രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് കാൽ കോടിയിലേറെ പേർ, ഇന്നും മൂന്നരലക്ഷത്തോളം പ്രതിദിന രോഗികൾ, സ്ഥിതി അതിതീവ്രം
കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കൂടുതൽ ഗുരുതരാവസ്ഥയിലേക്ക്. രോഗികളുടെ എണ്ണം റെക്കോഡുകൾ ഭേദിച്ച് കുതിച്ചുയരുന്നു. ഇന്നും മൂന്നര ലക്ഷത്തോളം ആളുകൾ രോഗബാധിതരായി. തുടർച്ചയായ മൂന്ന് ദിവസവും രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് ചികിത്സയിലുള്ളത്.
ആരോഗ്യപ്രവർത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധ പ്രവർത്തകരെയും സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ കേന്ദ്രം നിർദ്ദേശിച്ചു.
മെഡിക്കൽ ഓക്സിജൻ, കോവിഡ് വാക്സീൻ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പി.ആർ പ്രോജക്ടുകളിൽ പണം ചെലവഴിക്കാതെ കേന്ദ്രം, പ്രതിസന്ധി പരിഹരിക്കാനുള്ള വഴി കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിസന്ധി വരും ദിവസങ്ങളിൽ ശക്തമായേക്കും, ഇപ്പോഴത്തെ സാഹചര്യം തന്നെ രാജ്യത്തിന് പരിഹരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഓക്സിജൻ, വാക്സീൻ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരീക്ഷിക്കുകയാണ്. തുടർ അവലോകന യോഗങ്ങൾ ഇന്നും ചേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തിനാലായിരത്തിലധികം പേർക്ക് രോഗം ബാധിച്ച ദില്ലിയിൽ വൈറസിന്റെ യു.കെ വകഭേദം രോഗവ്യാപനം തീവ്രമാക്കിയെന്നാണ് വിലയിരുത്തൽ. ദില്ലി ബത്ര ആശുപത്രിയിലും ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. 190 രോഗികളാണ് ആശുപത്രിയിൽ ഓക്സിജൻ സഹായത്തോടെ കഴിയുന്നത്. ഓക്സിജൻ തീർന്നതോടെ ദില്ലി മൂൽചന്ദ് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചു.
ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ പലയിടത്തും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും രൂക്ഷമാണ്. ദില്ലിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്സിജൻ സിലിണ്ടറുകൾ റെയ്‌ഡ് ചെയ്ത് പിടിച്ചെടുത്തു. 32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിനൊപ്പം കർണാടകത്തിൽ ഇന്നും നാളെയും വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ ഒന്നും തുറക്കില്ല. സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിടും. മെട്രോ പ്രവർത്തിക്കില്ല. പബ്ബ്കൾ, മാളുകൾ തിയേറ്ററുകൾ എല്ലാം അടച്ചിടും. ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കൂ. തിങ്കളാഴ്ച രാവിലെ 6 മണിവരെയാണ് നിയന്ത്രണങ്ങൾ.
No comments