ഹൈദരലി തങ്ങള്‍ക്ക് ഇഡി നോട്ടീസ്, കാരണം കുഞ്ഞാലിക്കുട്ടി. രൂക്ഷവിമര്‍ശനവുമായി മൊയീന്‍ അലി
മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി ശിഹാബ് തങ്ങൾ. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇ ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ 40 വര്‍ഷമായി മുസ്ലീം ലീഗിൻ്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയീന്‍ അലി തുറന്നടിച്ചു. ചന്ദ്രിക പത്രത്തിലെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദികൾ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞുമാണെന്നും, ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ലീഗ് ഹൗസില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മൊയീന്‍ അലി ആരോപിച്ചു. ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ മൂലം ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മൊയീന്‍ അലി തങ്ങള്‍ പറഞ്ഞു.
പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയില്‍ മാത്രം ചുരുങ്ങിപ്പോയി. ചന്ദ്രികയിലെ ഫിനാന്‍ഡ് ഡയറക്ടറായ ഷമീര്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ഷമീര്‍ ചന്ദ്രികയില്‍ വരുന്നതുപോലും താന്‍ കണ്ടിട്ടില്ല. ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് 12 കോടിയുടെ ബാധ്യതയിലേക്ക് വരെ എത്തിച്ചത്. എന്നിട്ടും ഫിനാന്‍സ് ഡയറക്ടറെ സസ്‌പെന്‍സ് ചെയ്യാനുള്ള നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. ചന്ദ്രികയുടെ അഭിഭാഷകന്‍ മുഹമ്മദ് ഷാ വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു മൊയീന്‍ അലി കുഞ്ഞാലിക്കുട്ടിക്കെതിരേ തുറന്നടിച്ചത്. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ചതോടെ വാര്‍ത്താ സമ്മേളനത്തിനിടെ മൊയീന്‍ അലിക്കെതിരേ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇതോടെ വാര്‍ത്താ സമ്മേളനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
No comments