Header Ads

Header ADS

എന്താണ് സംരംഭക വർഷം - പി രാജീവ്

എന്താണ് സംരംഭക വർഷം - പി രാജീവ്
ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കുക എന്ന ഉദ്ദേശത്തോടു കൂടി സംസ്ഥാന സർക്കാരും വ്യവസായ വകുപ്പും വിവിധ വകുപ്പുകളും ചേർന്ന് ആരംഭിച്ച ഒരു പ്രോജക്ട് ആണ് "സംരംഭക വർഷം" എന്നത്.

സംരംഭക വർഷത്തെക്കുറിച്ച് വ്യവസാ വകുപ്പ് മന്ത്രി പി. രാജീവ് എഴുതുന്നു.

കേരളത്തിൽ ഒന്നും നടക്കുന്നില്ല, ഇവിടെ മനുഷ്യർക്ക് ജീവിക്കാൻ പറ്റുന്നില്ല, ഇവിടെ ആകെ നരകമാണ്, ഇവിടെനിന്നും ആളുകൾ ഓടിരക്ഷപ്പെടുകയാണ് എന്നൊരു കഥ മിത്രങ്ങളുടെ കൊട്ടേഷനെടുത്ത കുറേപ്പേർ പറഞ്ഞു നടക്കുന്നുണ്ട്.

ആദ്യമായാണല്ലോ മലയാളികൾ നാടുകടക്കുന്നത്! അതുകൊണ്ടു ആ കഥ പറച്ചിൽ അങ്ങിനെ നടക്കട്ടെ. നമ്മൾ ഒരു ജനാധിപത്യ രാജ്യമാണ്; ആളുകൾക്ക് ഏതുതരം കഥ പറയാനും സ്വാതന്ത്ര്യമുണ്ട്. അതിന്റെ നെല്ലും പതിരും വേർതിരിച്ചറിയാനുള്ള ബുദ്ധിയുള്ളതുകൊണ്ടാണല്ലോ നമ്മൾ കേരളമായി ഇപ്പോഴും ഇരിക്കുന്നത്. 

അപ്പോഴും കേരളത്തിന്റെ പൊട്ടൻഷ്യലനുസരിച്ച് ഇവിടെ സംരംഭങ്ങൾ വേണ്ടത്രയില്ല എന്നത് സത്യമാണ്. ഉള്ളതുതന്നെ ലോകത്തു നടപ്പുള്ള കൊള്ളാവുന്ന  മാനേജ്‌മെന്റ് പ്രാക്ടീസുകൾ അവലംബിക്കാറുമുമില്ല. ഒന്നുകിൽ ഓരോ ദിവസവും കടന്നുപോകണം എന്ന ചിന്ത കൊണ്ടുനടക്കുക; അല്ലെങ്കിൽ കൊക്കിലൊതുങ്ങാത്തതു വിഴുങ്ങി അകാലത്തിൽ മരിച്ചുപോവുക. ഇതാണ് പൊതുവെ കാണുക. 

അങ്ങനെയല്ലാതെ, മെച്ചപ്പെട്ട മാനേജ്‌മെന്റ് പ്രാക്റ്റിസുകൾ നടപ്പാക്കിയ കമ്പനികൾ, സിന്തൈറ്റ് മുതൽ തെരുമോ പെൻപോൾ മുതൽ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സും  വി കെ സിയുമടക്കം ലോക നിലവാരത്തിലേക്ക് പോകുന്ന കമ്പനികൾ ഏറെമുണ്ട്; എന്തിന്, 140 കൊല്ലമായ മലയാള മനോരമ പോലും ഉഷാറായി ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്.

***

പത്തിരുപതുകൊല്ലം ഈ രംഗത്തുള്ള മനുഷ്യരുമായി ഇടപെട്ടു പ്രവർത്തിച്ചപ്പോൾ എനിക്ക് മനസിലായ ഒരു കാര്യം സംരംഭകരെ വെറുപ്പിച്ചും കഷ്ടപ്പെടുത്തിയും  ഇവിടെനിന്നോടിക്കുന്നതിൽ ഒരു പ്രധാന പങ്ക് സർക്കാർ സംവിധാനത്തിനാണ്. നമ്മൾ 'വെള്ളാനകളുടെ നാട്ടി'ലും 'മിഥുന'ത്തിലും ഒക്കെ കണ്ട ഉദ്യോഗസ്‌ഥരെ കാണാൻ നമ്മുടെ ഓഫീസുകളിൽ വലിയ ബുദ്ധിമുട്ടൊന്നുമില്ല. 

കഴിഞ്ഞ ദിവസമാണ് ഒരു റിപ്പോർട്ട് കണ്ടത്:  സർക്കാർ നിബന്ധനകൾ മുഴുവൻ പാലിച്ചിട്ടും ഇല്ലാത്ത നിയമം (അഗ്നിശമന സംവിധാനവുമായി ബന്ധപ്പെട്ട്) പറഞ്ഞു ഒരു സംരംഭകനെ പത്തനംതിട്ട ജില്ലയിലെ ഒരു പഞ്ചായത്തു സെക്രട്ടറി ആറുമാസത്തിലധികം ഓടിച്ചിട്ടു അയാൾക്ക്‌ ലക്ഷങ്ങളുടെ പണ നഷ്ടവും അവസര നഷ്ടവും ഉണ്ടാക്കിയത്. വ്യവസായ വകുപ്പ് ഉദ്യോഗസ്‌ഥർ ഇടപെട്ടിട്ടും പഞ്ചായത്തു സെക്രട്ടറി മുരട്ടുവാദത്തിൽ ഉറച്ചുനിന്നു. 

