Header Ads

Header ADS

മുട്ടിൽ മരംമുറിക്കേസ് - പ്രധാന പ്രതികൾ പിടിയിൽ

മുട്ടില്‍ മരംമുറിക്കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടി. സഹോദരങ്ങളായ, വയനാട് മുട്ടില്‍ വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിന്‍ (47), ആന്റോ അഗസ്റ്റിന്‍ (32), ജോസ്‌കുട്ടി അഗസ്റ്റിന്‍ (38), ഡ്രൈവര്‍ എം.വി. വിനീഷ് എന്നിവരെയാണ് കുറ്റിപ്പുറം പാലത്തില്‍വെച്ച് പിടികൂടിയത്. പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹർജി കഴിഞ്ഞ ദിവസം ഹൈ കോടതി തള്ളിയിരുന്നു. തുടർന്നാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. 

പ്രതികളായ സഹോദരങ്ങളുടെ അമ്മ ഇത്താമ അഗസ്റ്റിന്‍ ബുധനാഴ്ച വെളുപ്പിനു മരിച്ചതറിഞ്ഞ് കാറില്‍ തൃശ്ശൂര്‍ ഭാഗത്തുനിന്ന് വയനാട്ടിലേക്കു പോകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് കാത്തിരുന്നു പിടികൂടുകയായിരുന്നു. 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ആരെയും അറസ്റ്റുചെയ്യാത്തതിനെ ചൊവ്വാഴ്ച ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബുധനാഴ്ച രണ്ടുമണിയോടെ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു എടപ്പാളില്‍വെച്ച് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശനും സംഘത്തിനും കൈമാറി. ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യംചെയ്തു.

എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് ചോദ്യംചെയ്തത്. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും എത്തിയിരുന്നു.

 മുട്ടിൽ മരംമുറിക്കേസ് - പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പ്രതികളെ എത്തിക്കുംമുമ്പ് പോലീസ് ക്ലബ്ബില്‍ എ ഡി ജി പിയും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേര്‍ന്നു. നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഡ്രൈവറുടെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും എ ഡി ജി പി പറഞ്ഞു. നാലുപേരെയും വ്യാഴാഴ്ച വയനാട്ടിലെത്തിക്കും. 2020 ഒക്ടോബര്‍ 24-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ മുട്ടില്‍ സൗത്ത് വില്ലേജ് പരിധിയില്‍നിന്ന് അനധികൃതമായി ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആന്റോ 64-ാം പ്രതിയും റോജി 69-ാം പ്രതിയും ജോസ്‌കുട്ടി 63-ാം പ്രതിയുമാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

No comments

Powered by Blogger.