന്ന് 10 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പോലീസ് മേധാവി ആയിരുന്ന ക്രമസമാധാന ചുമതല ഉള്ള DGP സെൻകുമാറിനെ തൽ സ്ഥാനത്ത് നിന്ന് നീക്കി ലോക്നാഥ് ബഹ്‌റയെ നിയമിച്ചത് എന്തിനായിരുന്നു? ആ സാഹചര്യം എന്തായിരുന്നു? സെൻകുമാർ എന്തിങ്കിലും തരത്തിലുള്ള കൃത്യവിലോപം നടത്തിയിരുന്നോ?


ആ സർക്കാർ അധികാരത്തിൽ വന്ന് 10 ദിവസത്തിനുള്ളിൽ സെൻകുമാറിനെ മാറ്റാൻ പ്രത്യക്ഷത്തിൽ ഒരു കാരണവും ഉണ്ടായിരുന്നില്ല. എന്നാൽ സർക്കാരിനും ആഭ്യന്തര വകുപ്പിനും ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും സെൻകുമാറിൻ്റെ രാഷ്ട്രീയ നിലപാട് സംഘപരിവാർ അനുകൂല നിലപാട് ആണെന്ന കൃത്യമായ ഇൻപുട്ട് ഉണ്ടായിരുന്നു. ആ ഒറ്റ കാര്യം മതിയായിരുന്നു ഒരു ഇടത് സർക്കാരിന് ഒരു ലോ ആൻഡ് ഓർഡർ ഡിജിപിയെ തൽസ്ഥാനത്ത് നിന്ന് ഒറ്റ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നീക്കാൻ. മുഖ്യമന്ത്രി അത് നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വിശദീകരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് സെൻകുമാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിനെ സമീപിച്ചു, അനുകൂലമായ വിധി ഉണ്ടാവാത്തതിനെ തുടർന്ന് ഹൈക്കോടതിയേയും അവിടുന്നും അനുകൂലമായ വിധി ഉണ്ടാവാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടി ഒരു വർഷത്തിന് ശേഷം 2017 മെയിൽ പോലീസ് മേധാവിയായി തിരിച്ചു വന്നു. രണ്ട് മാസത്തിന് ശേഷം വിരമിക്കുകയും ചെയ്തു. വിരമിച്ച ഉടനെ അദ്ദേഹം BJP യിൽ ചേരുകയും ചെയ്തു. പിന്നീട് അങ്ങോട്ട് പല സുപ്രധാന വിഷയങ്ങളിലും അദ്ദേഹത്തിൻ്റെ പല നിലപാടും കേരളം കണ്ടതാണ്.

ഇതിൽ സർക്കാരിന് ഉണ്ടായ തിരിച്ചടി സെൻകുമാർ ക്രമസമാധാന ചുമതല ഉള്ള DGP ആയി തിരികെ എത്തി എന്നത്‌ ആണ്. എന്നാൽ സർക്കാരിന് ഉണ്ടായ ലാഭം ഒരു വർഷക്കാലം ഒരു RSS കാരനായ DGP യെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയിരുത്താൻ കഴിഞ്ഞു എന്നതാണ്. കേസ് തോറ്റാലും ഒരു വർഷം എന്നത് വലീയ കാലയളവ് ആയിട്ടാണ് അന്ന് സർക്കാർ കണ്ടത്. ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കേണ്ടി വന്നാലും ഒരു ഇടത് സർക്കാരിനെ സംബന്ധിച്ച് അത് ലാഭം തന്നെ ആയിരുന്നു.

പൊലീസിലെ RSS സെല്ലിനോട് അത്രയ്ക്ക് ശക്തമായ നിലപാട് ആയിരുന്നു എന്ന് പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന LDF സർക്കാർ സ്വീകരിച്ചത്. സെൻകുമാറിനോടുള്ള താൽപ്പര്യ കുറവും സർക്കാരിനും പാർട്ടിക്കും മാത്രം അറിയാവുന്ന അദ്ദേഹത്തിന്റെ RSS-BJP ബന്ധവും ആയിരുന്നു സ്ഥാനചലനത്തിൻ്റെ കാരണം. അന്ന് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു പാർട്ടി സെക്രട്ടറി.

2023 മെയിൽ RSS നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ഒരു ADGP, 2024ലെ തൃശൂർ പൂരത്തിൻ്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ADGP, അതേ പൂരം കലക്കാൻ ഒത്താശ ചെയ്തു എന്ന് LDF ലെ രണ്ടാമത്തെ ഘടക കക്ഷിയായ CPI അടക്കം വിശ്വസിക്കുന്ന, അന്ന് ഒരു പഞ്ചായത്ത് മെമ്പർ പോലും അല്ലാതിരുന്ന സിനിമാ നടൻ സുരേഷ് ഗോപിക്ക് RSS അനുകൂല സംഘടനയായ സേവഭാരതിയുടെ ആംബുലൻസിൽ സംഘ് പരിവാറിന്റെ സ്ട്രാറ്റജിക് ടീമിനൊപ്പം വന്നിറങ്ങാൻ അവസരം ഉണ്ടാക്കി കൊടുത്ത്, പൂരം നിർത്തിവെക്കപ്പെട്ട സാഹചര്യത്തിൽ അതേ ദിവസം വെളുപ്പിന് മൂന്ന് മണിക്ക് മൊബൈൽ ഫോണുകൾ അടക്കം ഓഫ് ചെയ്ത് കൊല്ലൂർക്ക് പോയ ADGP, പൂരം കലക്കലുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട് അത് 5 മാസം മുക്കിയ ADGP, പൂരം കലക്കിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല (അത് പകുതി ശെരിയാണ്, ADGP യുടെ നേതൃത്വത്തിൽ പൊലീസിന് അകത്ത് നിന്ന് തന്നെയാണ് കലക്കിയത്, ആർക്ക് വേണ്ടിയാണ് എന്ന് ADGP പറഞ്ഞാൽ മതി.) എന്ന് റിപ്പോർട്ട് അതേ ADGP രണ്ട് ദിവസം കൊണ്ട് DGP ക്ക് സമർപ്പിക്കുന്നു. ADGP യുടെ വീഴ്ചകൾ അക്കമിട്ട് നിരത്തി തുടരന്വേഷണ ശുപാർശയോടെ DGP ആ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നു. പ്രസ്തുത റിപ്പോർട്ട് സർക്കാർ തള്ളുന്നു, കൂടുതൽ അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ഉത്തരവ് ഇറക്കുന്നു. കവടിയറിൽ കോടിക്കണക്കിന് രൂപ മുടക്കി ഭൂമി വാങ്ങി 5000 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് നില വീട് വെക്കുന്ന ADGP അജിത് കുമാർ എങ്ങനെ സംസ്ഥാനത്തിൻ്റെ ക്രമസമാധാന ചുമതല ഉള്ള സംസ്ഥാന പൊലീസിലെ രണ്ടാമനായി തുടരുന്നു.

ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാന ചുമതല ഉള്ള ADGP രഹസ്യമായി RSS നേതാക്കളുമായി തുടർച്ചയായി കൂടി കാഴ്ച നടത്തുന്നതിൽ പാർട്ടിക്ക് ഒരു പ്രശ്നവും തോന്നുന്നില്ല എങ്കിൽ അത് സ്വയം വിമർശനാത്മകമായി പരിശോധിക്കേണ്ട ഏറ്റവും ഗുരുതര നയ പ്രശ്നം ആണ്. RSS ബന്ധം ഉള്ള ഒരു DGPയെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒരു സർക്കാർ അധികാരത്തിൽ വന്ന് 10 ദിവസത്തിനുള്ളിൽ മാറ്റാൻ പറ്റുമെങ്കിൽ, സ്വർണ കടത്ത് കേസിൽ അടക്കം അച്ചടക്ക നടപടി നേരിട്ട ഇത്രയും മോശം ട്രാക്ക് റെക്കോഡ് ഉള്ള ഒരു ADGP യെ മാറ്റാൻ മാസങ്ങളും വർഷങ്ങളും ഒന്നും കാക്കേണ്ട കാര്യം ഇല്ല. ഇതിൽ വരുന്ന കാലതാമസം വിശദീകരിക്കാൻ പാർട്ടി വല്ലാണ്ട് ബുദ്ധിമുട്ടും. ആ ബുദ്ധിമുട്ട് പാർട്ടിക്ക് ഗുണം ചെയ്യില്ല.

No comments

Powered by Blogger.