Header Ads

Header ADS

ബാബറി മസ്ജിദ് തകർന്നതോ തകർത്തതോ?ഇന്നത്തെ ലക്‌നൗവിലെ CBI പ്രത്യേക കോടതിയുടെ വിധികണ്ടാൽ തോന്നുക, ചരിത്ര പ്രാധാന്യം ഉണ്ടായിരുന്ന ബാബറി മസ്ജിദ്‌ 1992 ഡിസംബർ 6ന് ഒരു പ്രകൃതി ക്ഷോഭത്തിൽ തകർന്നതായാണ്. അല്ലെങ്കിൽ അങ്ങനെ വിധിക്കുന്നതായിരുന്നു നല്ലത്. മുൻ ഉപപ്രധാനമന്ത്രി LK. അധ്വാനി അടക്കമുള്ള സംഘം ആയിദ്ധ്യയിലേക്ക് രഥയാത്ര നടത്തിയത് മസ്ജിദ് പൊളിക്കാനായിരുന്നില്ല, മറിച്ച് സംരക്ഷിക്കാനായിരുന്നു. അധ്വാനിക്കും ഉമാ ഭാരതിക്കും മുരളീ മനോഹർ ജോഷിക്കും കല്യാൺ സിങ് അടക്കം ആർക്കും മസ്ജിദ് പൊളിച്ചതുമായി യാതൊരു ബന്ധവുമില്ല. ബാബറി മസ്ജിദ് ചില സാമൂഹിക ദ്രോഹികളുടെ "വികാര തളിച്ച"യിൽ ബാലക്കുറവ് മൂലം തകർന്നടിഞ്ഞു വീണതാണ്. കാരണം 400 വർഷത്തോളം പഴക്കമുള്ള ഒരു പഴയ കെട്ടിടമായിരുന്നല്ലോ ബാബറി മസ്ജിദ്.
CBIക്ക് പകരം ത്രേതായുഗത്തിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന രാമൻ ജീവിച്ചിരുന്നു എന്നതിന് തെളിവുണ്ടാക്കിയ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ ഈ അന്വേഷണം ഏല്പിച്ചിരുന്നുവെങ്കിൽ അവർ കണ്ടെത്തുമായിരുന്നു ബാബറി മസ്ജിദ് പൊളിച്ചത് അദ്വാനിയുടെ നേതൃത്വത്തിൽ ആണ് എന്നതിനുള്ള തെളിവുകൾ.
ഒന്നരലക്ഷത്തോളം കർസേവകരെ അയോധ്യയിലേക്ക് എത്തിച്ചേരാൻ ആഹ്വനം ചെയ്യുകയും, അവരെ സംഘടിപ്പിച്ച് ചരിത്ര പ്രാധാന്യമുള്ള ബാബറി മസ്ജിദ് പൊളിക്കുകയും ചെയ്തത് RSS ഉം BJP യും VHP യും ശിവസേനയും അടങ്ങുന്ന സംഘപരിവാർ സംഘടനകളാണെന്നുള്ളത്തിന് തെളിവ് കണ്ടെത്താൻ ഇന്ത്യയിലെ പ്രീമിയർ അന്വേഷണ ഏജൻസിയായ CBI ക്ക് കഴിഞ്ഞില്ലെങ്കിൽ അത് അതിഭീകരമാണ്. CBI പിരിച്ചുവിടുന്നതാവും നല്ലത്. പള്ളി തകര്ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും ജഡ്ജി സുരേന്ദർ കുമാർ യാദവ് വ്യക്തമാക്കിയാതാണ് ഏറെ ആശങ്കാജനകം.
ബാബറി മസ്ജിദ് തകർക്കൽ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മദ്രാസ് ഹൈക്കോടതി മുന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എം എസ് ലിബർഹാൻ അധ്യക്ഷനായ കമ്മിഷൻ