ഇത്തരം മുരട്ടുകാളകളുടെ കൊമ്പൊടിക്കുക എന്നതാണ് ശരിക്കും ഈ സംരംഭക വർഷം കൊണ്ട് സംഭവിക്കേണ്ടത്.

അതെങ്ങിനെ സംഭവിക്കും? 

ഇപ്പോൾ ഒരു ലക്ഷത്തിമുപ്പതിനായിരം സംരംഭങ്ങൾ എന്നോമറ്റോ ആണ് മന്ത്രി രാജീവ് പറഞ്ഞത്. ആയിരം പഞ്ചായത്ത് എന്ന് കണക്കാക്കിയാൽ ഒരു പഞ്ചായത്തിൽ 130 സംരംഭം. ഇനി ഇതിൽ 90 ശതമാനവും 'ലക്ഷണമൊത്ത കള്ളങ്ങളാണ്' എന്ന് വയ്ക്കുക. 

അങ്ങിനെ വയ്ക്കാമോ എന്ന് നിങ്ങൾ ചോദിക്കും. മിത്രങ്ങളുടെയും അവരുടെ ഏജന്റുകളുടെയും ആശ്വാസത്തിനു വേണ്ടി അങ്ങിനെ വയ്ക്കുക. 

അപ്പോഴും ഓരോ പഞ്ചായത്തിലും ഒരു പതിമൂന്നെണ്ണം വച്ച് ബാക്കി വരും. 

പല ലൈസന്സുകളും ഇപ്പോൾ ഓൺലൈൻ ആക്കിയിട്ടുണ്ട്; പലതും ഡീംഡ് ലൈസൻസ് ആക്കിയിട്ടുണ്ട്. എങ്കിലും മുൻപ് പറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയെപ്പോലെ ചിലരൊക്കെ ചില അനുമതികൾക്കു ഉടക്കിടും.

മുകളിൽ ഉള്ളവർ പറഞ്ഞാൽ ഈ മുരട്ടുകാളകളൊക്കെ മിണ്ടാതെ ഉരിയാടാതെ അവരുടെ ജോലി ചെയ്യും. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ പറഞ്ഞാൽ.

അവിടെയാണ് മന്ത്രി പറഞ്ഞ പഞ്ചായത്ത് തല-നിയോജകമണ്ഡലം-തല ജില്ലാതല അവലോകനത്തിന്റെ പ്രസക്തി. ഉടക്കുപാർട്ടികളോട് അവിടെ ചോദ്യങ്ങളുണ്ടാകും; ഉത്തരം പറയേണ്ടിവരും.  

കുറച്ചുകാലം കൊണ്ട് ഈ ഇക്കൂട്ടർക്ക് മനസിലാകും ഉടക്കിടലല്ല, നിയമം അനുസരിക്കുന്നവർക്കു അനുകൂലമായ സാഹചര്യം ഉണ്ടാക്കിക്കൊടുക്കലാണ് തങ്ങളുടെ പണി എന്ന്. മുൻപിൽ നിൽക്കുന്ന അപേക്ഷകന്റെ  പിറകിൽ സർക്കാറുണ്ട് എന്ന് അവർക്കു മനസിലായാൽ  പണി വേഗത്തിലാകും.

അങ്ങിനെ ഒരു സിസ്റ്റമിക് ചെയ്ഞ്ച് പതുക്കെ ആയാലും കേരളത്തിൽ വന്നേനെ.

ഈ സംരംഭങ്ങളൊക്കെ ലക്ഷണമൊത്ത കള്ളങ്ങളാണ് എന്ന് പ്രചരിപ്പിക്കുന്നവർ മുഴുവൻ മുരട്ടുകാളകൾക്കും വാദമുന്നയിക്കാൻ ഒരവസരം കൊടുക്കുകയാണ്. ഒക്കെ കള്ളന്മാരാണ്, അന്വേഷിച്ചു പതുക്കെ കൊടുക്കാം എന്ന നിലപാട് അവർക്കെടുക്കാം; അവലോകനം നടത്തുന്നവരും ഇത്തിരികഴിയുമ്പോൾ മടുക്കും. 

കേരളത്തിൽ ഒന്നും നടക്കാത്തതുകൊണ്ടു ചെറുപ്പക്കാരൊക്കെ ഓടുന്നേ എന്ന് പറയുന്ന അതെ ആളുകൾ തന്നെ ഈ ലക്ഷം സംരംഭങ്ങളും ലക്ഷണമൊത്ത കള്ളങ്ങളാണ് എന്ന് പ്രചരിപ്പിക്കുമ്പോൾ അവർ തടയിടുന്നത് ഈ സംസ്‌ഥാനത്തു മെച്ചപ്പെട്ട ഒരു സംരംഭക സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയെയാണ്.  

ആരോടാണ് തങ്ങളുടെ പ്രതിബദ്ധത എന്ന് ഇക്കൂട്ടർ പരിശോധിക്കും എന്ന് മന്ത്രി രാജീവ് സ്വപ്നത്തിൽ പോലും കരുതരുത്. അവരുടെ ഭാഗത്തുനിന്ന് ഗുണപരമായ വിമർശനങ്ങളെഎങ്കിലും വരും എന്നുപോലും  പ്രതീക്ഷിക്കയുമരുത്. 

പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളും നിരന്തര അവലോകങ്ങളും  സമയബന്ധിതമായ തെറ്റുതിരുത്തലും കൊണ്ട് മാത്രമേ ഇക്കൂട്ടരുടെ പാരകളെയും കുത്തിത്തിരുപ്പുകളെയും മറികടക്കാൻ കഴിയൂ.

No comments

Powered by Blogger.