Header Ads

Header ADS

പിണറായിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യമില്ല എന്ന് കെ സുധാകരന്‍ തുറന്നു സമ്മതിക്കുന്നതായിരുന്നു നല്ലത് :- മമ്പറം ദിവാകരന്‍




കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് സമയത്ത് കെ സുധാകരന്‍ കണ്ണൂര്‍  പിടിച്ചെടുത്തത് താന്‍ ഗുണ്ടായിസം കളിച്ചാണെന്ന് കെപിസിസി നിര്‍വ്വാഹക സമിതിയംഗം മമ്പറം ദിവാകരന്‍. എന്‍ രാമകൃഷ്ണനോടുള്ള എതിര്‍പ്പിന്റെ ഭാഗമായി കെ സുധാകരനെ ഡിസിസി പ്രസിഡന്റാക്കാന്‍ ഞാന്‍ ശ്രമിച്ചു. 25 വോട്ടിന് സുധാകരന്‍ തോല്‍ക്കേണ്ട സാഹചര്യമായിരുന്നെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയില്‍ കിട്ടിയിട്ട് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പിണറായി വിരോധമാണ് കെ സുധാകരന്‍ പ്രസംഗിക്കുന്നതെന്ന് മമ്പറം ദിവാകരന്‍ ചോദിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടില്ല എന്ന് പറഞ്ഞ് പിന്മാറുന്നതിനേക്കാള്‍, പിണറായിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യമില്ല എന്ന് കെ സുധാകരന്‍ തുറന്നു സമ്മതിക്കുന്നതായിരുന്നു നല്ലത്. ധര്‍മ്മടത്ത് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലേയും പോലെ ഇത്തവണയും തന്നെ വെട്ടാന്‍ ശ്രമം നടന്നെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

ധര്‍മ്മടത്ത് എല്ലാ മുന്നൊരുക്കവും ഇത്തവണ കൃത്യമായി നടന്നിരുന്നു. മറിച്ചുപറയുന്നത് ശുദ്ധ അസംബന്ധമാണ്. കേരളത്തില്‍ ഇത്രയും സജീവമായ മണ്ഡലം കമ്മിറ്റികള്‍ വേറെയില്ല. സിപിഐഎമ്മിന്റെ കയ്യിലായിരുന്ന കടമ്പൂര്‍ പഞ്ചായത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തു. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഭരണം കിട്ടാതെ പോയത് ഒറ്റ സീറ്റിനാണ്. വോട്ടര്‍ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെ എല്ലാ മുന്നൊരുക്കവും ഇത്തവണ കൃത്യമായി നടന്നിരുന്നു. കോണ്‍ഗ്രസിന്റെ ഒട്ടേറെ രക്തസാക്ഷികളുടെ മണ്ണായ ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ എനിക്കും സുധാകരനും ബാധ്യതയുണ്ട്. മൈക്കിന് മുന്നില്‍ അണികളെ ആവേശം കൊള്ളിക്കാന്‍ കമ്മ്യൂണിസ്റ്റ് വിരോധം പറഞ്ഞിട്ട് കാര്യമില്ല. സുധാകരന്‍ ഇല്ലെങ്കില്‍ ഞാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്റെ പേര് ജില്ലയില്‍ നിന്ന് നിര്‍ദ്ദേശിച്ചില്ല. സാധ്യതാ പട്ടിക മുകളിലേക്ക് അയച്ചത് കണ്ണൂരിലെ ഒരു നിയോജക മണ്ഡലത്തിലും പ്രാദേശിക കമ്മിറ്റികളോട് ആലോചിച്ചല്ല. ധര്‍മ്മടത്ത് ചര്‍ച്ച നടന്നാല്‍ എന്റെ പേര് വരുമെന്ന് കരുതി ചര്‍ച്ച ഒഴിവാക്കി. പത്ത് മണ്ഡലം പ്രസിഡന്റുമാരേയും സുധാകരന്റെ എംപി ഓഫീസിലേക്ക് വിളിച്ചുവരുത്തി നാടം കളിച്ചു. ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച്, രഘുനാഥിനെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതായി അറിയിച്ച് അതൊരു തീരുമാനമായി അവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുകയായിരുന്നെന്നും മമ്പറം ദിവാകരന്‍ റിപ്പോർട്ടർ ന്യൂസിനോട് പറഞ്ഞു.

No comments

Powered by Blogger.