Header Ads

Header ADS

കൽക്കരി ക്ഷാമം രൂക്ഷം. 5 വൈദ്യുതി പ്ലാന്റുകൾ അടച്ചു. ഇരുട്ടിലേക്കോ ഇന്ത്യ?

കൽക്കരിക്ഷാമം രൂക്ഷമായതോടെ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇരുട്ടിലാകുമെന്ന ആശങ്ക ശക്തമായി. പഞ്ചാബിൽ വിവിധ സമയങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തി. അഞ്ച് ദിവസത്തെ പ്രവർത്തനത്തിനുള്ള കൽക്കരി മാത്രമാണു ശേഷിക്കുന്നതെന്നു പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ ലിമിറ്റഡ് വിശദീകരിച്ചു. 

രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും പവർ കട്ട് മുന്നറിയിപ്പു നൽകി. പഞ്ചാബിൽ 4 താപ വൈദ്യുതനിലയ യൂണിറ്റുകളും ഗുജറാത്തിലെ മുന്ദ്രയിൽ ടാറ്റാ പവറിന്റെ പ്ലാന്റും പ്രവർത്തനം നിർത്തി. വൈദ്യുത നിലയങ്ങൾക്കുള്ള കൽക്കരി വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ അടുത്ത ദിവസം ഡൽഹി ഇരുട്ടിലാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നറിയിപ്പു നൽകി. 

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയും ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതി. അതേസമയം പ്രതിസന്ധിയില്ലെന്നാണു കേന്ദ്രസർക്കാർ വിശദീകരണം. രാജ്യത്ത് 4 ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്കുണ്ടെന്നും ഓരോ ദിവസവും ഈ സംഭരണം പൂർണമാണെന്ന് ഉറപ്പു വരുത്തുന്നുണ്ടെന്നും കേന്ദ്ര ഊർജ മന്ത്രി ആർ‍.കെ. സിങ് പറഞ്ഞു. ഗ്യാസ് വിതരണത്തിലും വീഴ്ച വരില്ലെന്നു മന്ത്രി പറഞ്ഞു.

കേരളത്തിലും പവർകട്ട് വേണ്ടിവരും

രാജ്യം നേരിടുന്ന ഗുരുതരമായ കൽക്കരി ക്ഷാമം കേരളത്തെയും ബാധിച്ചതായും വരും ദിവസങ്ങളിൽ സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും.

കഴിഞ്ഞ ദിവസം കൂടംകുളത്തു നിന്നു 30% വൈദ്യുതി മാത്രമാണു ലഭിച്ചത്. കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവും വന്നിട്ടുണ്ട്. ഇങ്ങനെ പോയാൽ അടുത്തുതന്നെ സംസ്ഥാനത്തു പവർകട്ട് വേണ്ടിവരും. അതേസമയം, എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ പവർകട്ട് ഏർപ്പെടുത്താതെ നോക്കുമെന്നും മന്ത്രി പറഞ്ഞു.  

ഉൽപാദനം  കൂട്ടി കേരളം

കേന്ദ്രവിഹിതത്തിൽ കുറവ് വന്നതോടെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ പകുതിയും സ്വയം ഉൽപാദിപ്പിച്ച് കേരളത്തിലെ വൈദ്യുത നിലയങ്ങൾ. സംസ്ഥാനത്തെ നിലയങ്ങളിലെ വൈദ്യുതി ഉൽപാദനം പരമാവധിയിലാണിപ്പോൾ. ഈ മാസം സംസ്ഥാനത്തെ ശരാശരി ഉപയോഗം പ്രതിദിനം 72.23 ദശലക്ഷം യൂണിറ്റ് ആണ്. ഇതിൽ ശരാശരി 34.48 ദശലക്ഷം യൂണിറ്റാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്.

രാജ്യത്തെ കൽക്കരി വിതരണം 3–4 ദിവസത്തിനുള്ളിൽ സാധാരണ നിലയിലാകും. വൈദ്യുതി പ്ലാന്റുകളിൽ 72 ലക്ഷം ടൺ കൽക്കരി നിലവിലുണ്ട്. 4 ദിവസത്തേക്ക് ഇതുമതിയാകും. കൂടാതെ കോൾ ഇന്ത്യ ലിമിറ്റഡിന്റെ പക്കൽ 4 കോടി ടണ്ണിലേറെയുണ്ട്. ഇതു വൈദ്യുതി നിലയങ്ങളിലേക്കു വിതരണം ചെയ്യും.


No comments

Powered by Blogger.