വ്യാജ വാർത്ത നിർമിതിയോ നവലോക മാധ്യമ പ്രവർത്തനം?
മാധ്യമ സ്ഥാപനങ്ങൾ അവനവന് വേണ്ട വാർത്തകൾ നിർമിക്കുന്ന ഫാക്ടറികൾ അല്ല. അവനവന് വേണ്ടാത്ത വാർത്തകൾ കുഴിച്ച് മൂടുന്ന ശവപ്പറമ്പുകളും അല്ല.
വ്യജ വാർത്തകൾ കൃത്രിമമായി നിർമ്മിക്കുന്ന പണിയുമല്ല മാധ്യമ പ്രവർത്തകരുടേത്..
ഇത് മാധ്യമ പ്രവർത്തകരുടെ ഏറ്റവും അടിസ്ഥാനപരമായ പാഠമാണ്.. അതാണ് മാധ്യമ ധർമ്മവും. ഇതിൽനിന്ന് വ്യതിചലിച്ച് വാർത്തകൾ നിർമ്മിച്ച് വിൽപ്പന നടത്താൻ തുടങ്ങിയാൽ അത് മറ്റേത് കച്ചവടവും പോലെ ഒന്ന് മാത്രമാവും. പിന്നെ മാധ്യമ ധർമ്മം പത്ര സ്വാതന്ത്യം എന്നൊന്നും പറഞ്ഞ് മുറവിളി കൂട്ടുന്നതിൽ അർഥമില്ല.
സ്വയം വിമർശനാത്മകമായി ചിന്തിക്കുകയും കൂട്ടത്തിൽ ഒരാളോ ഒന്നിലധികം പേരോ ഒരു സ്ഥാപനമോ മാധ്യമ ധർമത്തിന് നിരക്കാത്ത പണി ചെയ്താൽ, മാധ്യമ ധർമ്മം ഉണ്ടെന്ന് അവകാശ പെടുന്ന എല്ലാവരും അവരെ വെള്ള പൂശാൻ ഇറങ്ങുകയല്ല വേണ്ടത്.
"ഞങ്ങളിൽ ഒന്നിനെ തൊട്ടെന്നാൽ..." എന്ന ലൈനാണെങ്കിൽ പിന്നെ ഇതേ പ്രവർത്തി ചെയ്യുന്ന മറ്റ് യൂണിയൻകാരുടെ മോശം പ്രവർത്തിയെ ചോദ്യം ചെയ്യാൻ ഇറങ്ങരുത്, അച്ചുനിരത്തരുത്, അന്തി ചർച്ച നടത്തരുത്.. അതിന് നിങ്ങൾക്ക് അവകാശമില്ല.
"ക്രഡിബിലിറ്റി മറ്റേഴ്‌സ്" എന്നൊന്നുണ്ട്, അത് പോയാൽ പിന്നെ BBC തൊട്ട് മറുനാടൻ മലയാളിക്ക് വരെ ഒരേ വിലയെ ജനങ്ങളുടെ ഇടയിൽ ഉണ്ടാവൂ.
ഒരു മാധ്യമ പ്രവർത്തകനും സർവ്വ വിജ്ഞാനകോശമല്ല, അങ്ങനെ ആണെന്ന് ധരിക്കുകയും അരുത്. അങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ പിന്നെ ചെയ്യുന്നതൊക്കെ മണ്ടത്തരങ്ങൾ ആയിരിക്കും. അറിവില്ലാത്ത കാര്യങ്ങൾ അറിയുന്നവരോട് ചോദിച്ച് പഠിക്കുക തന്നെ വേണം, അതിന് ഒരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല. അല്ലാതെ പാതി അറിവുമായി നാണംകെടരുത്.
മാധ്യമ പ്രവർത്തകരെക്കാൾ അറിവുള്ള ഒരുപാട് ആളുകൾ സമൂഹത്തിൽ ഉണ്ട്, അവരുടെ മുന്നിലേക്കാണ് നിങ്ങൾ പല മടത്തരങ്ങളും കെട്ടി ഇറക്കുന്നത്. അവിടെ നിങ്ങൾ പരിഹസ്യരാവുകയാണ് ചെയ്യുന്നതെന്ന് ചില്ലുമേടയിലെ വെള്ളി വെളിച്ചത്തിൽ വിരാജിക്കുന്ന നിങ്ങൾ അറിയുന്നില്ല കാരണം നിങ്ങൾ അറിവുള്ള സാധരണ ജനങ്ങളിൽനിന്ന് ഒരുപാട് അകന്ന് പോയിക്കഴിഞ്ഞു..
പിണറായി തൊട്ട് ഇ.എം.എസ് വരെയുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ പുറകോട്ട് ക്രമമായി പറയാൻ കഴിയുന്ന എത്ര മാധ്യമ പ്രവർത്തകർ ഉണ്ട് ഇന്ന് കേരളത്തിൽ. സ്വയം വിമർശനാത്മകമായി ചിന്തിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും നിങ്ങൾ എവിടെ നിൽക്കുന്നു എന്ന്.
No comments