Header Ads

Header ADS

വിപ്ലവകരമായ വിധികളുമായി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. പുത്തൻ ഉണർവുമായി സുപ്രീം കോടതി

ജസ്റ്റിസ് എൻ വി രമണ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റെടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സുപ്രീം കോടതി സാക്ഷ്യം വഹിക്കുന്നത് സാധാരണക്കാരുടെ അവകാശങ്ങളുടെ കാവലാൾ എന്ന നിലയിലേക്കുള്ള  പരമോന്നത നീതിപീഠത്തിന്റെ തിരിച്ചുവരവിനെയാണ്. സുപ്രീംകോടതിയുടെ നിലവിലെ പല വിപ്ലവവിധികളും അതിനുള്ള ഉദാഹരണമാണ്.  

മലയാളി പത്രപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി മധുരയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാനുള്ള ഉത്തരവാണ് ഇക്കൂട്ടത്തിൽ ആദ്യമുണ്ടായത്. രണ്ടാം കൊവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതിലും, വാക്സിൻ സംഘടിപ്പിക്കുന്നതിലുമുണ്ടായ വീഴ്ചകളിലും ഇതിനോടകം തന്നെ കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചുകഴിഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്തുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പിന്റെ നിയമ സാധുതയും പുനഃപരിശോധിക്കുമെന്നാണ് സുപ്രീം കോടതി ഏറ്റവും ഒടുവിൽ അതുമായി ബന്ധപ്പെട്ട കേസ് ഫയലിൽ സ്വീകരിച്ച് പറഞ്ഞത്. ഈ വകുപ്പിനെ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അപ്രീതിക്ക് പത്രമാകുന്ന ആക്ടിവിസ്റ്റുകൾക്കും, അഭിഭാഷകർക്കും, വിദ്യാർത്ഥിനേതാക്കൾക്കുമെതിരെ പ്രതികാരബുദ്ധ്യാ ഉപയോഗിക്കുന്ന പതിവുരീതികൾ ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻ ചീഫ്ജസ്റ്റിസിന്റെ കീഴിലുള്ള ബെഞ്ച്, ഈ ആവശ്യം ഉന്നയിച്ചു സമർപ്പിച്ച ഹർജികൾ ഫെബ്രുവരിയിൽ തള്ളിയതിന് പിന്നാലെയാണ് നടപടി എന്നതും ശ്രദ്ധേയമാണ്. 

കാപ്പന് ഒരു പ്രത്യേക പരിഗണനയും നൽകേണ്ട സാഹചര്യമില്ല എന്ന ഉത്തർ പ്രദേശ് സർക്കാരിന്റെ നിലപാടിനെ ജസ്റ്റിസ് രമണ അടങ്ങുന്ന മൂന്നംഗ ബെഞ്ച് തള്ളി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജീവിക്കാനുള്ള  പ്രാഥമികമായ അവകാശം, ഇന്നാട്ടിലെ വിചാരണത്തടവുകാർക്കും ഉള്ളതാണ് എന്നാണ് ഈ കേസ് പരിഗണിക്കവെ ബെഞ്ച് നിരീക്ഷിച്ചത്. കാപ്പന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള മുൻവിധികൾ വെടിഞ്ഞ്, ഉത്തർ പ്രദേശ് സർക്കാർ അദ്ദേഹത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കാപ്പന്റെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷം സുപ്രീം കോടതി നിർദേശിച്ചു. 

ഭരണകൂടത്തിന്റെ ഭാഗത്തുനിന്നോ സാമൂഹികവിരുദ്ധശക്തികളുടെ ഭാഗത്തുനിന്നോ ഉണ്ടാകാനിടയുള്ള ചൂഷണങ്ങളിൽ നിന്ന് സമൂഹത്തിന്റെ ദുർബലരെ സംരക്ഷിക്കാൻ കോടതി പ്രതിജ്ഞാബദ്ധമാണ് എന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ തന്നെ ജസ്റ്റിസ് രമണ ഊന്നിപ്പറഞ്ഞിരുന്നു. 

