Header Ads

Header ADS

ഇ എം എസ് നമ്പൂതിരിപ്പാട്

അധികാരവികേന്ദ്രീകരണ പ്രസ്ഥാനത്തിന് കാൽനൂറ്റാണ്ട് പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ ഇഎംഎസ് ദിനം. അദ്ദേഹം മുന്നിൽ നിന്നതുകൊണ്ടാണ് അധികാരവികേന്ദ്രീകരണം കേരളത്തിൽ യാഥാർത്ഥ്യമായത്. പിന്നീട് വന്ന ഒരു സർക്കാരുകൾക്കും അതിന്റെ ചട്ടക്കൂടിൽ നിന്ന് പിന്മാറാൻ കഴിഞ്ഞതുമില്ല. ഇന്ന് ഇന്ത്യയിൽ അധികാരവികേന്ദ്രീകരണ പ്രക്രിയയിൽ ഒന്നാം സ്ഥാനത്താണ് കേരളം. ആ മുൻകൈ മറ്റു പലമേഖലകളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമ്മെ സഹായിച്ചിട്ടുമുണ്ട്.  

1996ലെ നായനാർ സർക്കാർ അധികാരമേറ്റ ഉടൻ ഇഎംഎസാണ് പുതിയ സർക്കാരിന്റെ പ്രധാനപ്പെട്ട കടമ അധികാരവികേന്ദ്രീകരണമായിരിക്കണം എന്നു നിശ്ചയിച്ചത്. അന്ന് പ്ലാനിംഗ് ബോർഡിലുണ്ടായിരുന്ന ഞങ്ങളിൽ ചിലർ  ഡോ. സുബ്രതോ സെൻ കമ്മിറ്റിയുടെ നിർദ്ദേശം മുന്നോട്ടു വെച്ചു. ഇഎംഎസിനും അതു സ്വീകാര്യമായിരുന്നു. പക്ഷേ, സഖാവ് ഒരു കാര്യം അടിവരയിട്ടു പറഞ്ഞു; "നല്ല പഠന റിപ്പോർട്ട് ഉണ്ടായതുകൊണ്ട് അധികാരവികേന്ദ്രീകരണം യാഥാർത്ഥ്യമാവില്ല; അതിന് സംസ്ഥാനത്ത് വലിയൊരു രാഷ്ട്രീയ ഇച്ഛ സൃഷ്ടിക്കേണ്ടതുണ്ട്.  ഇതിനായി താഴേത്തട്ടിൽ വലിയൊരു ജനകീയ പ്രസ്ഥാനത്തിന് രൂപം നൽകണം".
 
അതായിരുന്നു ഇഎംഎസിന്റെ  ഉൾക്കാഴ്ചയും ദീർഘവീക്ഷണവും. കേവലമൊരു ഭരണപരിഷ്കരണ പ്രവർത്തനമായി അധികാരവികേന്ദ്രീകരണത്തെ അവതരിപ്പിക്കുന്നതിനു പകരം, ജനങ്ങളുടെ മുൻകൈയിൽ യാഥാർത്ഥ്യമാകുന്ന ഒരു രാഷ്ട്രീയമാറ്റമായിത്തന്നെ അദ്ദേഹം ജനകീയാസൂത്രണത്തെ വിഭാവന ചെയ്തു. 

കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽ നിന്ന് മുക്തമാക്കിക്കൊണ്ട് എല്ലാ പ്രവർത്തനങ്ങളെയും ആസൂത്രണം ചെയ്യാനും നിർവഹണത്തിൽ സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും അദ്ദേഹം ജാഗ്രത പുലർത്തി. അധികാരവികേന്ദ്രീകരണത്തെ ഇഎംഎസ് ഇങ്ങനെ സമീപിച്ചതുകൊണ്ടാണ് പിന്നീടു വന്ന യുഡിഎഫ് സർക്കാരുകൾക്കൊന്നും അതിന്റെ ഘടനയിൽ മാറ്റം വരുത്താൻ കഴിയാതിരുന്നത്. 
 
ഇത്തരത്തിൽ പറയാനേറെയുണ്ട്, അദ്ദേഹത്തെക്കുറിച്ച്.   തലമുറകൾക്കുള്ള പാഠപുസ്തകമായി സ്വന്തം ജീവിതത്തെ ചരിത്രത്തിന് സംഭാവന ചെയ്ത മഹാവ്യക്തിത്വമാണ് ഇഎംഎസ്.

ഡോ. തോമസ് ഐസക്
ധനമന്ത്രി - കേരളം

No comments

Powered by Blogger.