Header Ads

Header ADS

ആധാറും വോട്ടർ ഐഡിയും ലിങ്ക് ചെയ്‌താൽ..




"ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് ഉറപ്പാക്കണം" എന്ന ഹൈകോടതി നിർദ്ദേശം ഒരു തിരഞ്ഞെടുപ്പിനോട് അടുത്ത കാലത്തല്ലായിരുന്നുവെങ്കിൽ ഒരു സ്വാഭാവിക നിർദ്ദേശമോ പ്രതികരണമോ മാത്രമാവുമായിരുന്നു. എന്നാൽ ഇന്ന്, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന ഈ സമയത്ത് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ നിർദ്ദേശം വളരെ പ്രാധാന്യം അർഹിക്കുന്നതും എന്നാൽ അതിന് പിന്നിലെ വിഷയങ്ങൾ മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്. വോട്ടർ പട്ടികയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും കുറ്റമറ്റ മാകേണ്ടത് രാജ്യത്തിന്റെ അനിവാര്യതയാണ്. വോട്ടർ പട്ടികയിലും തെറ്റുകൾ കടന്നുകൂടാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല, എന്നാൽ സാങ്കേതിക വിദ്യ ചൊവ്വയിലെ ജലാംശത്തെക്കുറിച്ച് പഠിക്കുന്ന ഈ കാലത്ത് വോട്ടർ പട്ടികയിലെ കള്ള വോട്ടും, വോട്ട് ഇരട്ടിപ്പും ഒഴിവാക്കുന്നതിന് റോക്കറ്റ് സയൻസിന്റെ ഒന്നും ആവശ്യമില്ല. ഇലക്ഷൻ കമ്മീഷൻ ആത്മാർത്ഥമായി നടപടികൾ കൈകൊണ്ടാൽ മതിയാവും.  അതിനായി ആധാറും വോട്ടർ ഐഡിയും ലിങ്ക് ചെയ്‌താൽ മതി.നിലവിൽ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും അടക്കം എല്ലാ പ്രധാന രേഖകളും മൊബൈൽ നമ്പറും വസ്തു വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു, എന്നാൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് നിലവിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. എന്തുകൊണ്ടാണ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനെകുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നത്? തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിച് വോട്ടർ പട്ടിക പുതുക്കിയാൽ ഒരു ആധാർ കാർഡുമായി ബന്ധിപ്പിച്ച ഒരു തിരിച്ചറിയൽ കാർഡ് ഉടമയ്ക്ക് മാറ്റ് പോളിംഗ് ബൂത്തിൽ എന്നല്ല രാജ്യത്ത് തന്നെ ഒറ്റ വോട്ട് മാത്രമേ ഉണ്ടാവൂ. ഇരട്ടിപ്പ് ഉണ്ടെങ്കിൽ അവസാനം ചേർത്ത് നിയോജക മണ്ഡലത്തിലെ വോട്ട് നിലനിർത്തി മറ്റുള്ളവ സ്വാഭാവികമായും തള്ളാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയും. അതിൽ വോട്ടറുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു കൊണ്ട് നടപടി കൈകൊള്ളാവുന്നതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഒരാളുടെ പേരിൽ അയാൾ അറിഞ്ഞോ അറിയാതെയോ പുതിയ തിരിച്ചറിയൽ കാർഡ് എടുക്കാൻ കഴിയില്ല, കാരണം തിരിച്ചറിയൽ കാർഡ് അനുവധിക്കുന്നത് ആധാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്, അവിടെ ഇരട്ടിപ്പ് സാധ്യമാവില്ല. 

തിരഞ്ഞെടുപ്പ് പ്രക്രിയ ആധാറുമായി ബന്ധിപ്പിക്കുന്നതോട് കൂടി പതിനെട്ട് വയസ്സ് പൂർത്തിയാവുന്ന ഏതൊരു വ്യക്തിക്കും തന്റെ നിയോജക മണ്ഡലം, വാർഡ്, പോളിംഗ് ബൂത്ത്, വീട്ട് നമ്പർ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ആവശ്യമായ വിവരങ്ങൾ മാത്രം നൽകി വളരെ എളുപ്പത്തിൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും സമ്മതിദാനാവകാശം നിർവഹിക്കാൻ പ്രാപ്തനാവുകയും ചെയ്യാവുന്നതാണ്. സ്വയം ഇത് ചെയ്യാൻ കഴിയാത്തവർക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കാവുന്നതാണ്. 

തിരഞ്ഞെടുപ്പ് പ്രക്രിയ ആധാറുമായി ബന്ധിപ്പിക്കുന്നത്, തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ ഉലകരിക്കും. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും, മുഴുവൻ രാഷ്ട്രീയ പാർട്ടികളും ആവശ്യമായ സഹായ സഹകാരണങ്ങൾ നൽകുകയും ചെയ്യേണ്ടത് ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പുകൾ കുറ്റമാറ്റതായി നടത്താൻ അനിവാര്യമാണ്.

No comments

Powered by Blogger.