'കൊവിഡ് കാലത്തെ അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും പുനർവിന്യാസം' എന്ന വിഷയത്തിൽ സ്വമേധയാ കേസെടുത്ത്, സുപ്രീം കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിൽ വിചാരണ നടക്കുന്നുണ്ടായിരുന്നു. ഈ കേസും, ഈ വിഷയത്തിലെ സുപ്രീം കോടതിയുടെ ഇടപെടലും, അതാതു സംസ്ഥാനങ്ങളിലെ ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ള കൈകടത്തൽ ആണ് എന്ന് അന്നുതന്നെ അഭിഭാഷകർക്കിടയിൽ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വിരമിച്ച്, ജസ്റ്റിസ് രമണ  അധികാരമേറ്റെടുത്ത ശേഷം, ഈ കേസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് പോവുകയും, അദ്ദേഹം "സുപ്രീം കോടതി ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ള വിഷയങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല " എന്നുള്ള കൃത്യമായ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

ഈ നിരീക്ഷണം നടത്തിയതിന്റെ അടുത്ത ദിവസമാണ് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്. കൊവിഡ് രോഗികളുടെ കിടത്തി ചികിത്സയെ സംബന്ധിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങൾ ആശുപത്രികൾക്ക് നിശ്ചയിച്ചു നൽകാൻ കോടതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. സംസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് നാലുദിവസത്തിനുള്ളിൽ തന്നെ ഓക്സിജന്റെ ഒരു ബഫർ സ്റ്റോക്കുണ്ടാക്കാനും കോടതി നിർദേശിച്ചു. അതിനു പുറമേ, സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരുകളുടെ വീഴ്ചകളെ കുറ്റപ്പെടുത്തി, പരാതി പറഞ്ഞു കൊണ്ട് പോസ്റ്റിടുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ തുനിഞ്ഞാൽ, അവ കോടതിയലക്ഷ്യമായി പരിഗണിക്കും എന്നും സുപ്രീം കോടതി മുന്നറിയിപ്പുനൽകി. 

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സമർപ്പിച്ച ഒരു ഹർജിയിൽ, കോടതിയിൽ ജഡ്ജിമാർ നടത്തുന്ന വാക്കാലുള്ള പരാമർശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയാനാവില്ല എന്നുള്ള നിലപാടും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരികളെ, 'കൊലയാളികൾ' എന്നു വിശേഷിപ്പിച്ച മദ്രാസ് ഹൈക്കോടതി ബെഞ്ചിന്റെ പരാമർശം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ കുപിതരായാണ് കമ്മീഷൻ ഉദ്യോഗസ്ഥർ സുപ്രീം കോടതിയെ സമീപിച്ചത്. 

അഭിഭാഷകരിൽ നിന്നുള്ള ക്രിയാത്മക നിർദേശങ്ങളെയും അനുഭാവപൂർവം പരിഗണിക്കുന്ന ഒരു ബെഞ്ചാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ഉള്ളത്. മെയ് ഒന്നാം തീയതി ബാർ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച ചെയ്ത ശേഷം ചീഫ് ജസ്റ്റിസ് രമണ, കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ കോടതിയുടെ അവധി തുടങ്ങുന്ന തീയതി നേരത്തെ ആക്കാനുള്ള തീരുമാനവും കൈക്കൊണ്ടു.

സുപ്രീം കോടതിയിലേക്ക് പുതുതായി ആരെയും നിയമിക്കാതെയാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വിരമിച്ചത്. എന്നാൽ, ചീഫ് ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ നിയമിച്ചുകൊണ്ട് ആ ഇടവേളയ്ക്കും വിരാമമിട്ടിരിക്കുകയാണ്. ഇങ്ങനെ തുടർച്ചയായി പുരോഗമനപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ നിലവിലെ കൊളീജിയത്തിൽ നിന്ന് ഇന്ത്യയ്ക്ക് ആദ്യമായി ഒരു വനിതാ ചീഫ് ജസ്റ്റിസിനെ കിട്ടുമോ എന്നാണ് ഇപ്പോൾ തീതിന്യായവ്യവസ്ഥ ഉറ്റുനോക്കുന്നത്

Chief Justice N.V. Ramana with revolutionary judgments. Supreme Court with fresh awakening
Within a week of Justice N V Ramana taking over as chief justice, the Supreme Court is witnessing the return of the Supreme Court to the status of guardian of the rights of the common man. Many of the supreme court's current revolutionary judgments are an example of that.

No comments

Powered by Blogger.