ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന - സിബി മാത്യൂസും ആർ.ബി ശ്രീകുമാറും പ്രതികളെന്ന് സി.ബി.ഐ
ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ് ഐഎസ് ( മുൻ കേരള പോലീസ് ചീഫ് ) നെയും ആര്‍ ബി ശ്രീകുമാർ ഐപിഎസ് (മുൻ ഗുജറാത്ത് ഡി ജി പി ) നെയും പ്രതികളാക്കി സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഇവർക്ക് പുറമെ കേരളാ പൊലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെ കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതികള്‍ അപായപ്പെടുത്താന്‍ വ്യാജ രേഖകള്‍ ചമച്ചെന്നും എഫ് ഐ ആറില്‍ പറയുന്നു.
പേട്ട സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലും കെ കെ ജോഷ്വ അഞ്ചും ഐ ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍ ഏഴും പ്രതികളാണ്. സിറ്റി പൊലീസ് കമീഷണറായിരുന്ന വി ആര്‍ രാജീവന്‍, എസ് ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഡാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
ഗൂഢാലോചന സംബന്ധിച്ച് സി ബി ഐയുടെ വിശദ അന്വേഷണത്തിനെതിരെ ഗുജറാത്ത് മുൻ ഡി ജി പി ആയിരുന്ന ആർ ബി ശ്രീകുമാർ ഉൾപ്പടെയുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. നമ്പി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് സ്ഥാപിച്ച് ക്രിമിനൽ കേസിൽ കുടുക്കാൻ ശ്രമമെന്നും ശ്രീകുമാർ ആരോപിച്ചിരുന്നു.
No comments