2009 ജൂൺ 30ന് റിപ്പോർട്ട് സമർപ്പിച്ചു. ബിജെപി നേതാക്കളായ എബി വാജ്പേയി, എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കല്ല്യാൺ സിങ്, ഉമാഭാരതി, പ്രമോദ് മഹാജൻ, വിജയരാജ സിന്ധ്യ, വിഎച്ച്പി നേതാക്കളായ അശോക്സിംഗാൾ, ഗിരിരാജ് കിഷോർ, ശിവസേന നേതാവ് ബാൽ താക്കറെ, മുൻ ആർഎസ്എസ് നേതാവ് കെ എൻ ഗോവിന്ദാചാര്യ തുടങ്ങിയവരെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. വാജ്പേയിയും അദ്വാനിയും മുരളീമനോഹർ ജോഷിയും വ്യാജ മിതവാദികളെന്നും പള്ളിതകർക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളികളായിരുന്നെന്നും സംശയത്തിന്റെ ആനുകൂല്യം ഇവർക്ക് നൽകരുതെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇത് പാർലമെന്റിൽ ബിജെപിയുടെ കനത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനൊക്കെ
ഒടുവിൽ ലക്‌നൗവിലെ CBI പ്രത്യേക കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി വിധി പ്രസ്താവിച്ചു.
രാമജന്മഭൂമി തർക്ക കേസിന്റെ വിധിക്ക് പിന്നാലെ ഇങ്ങനൊരു വിധികൂടി വന്നതോടെ ജനങ്ങൾക്ക് നിയമ വ്യവസ്ഥയിൽ ഉള്ള വിശ്വാസംകൂടെ നഷ്ടപ്പെട്ടാൽ, ആരെയും കുറ്റം പറയാനാവില്ല. ഇതോടെ ബാബറി മസ്ജിദ് കേസ് കാലയവനികയ്ക്ക് പിന്നിലേക്ക് മറയുകയാണ്. 1980ഇൽ BJP രൂപം കൊണ്ടതുമുതൽ ഓരോ തിരഞ്ഞെടുപ്പിലും അവർ ഉയർത്തികാട്ടിയ ഒരേ ഒരു വിഷയമായിരുന്നു രാമക്ഷേത്രനിർമ്മാണം. അത് ഉടനെ തുടങ്ങുന്നതോട് കൂടി 40 വർഷത്തെ തിടഞ്ഞെടുപ്പ് വിഷയത്തിന്റെ പ്രാധാന്യം ഇല്ലാണ്ടായിരിക്കുന്നു.
ബാബറി മാജിദ് വിഷയത്തിൽ, അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കും വി പി സിങിനും അന്നത്തെ കേന്ദ്രസർക്കാറിനും കോണ്ഗ്രസ്സ് പാർട്ടിക്കും സംഗപരിവാറുകാർക്കെന്ന പോലെ പങ്കുണ്ട്, അലംഭാവം ഉണ്ടായിട്ടുണ്ട്. ആ അലംഭാവമാണ് രാജ്യത്ത് ഇന്ന് കോണ്ഗ്രസ്സിനെ ഒന്നുമല്ലാതാക്കി, 1980ഇൽ മാത്രം രൂപംകൊണ്ട 2 MP മാർ മാത്രം ഉണ്ടായിരുന്ന BJP ഒരു വടവൃക്ഷമായി മാറാൻ സഹായിച്ചത്. 1991 സജീവമായ ബാബറി മസ്ജിദ് 2021 പൂർണമായും വാർത്തകളിൽനിന്ന് മറയുന്നതോടെ കാശിയിലേക്കും മധുരയിലേക്കും നീണ്ടുകഴിഞ്ഞു സംഘപരിവാറുകാരുടെ കണ്ണുകൾ.. ബാബറി മസ്ജിദ് തകർത്തതിന് ശേഷം അവകാശം കോടതിവഴി നേടിയെടുത്തെങ്കിൽ, കാശിയിലും മധുരയിലും കോടതി വഴിതന്നെ അവകാശം നേടിയെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു, പുതിയൊരു തിരഞ്ഞെടുപ്പ് വിഷയത്തിനായി.

No comments

Powered by Blogger.