കടൽക്കൊലക്കേസ് അവസാനിപ്പിച്ചു. 9 വർഷത്തെ നിയമയുദ്ധത്തിന് സുപ്രീംകോടതിയിൽ അന്ത്യം
നീണ്ട ഒമ്പത് വർഷത്തെ നിയമനടപടികൾക്കൊടുവിൽ കടൽക്കൊലക്കേസ് അവസാനിപ്പിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ഇറ്റാലിയൻ നാവികർക്കെതിരായി ഇന്ത്യയിലെ എല്ലാ കേസുകളും അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഒരു ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നൽകും.
2012 ഫെബ്രുവരി 15നു വൈകുന്നേരം നാലര മണിയ്ക്കാണ് സെയ്ന്‍റ് ആന്‍റണി ബോട്ടിൽ മീൻ പിടിക്കാൻ പോയ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവർ ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ മീൻ പിടിക്കുന്നതിനിടെ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എൻറിക്ക ലെക്സി എന്ന എണ്ണ ടാങ്കർ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികൾക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. ഫെബ്രുവരി 16ന് കപ്പൽ ഇന്ത്യൻ നാവിക സേന കണ്ടെത്തി. വൻ ജനരോഷം ഉയർന്നപ്പോൾ ഫെബ്രുവരി 19നാണ് വെടിവച്ച സാൽവത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത എൻഐഎ പ്രതികളെ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്കു മാറ്റി. 2013ൽ പ്രതികൾക്ക് ഇറ്റലിക്കുപോകാൻ അനുമതി നൽകി.തുടർന്ന് ഇറ്റാലിയൻ സർക്കാരിൻ്റെ സമ്മർദത്തിനുവഴങ്ങി, പ്രതികൾക്കെതിരെ വധശിക്ഷ കിട്ടാവുന്ന സുവാ നിയമം ചുമത്തേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രതികൾ ഇറ്റലിയിൽനിന്നു മടങ്ങിവന്നെങ്കിലും പിന്നീട് ഒരാളെ ഇറ്റലിക്കു കൈമാറി. നരേന്ദ്രമോഡി സർക്കാർ വന്നശേഷം രണ്ടാമനെയും മോചിപ്പിച്ചു. തുടർന്ന് ഇന്ത്യയിലെ വിചാരണ ഒഴിവാക്കി രാജ്യാന്തര ട്രിബ്യൂണലിൻ്റെ വിധി കേന്ദ്ര സർക്കാർ അംഗീകരിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ 2020 മെയ് 21നാണ് അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇറ്റാലിയൻ സൈനികരെ ക്രിമിനൽ കേസുകളിൽനിന്ന് ഒഴിവാക്കുംമുമ്പ് ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവച്ചെന്ന് ഉറപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നിയമനടപടി അവസാനിപ്പിക്കുന്നതിനെ ശക്തമായി എതിർത്ത് നവംബറിൽ കേരളം കേന്ദ്രസർക്കാരിന് കത്ത് നൽകി.
നഷ്ടപരിഹാരത്തുക കൈമാറാതെ കേസ് അവസാനിപ്പിക്കുന്നതിനെ കേരളസർക്കാർ എതിർക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയക്കുകയും ചെയ്തു. നഷ്ടപരിഹാരം നൽകാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതിയും നിലപാടെടുത്തു. ഇറ്റലി നൽകിയ 10 കോടി നഷ്ടപരിഹാരത്തുക കെട്ടിവച്ച വിവരം ജൂൺ 11 ന് സ്‌പ്രേയിംകോടതിയെ അറിയിച്ചതോടെയാണ് കേസ് അവസാനിപ്പിക്കാനുള്ള വിധിയിലേക്ക് നീങ്ങിയത്.
ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾവരെ ഈ കേസ് ഉണ്ടാക്കി. അന്താരാഷ്ട്ര കോടതിയിൽ വരെയും കേസ് എത്തി. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് രണ്ട് നാവികര്‍ക്ക് ജന്മനാട്ടിലേക്ക് പോകാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഒരിക്കൽ കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ആയുധമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടൽക്കൊല കേസെങ്കിൽ, ഇപ്പോൾ നയന്ത്രസമ്മര്‍ദ്ദങ്ങൾക്കൊടുവിൽ മോദി സര്‍ക്കാരിന് കേസ് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. നാവികര്‍ക്കെതിരായ നിയമനടപടികൾ ഇനി ഇറ്റലി സ്വീകരിക്കും എന്ന വ്യവസ്ഥയിൽ കൂടിയാണ് കേസ് അവസാനിപ്പിച്ചത്.
Supreme Court Quashes Criminal Cases Against Italian Marines In Enrica Lexie Case Accepting Compensation. Accepting the compensation of Rupees 10 crores deposited by the Republic of Italy, the Supreme Court on Tuesday quashed the criminal proceedings pending in India against against two Italian Marines -Massimilano Latorre and Salvatore Girone - with respect to the 2012 sea-firing incident near Kerala coast which killed two Indian fishermen.
No comments