Header Ads

Header ADS

വൈരുദ്ധ്യാത്മക ഭൗതികവാദം


വൈരുദ്ധ്യാത്മക ഭൗതികവാദം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ.
ഇത് രണ്ട് തത്വശാസ്ത്രവീക്ഷണങ്ങളുടെ സങ്കലനമാണ്. ഒന്നാമതായി വൈരുദ്ധ്യാത്മകത എന്താണെന്ന് നോക്കാം.



ഹെഗൽ എന്ന ചരിത്ര-തത്വശാസ്ത്രകാരൻ്റെ വീക്ഷണമാണിത്. പരസ്പരം ഏറ്റുമുട്ടുന്ന വിരുദ്ധ ആശയങ്ങളുടെ ഫലമായി ഉണ്ടാവുന്ന നൂതന ആശയങ്ങളുടേയും, തുടർന്ന് ആവർത്തിക്കുന്ന ഏറ്റുമുട്ടലുകളും അതിലൂടെ വീണ്ടും വരുന്ന പുതിയ ആശയങ്ങളുടേയും തുടർച്ചയാണ് ചരിത്രം.
പ്രധാന ആശയം തീസിസ് എന്നും വിരുദ്ധ ആശയം ആൻ്റിതീസിസ് എന്നും ഫലം സിന്തസിസ് എന്നും അറിയപ്പെടും. പുതിയ സിന്തസിസ് പിന്നീട് തീസിസ് ആവുന്നു. പുതിയ ആൻറിതീസിസ് വരുന്നു. വീണ്ടും പുതിയൊരു സിന്തസിസ് ഉണ്ടാവുന്നു.
ഹെഗലിൻ്റെ അഭിപ്രായത്തിൽ ഇത് അനന്തമായി തുടരും. പെർഫെക്റ്റ് ആയ സിന്തസിസ് ഒരിക്കലും ഉണ്ടാവുന്നില്ല.
ഒരു ഉദാഹരണം നോക്കാം.
ചരിത്രത്തിൽ രാജ്യങ്ങളും നിയമങ്ങളും ഉണ്ടാവുന്നതിനുമുമ്പുള്ള അവസ്ഥ. ഒരുവൻ അധ്വാനിച്ച് കുറേ വിളവുണ്ടാക്കുന്നു. കുറേപ്പേർ പണിയെടുക്കാതെ വെറുതെ സമയം കളയുന്നു. പണിയെടുത്ത് പത്തായപ്പുര നിറച്ചിരിക്കുന്നവൻ്റെ അടുക്കൽ പണിയെടുക്കാത്തവർ ആയുധങ്ങളുമായി വന്ന് എല്ലാം കവർച്ച ചെയ്യുന്നു. അധ്വാനിച്ച് ഫലമുണ്ടാക്കിയിട്ടും ഗുണമില്ല എന്നുകണ്ട് ഇയാൾ പിന്നീട് കവർച്ചക്കാരുടെ വഴിയിലേക്ക് തിരിയുന്നു.
പിന്നീട് രാജാവും നിയമവുമൊക്കെയുണ്ടാവുന്നു. അധ്വാനിച്ച് സമ്പാദിച്ച് വെയ്ക്കുന്നവന് രാജാവ് പടയാളികളെക്കൊണ്ട് സംരക്ഷണം കൊടുക്കുന്നു. പക്ഷേ ഇതിന് കൃഷിക്കാരിൽ നിന്ന് കനത്ത നികുതി ചുമത്തുന്നു. കൃഷിക്കാരൻ വലയുന്നു.
കൃഷിക്കാരൻ കുറേപ്പേരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു. കനത്ത ലാഭമുണ്ടാക്കുന്നു. അങ്ങനെ അയാൾ രാജാവിന് നികുതി കൊടുത്താലും സുഖമായി കഴിയാനുള്ള വകയുണ്ടാവുന്നു.
അടിമപ്പണി ചെയ്യുന്നവരുടെ ജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമാവുന്നു. അവർ സംഘടിച്ച് വിപ്ലവം നടത്തുന്നു. ജന്മിയേയും രാജാവിനേയും ഇല്ലാതാക്കുന്നു.
