Header Ads

Header ADS

പൊന്നാണ് നീ നീരജ്... നന്ദി, നൂറ്റാണ്ടിൻ്റെ കാത്തിരിപ്പ് അവസാനിപ്പിച്ചതിന്

പൊന്നാണ് നീ നീരജ്. നന്ദി, നൂറ്റാണ്ടിൻ്റെ കാത്തിരിപ്പ് അവസാനിപ്പിച്ചതിന്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് മൂടിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍  87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക്‌സ് അത്ലറ്റിക്സ്  ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ തൻ്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണം എറിഞ്ഞിട്ടത്. ചെക്ക് റിപ്പബ്ലിക്കിൻ്റെ താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച്  (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.

തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ നീരജ് ആദ്യ ശ്രമത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ താരം 87.03 മീറ്റര്‍ ദൂരം കണ്ടെത്തി വരവറിയിച്ചു. പ്രാഥമിക റൗണ്ടില്‍ കണ്ടെത്തിയ ദൂരത്തേക്കാള്‍ മികച്ച പ്രകടനമാണ് ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യന്‍ താരം കണ്ടെത്തിയത്. ആദ്യ റൗണ്ടില്‍ നീരജ് തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 

രണ്ടാം റൗണ്ടില്‍ ആദ്യ റൗണ്ടിനേക്കാള്‍ മികച്ച പ്രകടനമാണ് ചോപ്ര പുറത്തെടുത്തത്. ഇത്തവണ താരം 87.58 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ചോപ്രയ്ക്ക് അടിതെറ്റി. ലാന്‍ഡിങ്ങില്‍ പിഴവ് വരുത്തിയതോടെ താരത്തിന് വെറും 76.79 മീറ്റര്‍ ദൂരം മാത്രമാണ് കണ്ടെത്താനായത്. പക്ഷേ രണ്ടാം റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ചോപ്ര തന്നെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം റൗണ്ട് അവസാനിച്ചപ്പോള്‍ അതുവരെയുള്ള പ്രകടനങ്ങളില്‍ മുന്നിട്ടുനിന്ന എട്ടുപേര്‍ ഫൈനലിലേക്ക് യോഗ്യത നേടി. നാലുപേര്‍ പുറത്തായി. ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ചോപ്ര ഫൈനലിലെത്തിയത്. 

നാലാം റൗണ്ടിലും അഞ്ചാം റൗണ്ടിലുമുള്ള നീരജിൻ്റെ ശ്രമങ്ങള്‍ ഫൗളില്‍ കലാശിച്ചു. ആറാം ശ്രമത്തില്‍ താരം 84.24 മീറ്റര്‍ കണ്ടെത്തി അപ്പോഴേക്കും ചോപ്ര സ്വർണം ഉറപ്പിച്ചിരുന്നു. മത്സരത്തില്‍ നീരജിൻ്റെ അടുത്തെത്താന്‍പോലും ഒരു താരത്തിനും കഴിഞ്ഞില്ല. പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍, നീരജിൻ്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. ഇതിന് മുന്‍പ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 88 മീറ്റര്‍ പിന്നിട്ടിരുന്നു. 88.06 മീറ്റര്‍ എറിഞ്ഞാണ് അന്ന് സ്വര്‍ണമണിഞ്ഞത്.  

ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിന് മുന്‍പ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയത്. 1900 പാരിസ് ഗെയിംസില്‍. അതിനുശേഷം മില്‍ഖാസിങ്ങിനും പി.ടി.ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബോബി ജോര്‍ജ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഒളിമ്പിക്‌സിൻ്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന പതിനൊന്നാമത്തെ സ്വര്‍ണമാണിത്.



You're gold, Neeraj. Thank you for ending the wait for the century. Thank you Tokyo. For covering the wait of 130 crore people. For making history by presenting India with an athletic gold at the Olympics. Neeraj Chopra, a junior commissioned officer of the Army, won gold by throwing 87.58 meters in the men's javelin throw. This is the first medal won by an Indian in the history of Olympic athletics. Neeraj Chopra is the second Indian to win individual gold after Abhinav Bindra. This is the first time since Beijing that India has won gold at the Olympics. Neeraj threw gold in his second attempt in the final. Czech Republic stars Yakub Wadlich (86.67 meters) won silver and Vitesse Lavwesley (85.44 meters) took bronze.


No comments

Powered by Blogger.