Header Ads

Header ADS

അന്തര്‍വാഹിനി കരാറില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറി പിന്നില്‍നിന്നുള്ള കുത്തെന്ന് ഫ്രാന്‍സ്

ഫ്രാന്‍സുമായുള്ള വമ്പന്‍ അന്തര്‍വാഹിനി കരാര്‍ റദ്ദാക്കാനുള്ള ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത തീരുമാനത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് ഫ്രാന്‍സ്. ഓസ്‌ട്രേലിയയുടെ ഈ നീക്കം തികഞ്ഞ വിശ്വാസവഞ്ചനയാണെന്ന് ഫ്രാന്‍സ് ആരോപിച്ചു. അമേരിക്കന്‍ ആണവ അന്തര്‍വാഹിനികളില്‍ കണ്ണുവച്ചാണ് ഓസ്‌ട്രേലിയ കരാറില്‍നിന്ന് പിന്മാറിയത്. 'ഇത് ഞങ്ങള്‍ക്ക് ശരിക്കും പുറകില്‍ നിന്നുള്ള കുത്താണ്. ഞങ്ങള്‍ ഓസ്‌ട്രേലിയയെ  വിശ്വസിച്ചു എന്നാല്‍ വിശ്വാസവഞ്ചനയാണ് അവര്‍ കാണിച്ചത്' -  ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജാന്‍ യീവ്‌സ് ലെ ഡ്രിയാന്‍ ഫ്രാന്‍സ് ഇന്‍ഫോ റേഡിയോയോട് പറഞ്ഞു.

ഏകപക്ഷീയവും അപ്രതീക്ഷിതവുമായ ഈ തീരുമാനം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അനുസ്മരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്രംമ്പ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ യൂറോപ്പിനെ പ്രവചനാതീതമായ തീരുമാനങ്ങളെടുത്ത് പ്രകോപിപ്പിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രാന്‍സിന്റെ ഭാഗിക ഉടമസ്ഥതയിലുള്ളതാണ് നേവല്‍ ഗ്രൂപ്പ്. ഫ്രാന്‍സിന്റെ ബാരാക്കുഡ ആണവോര്‍ജ്ജ അന്തര്‍വാഹിനികളുടെ മാതൃകയില്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിന്റെ നേവല്‍ ഗ്രൂപ്പിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഏകദേശം 31 ബില്യണ്‍ യൂറോ ആയിരുന്നു കരാര്‍ തുക. 2016ല്‍ ആയിരുന്നു ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയയിലെയും ബ്രിട്ടനിലെയും പ്രധാനമന്ത്രിമാരും ബുധനാഴ്ച ഒരു പുതിയ പ്രതിരോധ ഉടമ്പടി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രകാരം ഓസ്‌ട്രേലിയയ്ക്ക് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍വാഹിനി ലഭിക്കും. ഇത് വളരെ കുറച്ച് അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു അപൂര്‍വ്വ അന്തര്‍വാഹിനിയാണ്. 

ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിക്കുന്ന ചൈനയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഈ നീക്കം അടിവരയിടുന്നു. ഇവിടെ ന്യൂ കാലിഡോണിയ, ഫ്രഞ്ച് പോളിനേഷ്യ എന്നീ ഫ്രാന്‍സിന്റെ പ്രദേശങ്ങളിലെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫ്രാന്‍സും ശ്രമിക്കുകയാണ്. ഫ്രാന്‍സിന്റെ നാവിക യാര്‍ഡുകള്‍ക്ക് ലഭിക്കുന്ന 'നൂറ്റാണ്ടിന്റെ കരാര്‍' എന്ന് ഒരിക്കല്‍ ലെ ഡ്രിയാന്‍ വിശേഷിപ്പിച്ചിരുന്നു. അമേരിക്ക ഫ്രാന്‍സിനെ 'കബളിപ്പിച്ചോ' എന്ന ചോദ്യത്തിന് 'നിങ്ങളുടെ വിശകലനം ഏറെക്കുറെ ശരിയാണ്.' എന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മറുപടി നല്‍കിയത്. 

'ഞങ്ങള്‍ ഈയിടെ അമേരിക്കയുമായി ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിക്കുന്ന ചൈനയുടെ സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു അതിനിടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.' ലെ ഡ്രിയാന്‍ പറഞ്ഞു, അമേരിക്കയും തങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വലിയ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. ഞങ്ങള്‍ക്ക് ഓസ്‌ട്രേലിയയുമായി കരാറുകളുണ്ട്, അവയില്‍ നിന്ന് എങ്ങനെ പിന്‍വലിയാനാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് തങ്ങളോട് പറയേണ്ട ബാധ്യത ഓസ്ട്രേലിയയ്ക്കുണ്ട്,' ജാന്‍ യീവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു.

No comments

Powered by Blogger.