Header Ads

Header ADS

സി.കെ. ജാനുവിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ കുഴല്‍പ്പണം. ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ ആരോപണം

സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴല്‍പ്പണമാണെന്ന് ആരോപണം. തൃശ്ശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസന്വേഷണം ബി.ജെ.പി. നേതാക്കളിലേക്ക് എത്തി നിക്കുന്നതിനിടെയാണ് പാര്‍ട്ടിനേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കൊണ്ട് പുതിയ ആരോപണമുയർന്നിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

കാസര്‍കോട് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തില്‍നിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്നായിരുന്നു ബി.ജെ.പി.യിലെ ഒരു വിഭാഗം നേതാക്കള്‍തന്നെ ആരോപണമുന്നയിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പുപ്രചാരണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത്.

ബിജെപി ജില്ലാനേതാക്കളടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പണമെത്തിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പുപ്രചാരണാവശ്യത്തിനായി വാടകയ്‌ക്കെടുത്ത രണ്ടു കാറുകളിലായാണ് സംഘം യാത്രചെയ്തതെന്നാണ് ആരോപണം. ബി.ജെ.പി. നേതാക്കള്‍ മംഗളൂരുവിലേക്ക് മാര്‍ച്ച് 24-ന് പോയതിന്റെ തെളിവാണ് പുറത്തുവന്നിരിക്കുന്നത്. മാർച്ച് 24-ന് മംഗളൂരുവില്‍പോയിവന്നതിൻ്റെ യാത്രാച്ചെലവായി 30,000 രൂപ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുചെലവ് പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കിനെ ചോദ്യംചെയ്താണ് ഒരുവിഭാഗം ബിജെപി നേതാക്കള്‍ രംഗത്തുവന്നിട്ടുള്ളത്.

തൃശൂർ കൊടകരയില്‍ കവര്‍ച്ചയ്ക്കിരയായ കുഴല്‍പ്പണത്തിന്റെ സ്രോതസ്സും കാസര്‍കോടാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതോടെ പോലീസ് അന്വേഷണം കാസറഗോഡ് ജില്ലയിലെ നേതാക്കളിലേക്ക് കേന്ദ്രീകരിക്കുമോയെന്ന ഭയവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. സുൽത്താൻ ബത്തേരിയിൽ സി.കെ.ജാനുവിൻ്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നല്‍കിയ പണത്തില്‍ തിരിമറി നടന്നതായി പാര്‍ട്ടിക്കുള്ളിലുയര്‍ന്ന അഴിമതിയാരോപണങ്ങളും തര്‍ക്കങ്ങളുമാണ് പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാനിടയായത്.

സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിനുള്ള സാമ്പത്തിക ഇടപാടുകളെല്ലാം ഡിജിറ്റലായിട്ടാണ് നടത്തിയതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നെങ്കിലും സി.കെ. ജാനുവിൻ്റെ  തിരഞ്ഞെടുപ്പ് ഫണ്ട് ഡിജിറ്റലായല്ല കൈകാര്യം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ബി.ജെ.പി.യാണ് ജാനുവിൻ്റെ തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കൈകാര്യംചെയ്തിരുന്നത്.

No comments

Powered by Blogger.