ട്രേഡ് യൂണിയന്‍മുക്ത കേരളം ആര്‍ക്കുവേണ്ടി?
ജി. ശക്തിധരൻ എഴുതുന്നു.
നമ്മുടെ സംസ്ഥാനം ട്രേഡ് യൂണിയന്‍ മുക്ത കേരളമായി മാറുകയാണോ? കേരളം കണ്ടിട്ടുള്ള എല്ലാ പൊതു തെരഞ്ഞെടുപ്പുകളിലും നട്ടെല്ലായി നിലകൊണ്ടത് കേരളത്തിലെ തൊഴിലാളിവര്‍ഗവും അതിന്‍റെ തിളക്കമുള്ള നേതൃത്വവുമാണ്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലൂടെ അത് ശുഷ്ക്കിച്ച് ശുഷ്ക്കിച്ച് നാമമാത്രമായി. ഈ തെരഞ്ഞെടുപ്പോടെ അത് തുടച്ചു നീക്കപ്പെടുന്നു. തൊഴിലാളിസമൂഹം ഇത് മനസിലാക്കുന്നുണ്ടോ ആവോ? അവരെ അവരായി ഉയര്‍ത്തിയ ട്രേഡ് യൂണിയനുകള്‍ ആണ് അപ്രസക്തമാകുന്നത്. ഇപ്പോള്‍ എല്ലാവരും മുറവിളികൂട്ടുന്നത് "യുവനേതൃനിര"യ്ക്ക് വേണ്ടി മാത്രമാണ്. ആര്‍ക്കും നമ്മുടെ നാടിനെ പുന:സൃഷ്ടിച്ച തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധികളെ നേതൃ പദവികളിലോ മത്സര രംഗത്തോ വേണമെന്നില്ല. എന്തൊരു ദയനീയാവസ്ഥ! കേരളം അതിന്റെ അകകാമ്പില്‍ തന്നെ മാറുകയാണ്. കേരളത്തിലെ തൊഴിലാളിവര്‍ഗ നേതാക്കള്‍ ആരെന്ന് പോലും ജനങ്ങള്‍ക്ക് ഇന്നറിയില്ല.സര്‍വീസ് മേഖലയുടെ ദുരന്തം വിവരിക്കാന്‍ വാക്കുകളില്ല.കേരളത്തിലെ അധ്യാപകലോകത്തിന്റെ ഉന്നത നേതാക്കള്‍ ആരെന്ന് ഇന്ന് പൊതുസമൂഹത്തിന് അറിയില്ല. കേരളത്തിലെ ഭരണാധിപന്മാരുടെ പേര് പോലെ ജ്വലിച്ചുനിന്നിരുന്നതാണല്ലോ എന്‍ ജി ഓ യൂണിയന്‍ നേതാവ് ഇ പദ്മനാഭനും അധ്യാപക സംഘടനാ നേതാവ് പി കെ നമ്പ്യാരും അവരുടെ പിന്‍ഗാമികളും. ആ പ്രബുദ്ധ നേതൃനിരയ്ക്ക് വഴിക്കെവിടെയോ വച്ച് വംശമറ്റു. ഇന്ന് അതിന്റെയെല്ലാം നേതൃത്വത്തില്‍ ആരെന്ന് പോലും ആര്‍ക്കും അറിയില്ല. എങ്ങോട്ടാണ് കേരളം നീങ്ങുന്നത്? ആരാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയന്‍ നയിക്കുന്നത്? ഏറ്റവും വലിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ വൈദ്യുതി ബോര്‍ഡിലെയും കെ എസ് ആര്‍ ടി സിയിലെയും ഇന്നത്തെ നേതാക്കള്‍ ആരാണ്. ഏറ്റവും
തലയെടുപ്പുള്ള നേതാക്കള്‍ നയിച്ചിരുന്നതാണല്ലോ അവയെല്ലാം. ഇ ബാലനന്ദന്റെയും സി കണ്ണന്റെയും ഒ ഭരതന്റെയും എം എം ലോറന്‍സിന്റെയും കെ എന്‍ രവീന്ദ്രനാഥിന്റെയും തലമുറ എങ്ങിനെ അപ്രത്യക്ഷമായി? ഇന്ന് തൊഴിലാളികള്‍ക്ക് സംഘബോധമില്ല. പൊതുതെരെഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ഒരു പങ്കുമില്ല ആരൊക്കെയോ ചേര്‍ന്ന് ആ വിളക്കുകള്‍ കെടുത്തി.
No comments