അനുര കുമാര ദിസനായകയുടെ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനം അആരംഭിച്ചു
ശ്രീലങ്കൻ പ്രസിഡൻ്റ് ശ്രീ. അനുര കുമാര ദിസനായക മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഡൽഹിയിൽ എത്തി. ഡിസംബർ 15 മുതൽ 17 വരെ ആണ് സന്ദർശനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകയുടെ ആദ്യ വിദേശ സന്ദർശനമാണ് ഇത്. ഉഭയകക്ഷി ബന്ധത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ സുപ്രധാന ചുവടുവെപ്പാണ് ഈ സന്ദർശനം.
സന്ദർശനവേളയിൽ പ്രസിഡൻ്റ് ദിസനായക ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള ഉഭയകക്ഷി വിഷയങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ദിസനായക ചർച്ചചെയ്യും. വ്യാപാരം, സമുദ്ര സുരക്ഷ, പ്രാദേശിക കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂഡൽഹിയിൽ നടക്കുന്ന ഒരു ബിസിനസ് പരിപാടിയിൽ പ്രസിഡൻ്റ് ദിസനായകയുടെ പങ്കാളിത്തമാണ് സന്ദർശനത്തിൻ്റെ പ്രധാന ആകർഷണം. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താനും സാമ്പത്തിക വളർച്ചയ്ക്കും പ്രാദേശിക വികസനത്തിനുമുള്ള നിക്ഷേപ അവസരങ്ങൾ ശക്തിപ്പെടുത്താനും ഇവൻ്റ് ലക്ഷ്യമിടുന്നു.
ബുദ്ധമതത്തിൽ വേരൂന്നിയ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ശ്രീലങ്കൻ പ്രസിഡൻ്റ് ബോധഗയയും സന്ദർശിക്കും.
ശ്രീലങ്ക, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (IOR) ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽരാജ്യമെന്ന നിലയിലുള്ള തന്ത്രപ്രധാന പങ്കാളിയാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സ്ഥിരതയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന ഇന്ത്യയുടെ 'അയൽപക്കം ആദ്യം' നയത്തിനും പ്രധാനമന്ത്രി മോദിയുടെ സാഗർ കാഴ്ചപ്പാടിനും ഈ സന്ദർശനം ശക്തിപകരുമെന്ന് കരുതുന്നു.
പ്രസ്തുത സന്ദർശനം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുമെന്നും, പ്രാദേശിക അഭിവൃദ്ധിയ്ക്കും സമാധാനത്തിനുമുള്ള പ്രതിബദ്ധതയും ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
No comments