ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്? - ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്ക്
ഇത്രയും കാലം പ്രതിപക്ഷ നേതാവായിരിന്നിട്ടും ശ്രീ. രമേശ് ചെന്നിത്തല സംസ്ഥാന സർക്കാരിൻ്റെ ധനകാര്യ മാനേജ്‌മെൻ്റിനെക്കുറിച്ച് ഒന്നും പഠിച്ചില്ല എന്നത് എന്നെ അത്ഭുതപെടുത്തുന്നില്ല.
"മൂക്കറ്റം കടത്തിൽ മുങ്ങിനിൽക്കുന്ന ഒരു സംസ്ഥാനമെങ്ങനെ 5000 കോടി മിച്ചം വയ്ക്കും എന്നതാണ് അദ്ദേഹത്തിൻ്റെ പ്രധാന സംശയം. ഈ മാർച്ച് 30 ന് 4000 കോടി രൂപ കടമെടുത്തു. അത് ട്രഷറിയിലിട്ടശേഷമാണ് മിച്ചമിരുപ്പുണ്ട് എന്ന് പറഞ്ഞത്. തമാശ അവിടെയും തീരുന്നില്ല. രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാൻ കഴിയുമെന്നാണ് ധനമന്ത്രി പറയുന്നത്. അതുംകൂടി ചേർത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേർത്ത് മിച്ചമുണ്ടെന്ന് പറയുക" ഇതൊക്കെയാണ് പരിഹാസരൂപത്തിലുള്ള അദ്ദേഹത്തിൻ്റെ ആരോപണങ്ങൾ.
പ്രിയ പ്രതിപക്ഷ നേതാവേ അങ്ങേയ്ക്ക് ഇവ എഴുതി നൽകുന്ന അല്ലെങ്കിൽ ഇക്കാര്യങ്ങളിൽ അങ്ങയെ ഉപദേശിക്കുന്ന ആൾക്കാർക്കു ബുദ്ധിക്ക് അഞ്ചു പൈസയുടെ കുറവുണ്ടെന്ന് തോന്നുന്നു. സംസ്ഥാന സർക്കാരിലേക്ക് വരുന്ന എല്ലാ വരുമാനവും സഞ്ചിത നിധിയിലേക്ക് വന്നു സംസ്ഥാന സർക്കാരിൻ്റെ വരുമാനമായാണ് കണക്കാക്കുന്നത്. അല്ലാതെ പ്രതിപക്ഷനേതാവ് ധരിച്ചു വെച്ചിരിക്കുന്നതുപോലെ കടം വഴി എടുക്കുന്ന വരുമാനം ഒരു ബോക്സിലും നികുതി വരുമാനം മറ്റൊരു ബോക്സിലുമല്ല വന്നു വീഴുന്നത്.
സഞ്ചിതനിധിയിൽ വരുന്ന എല്ലാ തുകകളും സർക്കാരിൻ്റെ വിവേചനാധികാരം ഉപയോഗിച്ച് ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന മേഖലകളിൽ ചിലവഴിക്കാൻ കേരളത്തിലെന്നല്ല മറ്റു സംസ്ഥാനങ്ങളിലോ ഇനി കേന്ദ്ര സർക്കാരിനു തന്നെയോ യാതൊരു നിയന്ത്രണങ്ങളുമില്ല. അങ്ങനെ ചിലവഴിച്ചു ബാക്കിയുള്ള തുക സാമ്പത്തിക വർഷാവസാനം നോക്കുന്നതിനെയാണ് ട്രഷറി മിച്ചം എന്ന് പറയുക. ഇന്ന് അതിൻ്റെ അവസാന കണക്ക് പുറത്തു വന്നു. മാർച്ച് 31 ന് ട്രഷറിയിൽ 2808 കോടി രൂപ ബാക്കിയുണ്ടായിരുന്നു. ഈ വർഷം കടമെടുക്കാതെ അടുത്ത വർഷത്തെ വരുമാനമായി മാറ്റി വെച്ചത് 2128 കോടി. അങ്ങനെ ഈ സാമ്പത്തിക വർഷമാദ്യം സർക്കാരിനു ചിലവഴിക്കാൻ സുമാർ 4936 കോടി രൂപയുണ്ടായിരുന്നു. ഇതിൽ നിന്ന് ശമ്പളവും പെൻഷനും ആദ്യ ദിവസം വിതരണം ചെയ്തു കഴിഞ്ഞ് ഇന്ന് ബാക്കിയുള്ളത് 628 കോടി രൂപ. ഇന്ന് 2806 കോടി രൂപ തദ്ദേശ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവായി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള ക്യാഷ് മാനേജ്‌മെൻ്റിനായാണ് തുക കടമെടുക്കാതെ മാറ്റിവെച്ചിരുന്നത്. ഫിസ്കൽ മോണിറ്ററി നിയമങ്ങളും വ്യവസ്ഥകളും കൃത്യമായി പഠിച്ച് ഹോം വർക്ക് ചെയ്താലേ ഇതൊക്കെ കൃത്യമായി മാനേജ് ചെയ്യാൻ കഴിയൂ. ഉണ്ടായില്ലാ വെടിപോലെ ആരോപണങ്ങൾ ഉന്നയിക്കുന്നതുപോലെ എളുപ്പമല്ല ഈ കാര്യങ്ങൾ.
