സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഡൽഹിയിലെ എയിംസ്, ആർഎംഎൽ പോലുള്ള എതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചത്.
ഇതിൽ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന കാര്യം ഉത്തർപ്രദേശ് സർക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ചികിത്സയ്ക്ക് ശേഷം കാപ്പൻ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവിൽ പറയുന്നു.
ജാമ്യത്തിനായി കാപ്പൻ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കേസിൽ കേരള പത്രപ്രവർത്തക യൂണിയന്റെ ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു. വിശദമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന കോടതി നിരീക്ഷണത്തെ യുപി സർക്കാർ ശക്തമായി എതിർത്തിരുന്നു. ഡൽഹിയിൽ കോവിഡ് സാഹചര്യം രൂക്ഷമാണെന്നും ആശുപത്രി കിടക്ക പോലും ലഭിക്കാൻ ബുദ്ധിമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. മഥുരയിൽ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡൽഹിയിലേക്ക് മാറ്റിയാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും സോളിസറ്റർ ജനറൽ ചൂണ്ടിക്കാണിച്ചു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. തുടർന്നാണ് യുപി സർക്കാരിന്റെ നിലപാട് തേടിയ ശേഷം കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടത്.
Supreme court of India instructed UP Government to shift Mr. Siddique Kappan to Delhi AIIMS or RML Hospital. After treatment, Kappan can approach trial court for bail.
No comments