ലക്ഷദ്വീപ് വിഷയം - കേരളാ നിയമസഭ പ്രമേയം പാസ്സാക്കും.
ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസ്സാക്കാൻ കേരളാ നിയമസഭ ഒരുങ്ങുന്നു. അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികളെ തുടർന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരള നിയമസഭ. കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കാനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി.
ബജറ്റ് സമ്മേളനത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ചർച്ച നടക്കും. തുടർന്നുള്ള ദിവസം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കർ പരിശോധിക്കുന്നത്. ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു.
ബിജെപിക്ക് സഭയിൽ അംഗമില്ലാത്തതിനാൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവൻ എംഎൽഎമാരും ചേർന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക. കേരളത്തിൽ ബിജെപി ഒഴികെ മറ്റു പ്രധാന പാർട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. നേരത്തെ സിഎഎ ബില്ലിനെതിരേയും കേരളനിയമസഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നു.
തുടർ സമരപരിപാടികളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് വൈകിട്ട് ദ്വീപിൽ ഓൺലൈനിൽ രാഷ്ട്രീയ പാർട്ടികൾ സർവ്വകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. കോൺഗ്രസ്സ്, എൻ.സി.പി, ബിജെപി എന്നീ രാഷ്ട്രിയ പാർട്ടികളാണ് സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തിട്ടുള്ളത്. ഇതിനിടെ ലക്ഷദ്വീപ് കളക്ടർ അസ്‌കർ അലി ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നുള്ള വിശദീകരണമാവും കളക്ടർ നൽകുക. നിലവിൽ ദ്വീപിൽ ഇല്ലാത്ത പട്ടേൽ, ഈ മാസം 30ന് ദ്വീപിൽ എത്തിയ ശേഷം രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്താനാണ് ആലോചിക്കുന്നത്.
No comments