കെ.സുരേന്ദ്രന്റെ 35 സീറ്റ് മന്ത്രിസഭ
നൂറ്റിനാല്പത് നിയമസഭാ മണ്ഡലങ്ങളുള്ള കേരളത്തിൽ എഴുപത്തി ഒന്ന് സീറ്റുകൾ നേടുന്ന പാർട്ടി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നതാണ് രാജ്യത്തെ ഭരണഘടന പരമായ രീതി. എന്നാൽ ഒന്നാം നരേന്ദ്രമോദി സർക്കാരിന്റെ കാലഘട്ടം മുതൽ അതിൽ മാറ്റം വന്നുതുടങ്ങി. മസ്സിൽ പവറും മണി പവറും മാത്രമാണ് സർക്കാർ രൂപീകരണത്തിന് അനിവാര്യമെന്ന് ബിജെപി കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും തെളിയിച്ചു. ആ അശ്ലീല നടപടികളെ അവർ " ഓപ്പറേഷൻ താമര" എന്ന വട്ടപ്പേരിട്ട് വിളിച്ചു. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ റിസോർട്ടുകൾക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി നിലവിൽ വളരെ തരം താഴ്ന്ന കളിയാണ് കളിക്കുന്നത്. കർണാടക, മധ്യപ്രദേശ്, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ മണി പവറും മസ്സിൽ പവറും ഉപയോഗിച്ച് മറിച്ചിടുകയും ഭരണപക്ഷ എംഎൽഎ മാരെ വിലയ്ക്ക് വാങ്ങി ബിജെപി സർക്കാർ ഉണ്ടാക്കുകയും ചെയ്തു. ഏറ്റവും അവസാനം ബിജെപി മറിച്ചിട്ട സർക്കാരാണ് പുതുച്ചേരിയിലേത്. തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് സർക്കാർ നിലംപൊത്തുമ്പോൾ നിയമസഭയിലെ ബിജെപി പ്രാതിനിധ്യം കേരളത്തിലെ പോലെ ഒരാളായിരുന്നു. അവിടെയാണ് ഓപ്പറേഷൻ താമരയുടെ ശക്‌തി ജനങ്ങൾ തിരിച്ചറിയേണ്ടത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരിക്കാനുള്ള ഭൂരിപക്ഷം പുതുച്ചേരിയിൽ ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ്സ്, ബിജെപി സഖ്യത്തിനുണ്ട്. കോൺഗ്രസ്സ് പക്ഷത്തുനിന്ന് കാലുമാറി ബിജെപി പാളയത്തിൽ വന്ന് മത്സരിച്ച എല്ലാവരും തന്നെ വിജയിച്ചു. ഇവിടെയാണ് സുരേന്ദ്രന്റെ 35 സീറ്റ് മന്ത്രിസഭയുടെ പ്രസക്തി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പലതവണ ആണയിട്ട് ആവർത്തിച്ചതാണ് 35 സീറ്റ് കിട്ടിയാൽ കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കുമെന്നത്. "അണികളെ ആവേശം കൊള്ളിക്കാൻ" വേണ്ടി പറഞ്ഞതാണെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. കേരളത്തിൽ സർക്കാർ ഉണ്ടാക്കാൻ എഴുപത്തി ഒന്ന് സീറ്റ് വേണമെന്നിരിക്കെ 35 സീറ്റ് കിട്ടിയാൽ സർക്കാറുണ്ടാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവയിൽ കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമങ്ങളും
"എങ്ങനെ 35 സീറ്റ് വെച്ച് സർക്കാർ ഉണ്ടാക്കും?
ബാക്കി എംഎൽഎ മാർ എവിടുന്ന്?
സഭയിൽ എങ്ങനെ ഭൂരിപക്ഷം തെളിയിക്കും?"
എന്നൊന്നും ചോദിച്ചില്ല എന്നതും ആ പ്രസ്താവന ആരും അന്തി ചർച്ച വിഷയമായി ഉയർത്തികൊണ്ടുവന്നില്ല എന്നതും ഭയാനകമായ വിഷയമാണ്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടോ ബിജെപിയോടുള്ള ഭയം നിമിത്തമോ മുഖ്യധാരാ മാധ്യമങ്ങക്ക് ഈ ചോദ്യങ്ങൾ സുരേന്ദ്രന്റെ മുഖത്ത് നോക്കി ചോദിക്കാൻ കഴിഞ്ഞില്ല.
35 സീറ്റ് കിട്ടിയാൽ, സർക്കാരുണ്ടാക്കാൻ വേണ്ട ബാക്കി ബാക്കി എംഎൽഎ മാരെ മറ്റ് സംസ്ഥാനങ്ങളിൽ ചെയ്തപോലെ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും കൂടെ കൂട്ടാനുള്ള എല്ലാ സഹായവും കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു എന്നുവേണം സുരേന്ദ്രന്റെ ആത്മാവിശ്വാസത്തിൽനിന്ന് മനസിലാക്കാൻ. ആ ആത്മവിശ്വാസമാണ് ഒരേ സമയം മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കാനും അതുവഴി രണ്ടിടത്തും പരാജയപ്പെടാനും സുരേന്ദ്രനെ പ്രാപ്തനാക്കിയത്. 2018ലെ സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ ശബരിമല സ്ത്രീ പ്രവേശന വിഷയം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നുള്ള ഉറച്ച വിശ്വാസം ബിജെപി ക്യമ്പിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുൻപുള്ള സുരേന്ദ്രന്റെ ശരീര ഭാഷയും സംസാര ശൈലിയും അമിതമായ ആത്മവിശ്വാസം നിറഞ്ഞതായിരുന്നു, ആ അമിതാത്മാവിശ്വാസമാണ് കേരളത്തിലെ ജനങ്ങളെ ഒരു ചെറിയ ഭയത്തോടെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ആ പുനർവിചിന്തനമാണ് നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടത്തിന്റെ കൂടെ വോട്ട് ഷെയർ കുറയാനും കാരണമായത്. 2016 ബിജെപിയുടെ വോട്ട് ഷെയർ 2011നെ അപേക്ഷിച്ച് 8.93% ഉയർന്ന് 14.96% എത്തിയിരുന്നു. അന്ന് ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയ എൽഡിഎഫ്ന്റെ വോട്ട് ഷെയർ 2011നെ അപേക്ഷിച്ച് 1.63% കുറഞ്ഞ് 43.48% ആയിരുന്നു. എന്നാൽ ഇത്തവണ ബിജെപിയുടെ വോട്ട് ഷെയർ 14.96% ൽനിന്ന് 2.6% കുറഞ്ഞ് 12.36%ത്തിൽ എത്തി. സർക്കാരിനെതിരെ ശബരിമല വിഷയം യുഡിഫ്ഉം ബിജെപിയും അതിശക്തമായി ചർച്ചയാക്കിയ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഷെയർ 2.6% താഴേക്ക് പോയത് സംസ്ഥാനത്തെ ജനങ്ങൾ വോട്ട് ചെയ്യുന്നതിന് മുൻപ് ചിന്തിച്ചു എന്നതിന്റെ ധൃഷ്ടാന്തമാണ്. കേരളത്തിൽ വോട്ട് ചെയ്യുന്ന പൊതുസമൂഹത്തിന്റെ മാനസീക നിലവാരത്തെ തൃപ്തിപ്പെടുത്തുന്ന നിലയിലേക്ക് ഉയരാൻ രാജ്യം ഭരിക്കുന്ന ബിജെപിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അവർ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ മലയാളിയുടെ ആമാശയത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല എന്ന് മാത്രമല്ല, ആ ആശയങ്ങൾ അംഗീകരിക്കുന്ന സ്‌ഥിതി വന്നാൽ, നമ്മുടെ നാളെകൾ എന്താവും എന്ന് ചിന്തിക്കാനുള്ള ബുദ്ധിയും മലയാളികൾക്കുണ്ട്. ഇഷ്ടമുള്ളത് ധരിക്കാനും, കഴിക്കാനും ഇഷ്ടമുള്ളഇടത്ത് സഞ്ചരിക്കാനും ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ഇടപെടാനും ഒക്കെ സ്വാതന്ത്ര്യം നിലവിൽ കേരളത്തിൽ ഉണ്ട്, അതൊന്നും അത്ര പെട്ടെന്ന് വേണ്ടെന്ന് വെയ്ക്കാൻ മലയാളികൾ തയ്യാറാവില്ല. അതിന് മുകളിലല്ല മലയാളികൾക്ക് മറ്റൊന്നും. അതാണ് രാജ്യം ആദരിക്കുന്ന "മെട്രോമാൻ" ഈ.ശ്രീധരന്റെ തോൽവിക്ക് പോലും കാരണം.
35 സീറ്റ് നേടി സർക്കാർ ഉണ്ടാക്കാനിറങ്ങിയ കെ.സുരേന്ദ്രന് മുപ്പത്തഞ്ച് കിട്ടിയില്ല എന്നുമാത്രമല്ല കയ്യിലുണ്ടായിരുന്ന നേമം സീറ്റ് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് ദയനീയമായി പരാജയപ്പെട്ട വി. ശിവൻകുട്ടി പിടിച്ചെടുക്കുകയും ചെയ്തു. ശബരിമല വിഷയം വോട്ടാവുമെന്നും, അങ്ങനെ സംഭവിച്ചാൽ പ്രതീക്ഷിക്കുന്ന "A" ക്ലാസ് മണ്ഡലങ്ങളിൽ വിജയമുണ്ടാവുമെന്നും ബിജെപി കണക്കുകൂട്ടി. അതുണ്ടായില്ല എന്ന് മാത്രമല്ല വോട്ട് വിഹിതം കുറയുകയും ചെയ്തു. 35 സീറ്റികൊണ്ട് കേരളത്തിൽ ഒരു സർക്കാർ ഉണ്ടാക്കാൻ കഴിയില്ല എന്ന് ഏറ്റവും കുറഞ്ഞ പക്ഷം സുരേന്ദ്രനെങ്കിലും മനസ്സിലായിട്ടുണ്ടാവും.
No comments