Header Ads

Header ADS

രക്തബന്ധത്തിൽ പെട്ടവരുമായുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റകൃത്യമാക്കും, നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്

രക്തബന്ധത്തിൽ പെട്ടവരുമായുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കാനും നിരോധിക്കാനും ഫ്രഞ്ച് സര്‍ക്കാര്‍. അഗമ്യഗമനം(ഇന്‍സെസ്റ്റ്) ക്രിമിനല്‍ കുറ്റകൃത്യമാക്കുന്ന പുതിയ നിയമം രാജ്യത്ത് ഉടന്‍തന്നെ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. 1791-ലാണ് അഗമ്യഗമനവും പ്രകൃതിവിരുദ്ധ ഭോഗവും മതനിന്ദയുമെല്ലാം ഫ്രാന്‍സില്‍ കുറ്റകരമല്ലാതാക്കിയത്. 231 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സില്‍ അഗമ്യഗമനം കുറ്റകരമാക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗികബന്ധത്തിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ചില്‍ഡ്രന്‍ അഡ്രിയേന്‍ ടാക്വെ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 18 വയസ്സിന് മുകളിലുള്ള കുടുംബാംഗങ്ങളുമായുള്ള ലൈംഗികബന്ധം ഫ്രാന്‍സില്‍ കുറ്റകരമല്ല. 

പ്രായപൂര്‍ത്തിയായവരായാലും രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ള ലൈംഗികബന്ധം പുതിയ നിയമപ്രകാരം ഫ്രാന്‍സില്‍ ക്രിമിനല്‍ കുറ്റകൃത്യമാകും. അതേസമയം, രണ്ടാനച്ഛന്‍, രണ്ടാനമ്മ, വളര്‍ത്തുമക്കള്‍ തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുമോ എന്നതില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 'ഏത് പ്രായക്കാരും ആകട്ടെ, നിങ്ങള്‍ക്ക് അച്ഛനുമായോ മകനുമായോ മകളുമായോ ലൈംഗികബന്ധം പാടില്ല. പ്രായമോ മുതിര്‍ന്നവരുടെ സമ്മതമോ ഇതില്‍ ഒരു ചോദ്യമല്ല. അഗമ്യഗമനത്തിനെതിരേയാണ് ഞങ്ങള്‍ പോരാടുന്നത്. സൂചനകള്‍ കൃത്യമാണ്'- പുതിയ നിയമനിര്‍മാണത്തെക്കുറിച്ച് ഇങ്ങനെയായിരുന്നു അഡ്രിയേന്‍ ടാക്വെയുടെ പ്രതികരണം. 

യൂറോപ്പിലെ മിക്ക രാജ്യങ്ങളും രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗികബന്ധം നിരോധിച്ചിട്ടുണ്ട്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ ഫ്രാന്‍സും ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടും. നേരത്തെ പ്രമുഖ രാഷ്ട്രീയ നേതാവായ ഒളിവര്‍ ഡുഹാമേല്‍ വളര്‍ത്തുമകനെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണമുയര്‍ന്നത് രാജ്യത്ത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് ഈ ആരോപണങ്ങള്‍ ശരിയാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചെങ്കിലും നിയമനടപടിയുണ്ടായില്ല. യുവാവുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാത്തതിനാലാണ് അദ്ദേഹത്തിനെതിരേ കുറ്റം ചുമത്താതിരുന്നത്. 


No comments

Powered by Blogger.