കേന്ദ്രത്തിന്റ വാക്‌സിന്‍ നയം പ്രതികൂലമായി ബാധിച്ചു; പ്രതിസന്ധിയിലേക്ക് തള്ളിവിടരുത് - മുഖ്യമന്ത്രി
പുതിയ വാക്സിൻ നയം പ്രകാരം വാക്സിൻ ഉത്പാദനകർ 50 ശതമാനം വാക്സിൻ മാത്രം കേന്ദ്രസർക്കാരിന് നൽകിയാൽ മതി. ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലേക്കുമായി മാറ്റിവയ്ക്കുകയാണ്. നിർമാതാക്കളിൽ നിന്ന് വില നൽകി വാക്സിൻ വാങ്ങാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത വലിയ പ്രയാസമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് ലഭിക്കുന്ന കോവീഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കാണ് നൽകുകയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 600 രൂപയും ഈടാക്കും. ഇത്തരത്തിൽ വാക്സിന്റെ വില കുതിച്ചുയർന്നാൽ കോവിഡ് പ്രതിസന്ധി തീർത്ത സാമ്പത്തിക വിഷമതകളിൽപ്പെട്ട സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
45 വയസിന് മുകളിലുള്ള 1.13 കോടി ആളുകൾക്ക് മേയ് 20നുള്ളിൽ വാക്സിൻ നൽകുക എന്ന ലക്ഷ്യം കൈവരിക്കാനായി ദിവസേന 2.5 ലക്ഷം പേർക്ക് വാക്സിൻ വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ വാക്സിൻ ദൗർലഭ്യം കാരണം ഇത് തടസപ്പെട്ടു. ഇനി ദിവസേന 3.70 ലക്ഷം പേർക്ക് വാക്സിൻ വിതരണം ചെയ്താൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കു. അതിനാൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് പകരം സംസ്ഥാനങ്ങൾക്ക് അർഹമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചേ മതിയാകു. വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ ആവശ്യമായ നടപടികളുമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല. ആരോഗ്യ പരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ചുമതലയാണ്. ഇത് നിറവേറ്റുന്നതിന് സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ വാക്സിൻ സൗജന്യമായി നൽകുകയും വേണം. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചുനീങ്ങണം. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments