Header Ads

Header ADS

കാലം സാക്ഷി, അർജന്റീന

കോപ്പ അമേരിക്ക അർജന്റീനയ്ക്ക്.
ആവേശം അലകടലായി ആഞ്ഞടിച്ച റിയോ ഡി ജനിറോയിലെ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം നേടി. മൂന്നു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം. അത് ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണിൽ, അതും ബ്രസീൽ ഫുട്ബോൾ അഭിമാന വേദിയായി കാണുന്ന മാറക്കാനയിൽ അവരെത്തന്നെ തോൽപ്പിച്ചാകുമ്പോൾ ഈ കിരീടനേട്ടത്തിന് ഇരട്ടിമധുരം. ആദ്യ പകുതിയിൽ ബ്രസീൽ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയെ കോപ്പ അമേരിക്കയുടെ അവകാശികളാക്കിയത്. രണ്ടാം പകുതിയിൽ സുനാമി തിരമാലകൾ പോലെ വന്ന ബ്രസീൽ ആക്രമണങ്ങളെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രതിരോധിച്ചാണ് അർജന്റീന കിരീടം തൊട്ടത്.കിക്കോഫ് മുതൽ ആവേശത്തിനൊപ്പം പലപ്പോഴും പരുക്കനായും മാറിയ മത്സരത്തിലാണ് എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഗോൾ ഫലം നിർണയിച്ചത്. 1993നുശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്ബോളിലെ ഇതിഹാസമായി വളർന്നപ്പോഴും സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിൽ അർജന്റീന ജഴ്സിയിൽ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. 1916ൽ തുടക്കമായ കോപ്പ അമേരിക്ക ടൂർണമെന്റിൽ 15–ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്കായി.ആദ്യ മിനിറ്റു മുതൽ പരുക്കൻ സ്വഭാവത്തിലേക്കു മാറിയ കലാശപ്പോരാട്ടത്തിൽ ബ്രസീൽ പ്രതിരോധത്തിന്റെ പിഴവിൽനിന്നാണ് എയ്ഞ്ചൽ ഡി മരിയ അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ബ്രസീലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച് അർജന്റീന താരങ്ങൾ പ്രത്യാക്രമണത്തിലേക്കു കടക്കുമ്പോൾ സ്വന്തം ബോക്സിൽ പന്ത് റോഡ്രിഗോ ഡി പോളിന്. അപകടങ്ങളൊന്നും ഒളിച്ചിരുപ്പില്ലാത്തൊരു നീക്കം.എന്നാൽ, ഡിപോളിന്റെ അപാരമായ വിഷനും കിറുകൃത്യം പാസിങ്ങും ഒത്തുചേർന്നതോടെ ആ നീക്കം അപകടകരമായത് ഞൊടിയിടയിൽ. അർജന്റീന ബോക്സിനുള്ളിൽ പന്തു ലഭിച്ച ഡി പോൾ രണ്ടു ചുവടു മുന്നോട്ടുവച്ച് പന്ത് ബ്രസീൽ ബോക്സിനു സമീപം വലതുവിങ്ങിൽ എയ്ഞ്ചൽ ഡി മരിയയ്ക്ക് മറിച്ചു. മാർക്ക് ചെയ്യാൻ നിന്ന റെനാൻ ലോധിയുടെ പിഴവ് മുതലെടുത്ത് ഓഫ്സൈഡ് കെണിയിൽ പെടാതെ പന്ത് നിയന്ത്രിച്ച് മരിയയുടെ മുന്നേറ്റം. ബ്രസീൽ പ്രതിരോധം ഒരുനിമിഷം കാഴ്ചക്കാരായതോടെ മരിയയുടെ മുന്നേറ്റം തടയാൻ ഗോൾകീപ്പർ എഡേഴ്സൻ മുന്നോട്ട്. എന്നാൽ, എഡേഴ്സനെ കാഴ്ചക്കാരനാക്കി മരിയ ചിപ് ചെയ്ത പന്ത് വലയിൽ. സ്കോർ 1–0.

No comments

Powered by Blogger.