പുതിയ വ്യവസ്ഥയിൽ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം വലുതാകുന്നു. അസംതൃപ്തി വളരുന്നു. വീണ്ടും പുതിയ വ്യവസ്ഥ വരുന്നു.
മുകളിലെ അഞ്ചുപാരഗ്രാഫുകളിൽ ഓരോന്നിലും ഓരോ തീസീസും ആൻറി തീസീസുമുണ്ട്. ഓരോന്നിൻ്റേയും സിന്തസിസ് അതിനടുത്ത പാരഗ്രാഫിൻ്റെ തീസിസ് ആയി വരുന്നു.
ഉദാഹരണത്തിന്, അധ്വാനം തീസിസ് കൊള്ള ആൻറി തീസിസ് അതിൻ്റെ സിന്തസിസ് ആയി രാജാവും നിയമവാഴ്ചയും എത്തുന്നു.
ഇതാണ് വൈരുദ്ധ്യാത്മകത അഥവാ ഡയലെറ്റിക്സ്. ഈ ദ്വന്ദത്തിൻ്റെ ഓരോ വശത്തും ഏതൊക്കെ വരാം എന്നതിന് കടുത്ത നിയമങ്ങളൊന്നുമില്ല.
ചരിത്രം ഒരു പുഴപോലെ ഒഴുകും. ഒരിക്കൽ ഇറങ്ങിയ പുഴയിൽ വീണ്ടുമൊരിക്കൽ കൂടി ഇറങ്ങാൻ കഴിയില്ല. കാരണം പുഴ ഓരോ നിമിഷവും മറ്റൊരു പുഴയായി മാറുന്നു.
ഹെഗലിൻ്റെ ഡയലിറ്റിക്സ് ഏതാണ്ടിങ്ങനെയൊക്കെ പറഞ്ഞൊപ്പിക്കാം.
ഹെഗൽ ഒരു പ്രത്യേകതരം ആത്മീയതാവാദിയായിരുന്നു. ആത്മീയവാദികളുടെ നോട്ടത്തിൻ മനസാണ് എല്ലാറ്റിൻ്റേയും അടിസ്ഥാനം. ഒരു കുതിരയെ കാണുന്നവൻ്റെ മനസിലുള്ള എന്തോ അതാണ് കുതിരയുടെ അസ്തിത്വം. ആ അസ്തിത്വമില്ലെങ്കിൽ കുതിര അവിടെ ഇല്ല.
മനസിൽ ഉള്ളതെന്തോ, അതാണ് സത്യം. അതാണ് ലോകം. ഇതാണ് ആത്മീയവാദികളുടെ ഒരു ലൈൻ.
ഈ ആത്മീയവാദത്തെ നിരാകരിച്ച് എന്നാൽ വൈരുദ്ധ്യാത്മകതയെ വർഗ്ഗസമരത്തിലൂടെ മുന്നോട്ടുകൊണ്ടു പോയിക്കൊണ്ട് മാർക്സ് മുന്നോട്ടുവച്ച പുതിയ തത്വശാസ്ത്ര വീക്ഷണമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം.
ലോകത്തിൽ ഉള്ളതിൻ്റെ ഒരു പ്രതിഫലനം മാത്രമാണ് മനസിൽ നടക്കുന്നത്. അതാണ് ഭൗതികവാദത്തിൻ്റെ അടിസ്ഥാനം. മതവും ദൈവവുമാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന ആത്മീയവാദം ഭൗതികവാദികൾ നിരാകരിക്കുന്നു.
അടിച്ചമർത്തപ്പെടുന്നവൻ്റെ ദുരിതം യാഥാർത്ഥ്യമാണ്. മതവും പ്രാർത്ഥനയും ദുരിതം അകറ്റുകയില്ല. അതാണതിൻ്റെ ഭൗതികവാദതലം.
പലരും ഡയലെറ്റിക്സ് അഥവാ വൈരുദ്ധ്യാത്മകത എന്നാൽ ഒരു വശത്ത് എപ്പോഴും മതം ആണെന്ന് എഴുതിക്കണ്ടു. എങ്ങനെയാണ് അത്തരം ഒരു ധാരണ പടരുന്നത് എന്നറിയില്ല.

ഷിൻടോ പോൾ

No comments

Powered by Blogger.