ആളോഹരി കടം തൊണ്ണൂറായിരം രൂപ, വസ്തുതാപരമായി തെറ്റാണെങ്കിലും എന്താണ് ആളോഹരികടംകൊണ്ട് അർത്ഥമാക്കുന്നത്? ആളോഹരികടമെന്നാൽ ഒരു സംസ്ഥാനത്തിൻ്റെ ആകെ കടത്തെ അവിടുത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ്. കടത്തിൻ്റെ ബാഹുല്യത്തെ സൂചിപ്പിക്കാനാണ് അതുപയോഗിക്കുന്നത്. അല്ലാതെ അത്രയും കടം ഓരോരുത്തരുടെയും പേരിലുണ്ട് എന്നല്ല. എന്നാൽ ആളോഹരി കടം പറഞ്ഞു പേടിപ്പിക്കുന്ന പ്രതിപക്ഷനേതാവ് പക്ഷെ ആളോഹരി വരുമാനത്തെക്കുറിച്ച് ഒന്നും തന്നെ പറയില്ല. പ്രാഥമിക കണക്കുകൾ പ്രകാരം കേരളതിൻ്റെ 2019-20 ലെ ആളോഹരി വരുമാനം 2,21,904 രൂപയും ആളോഹരി കടം ഏകദേശം 74,563 രൂപയുമാണ്. അപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ യുക്തിയനുസരിച്ചാണെങ്കിൽ ആളോഹരി വരുമാനത്തിൻ്റെ ഏകദേശം മൂന്നിലൊന്നാണ് ആളോഹരി കടം. മറ്റു സംസ്ഥാനങ്ങളുടെ കാര്യവും ഏകദേശം ഇതുപോലെയാണ്. പ്രതിപക്ഷ നേതാവിൻ്റെ പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ ആളോഹരി വരുമാനം കേരളത്തേക്കാൾ കുറവാണ്. 1,61,083 രൂപ. പക്ഷെ ആളോഹരി കടം കേരളത്തേക്കാൾ കൂടുതലും. 76,260 രൂപ!
ഇനി ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളുടെ കാര്യം നോക്കിയാലോ? ജപ്പാൻ്റെ ആളോഹരി കടം 90345 ഡോളർ. ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് 66,74,689 രൂപ! അമേരിക്കയുടേത് 59210 ഡോളർ. അതായത് 43,74,435 രൂപ. ആളോഹരി കടത്തിലൊന്നും വലിയ കാര്യമില്ല പ്രതിപക്ഷനേതാവേ. കടമെടുത്ത പണം ജനങ്ങളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി. അതിന് ഈ സർക്കാർ പ്രത്യേകിച്ച് തെളിവു തരേണ്ട കാര്യമില്ല. താങ്കളുടെ മണ്ഡലത്തിലുൾപ്പെടെയുള്ള സ്‌കൂളുകളും റോഡുകളും ആശുപത്രികളും നോക്കിയാൽ മതി.
ഒരു സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഒ.പി. ഒളശ്ശ എന്ന കഥാപത്രം പറഞ്ഞതുപോലെ "ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?"
ഇത്രയും കാലം പ്രതിപക്ഷ നേതാവായിരിന്നിട്ടും ശ്രീ. രമേശ് ചെന്നിത്തല സംസ്ഥാന സർക്കാരിൻ്റെ ധനകാര്യ മാനേജ്‌മെൻ്റിനെക്കുറിച്ച്...
Posted by Dr.T.M Thomas Isaac on Saturday, 3 April 2021
No comments