നെടുമുടി വേണു അന്തരിച്ചു. അഭിനയത്തിൻ്റെ അതുല്യ പ്രതിഭ അരങ്ങൊഴിഞ്ഞു
മലയാളത്തിൻ്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയിൽനിന്നു കുണ്ടമൻ കടവിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻഎസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായി. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.
ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.
കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ സജീവമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. ‘അവനവൻ കടമ്പ’ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി.
അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം സജീവമാക്കിയത്. പിന്നാലെ വന്ന ഭരതൻ്റെ ‘ആരവ’വും ‘തകര’യും വേണുവിലെ അഭിനയപ്രതിഭയെ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത ‘കൈരളീവിലാസം ലോഡ്ജ്’ എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.
Malayalam actor Nedumudi Venu (73) has passed away. He has been undergoing treatment in the intensive care unit of a private hospital in Thiruvananthapuram since Sunday. The body was taken from the hospital to the house at Kundaman Kadavu. Funeral Tuesday at the Gate of Peace with official honors. He was born on May 22, 1948, the son of PK Keshavan Pillai and Kunjikuttyamma, who were teachers in Nedumudi, Alappuzha district. Venu was born as Venugopal. Educated at Nedumudi NSS Higher Secondary School, Champakulam St. Mary's Higher Secondary School and Alappuzha SD College. He was active in cultural and artistic activities during his college days. He also worked as a parallel college teacher for some time. He became active in the art world by performing mimicry and plays with director Fazil, a college classmate.
Venu is considered as one of the most talented actors in Indian cinema and has acted in more than 500 films. Venu, who filled the curtain as the protagonist, villain and character actor, performed magnificently, including character roles and funny roles. He became one of the most acclaimed actors in Indian cinema with his unique acting style and talent. It has won the National Film Award three times and the State Film Award six times. He has also written a few films. Wife: T.R. Susheela. Children: Unni Gopal and Kannan Gopal.
No comments