"വാർത്താ സമ്മേളനം ഔദ്യോഗിക പരിപാടി, വിവാഹത്തിൽനിന്ന് വിലക്കാം" ഏഷ്യാനെറ്റ് ന്യൂസിനെ വി. മുരളീധരന്റെ പത്രസമ്മേളനത്തിൽനിന്ന് ഒഴിവാക്കിയതിനെതിരെ ജോൺ ബ്രിട്ടാസ്
കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകും. എന്നാൽ, മന്ത്രി വിളിക്കുന്ന വാര്‍ത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. മന്ത്രിക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വേണ്ടി വിളിക്കുന്ന ഔദ്യോഗികപരിപാടി. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടി. അതില്‍ പങ്കെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അര്‍ഹത അവകാശമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ജോൺ ബ്രിട്ടാസ് എംപി യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഏഷ്യാനെറ്റ് ന്യൂസ് എന്ന സ്ഥാപനത്തോട് ആർക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അവർ നല്കുന്ന ഓരോ വാർത്തയും പരിശോധിച്ച് വിലയിരുത്താനുള്ള അവകാശവും ആർക്കുമുണ്ട്. എന്നാൽ, ഒരു കേന്ദ്ര മന്ത്രിക്ക് ഔദ്യോഗികവാർത്താസമ്മേളനത്തിൽ ഒരു മാധ്യമസ്ഥാപനത്തെ വിലക്കാൻ അധികാരമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇല്ല എന്ന് ഞാൻ അസന്ദിഗ്ധമായി പറയും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കാലത്തെ മാധ്യമപ്രവർത്തനപരിചയവും അനുഭവവും വച്ചാണ് ഞാൻ ഇതു പറയുന്നത്. ഒപ്പം, ഇന്ത്യയുടെ ജനാധിപത്യസംഹിതകൾ ഉൾക്കൊണ്ടും. ദില്ലിയിൽ വിളിച്ച ഔദ്യോഗികവാർത്താസമ്മേളനത്തിൽനിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നടപടി മുൻനിർത്തിയാണ് ഞാൻ ഇത്രയും പറഞ്ഞത്..
താങ്കൾ കേന്ദ്രമന്ത്രിയേല്ലേ, ഇത് ഔദ്യോഗികപരിപാടിയല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി തന്റെ നിലപാട് മന്ത്രി വിശദമാക്കി - ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപി കേരളഘടകം നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താൻ ബിജെപി നേതാവാണ്, അതുകൊണ്ട് ചാനലിന് വാർത്താസമ്മേളനത്തിൽ ഇടം നല്കുന്നില്ല.
കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ. മന്ത്രി വിളിക്കുന്ന വാർത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. മന്ത്രിക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർക്കുമുന്നിൽ അവതരിപ്പിക്കാൻ വേണ്ടി വിളിക്കുന്ന ഔദ്യോഗികപരിപാടി. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടി. അതിൽ പങ്കെടുക്കാനുള്ള മാധ്യമപ്രവർത്തകരുടെ അർഹത അവകാശമാണ്. ചില ഔദ്യോഗികപരിപാടികളിൽ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. മന്ത്രിസഭായോഗങ്ങളിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാൽ, ഒരു പത്രസമ്മേളനം വിളിക്കുന്നു, അതിൽ ചിലരെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി പറയുന്നു. ഇവിടെയാണ് വി. മുരളീധരന് ചുവടുപിഴയ്ക്കുന്നത്. ഒരു തരത്തിൽപ്പറഞ്ഞാൽ തറുതല രീതിയാണിത്. പെട്രോളിയം വില വർധനവ് സംബന്ധിച്ച് പണ്ടു നടത്തിയ വിശദീകരണത്തിനു സമാനമായ ഒരു ജല്പനം.
മഹാത്മാഗാന്ധിയുടെ നിസ്സഹകരണസമരത്തെ ഉദ്ധരിച്ചാണ് തന്റെ നടപടി മന്ത്രി ന്യായീകരിച്ചത്. സ്വയരക്ഷയ്ക്കായി മന്ത്രി മുരളീധരൻ മഹാത്മാഗാന്ധിയെ ഉപയോഗിക്കുന്നതിൽത്തന്നെ ഒരു പിശകില്ലേ എന്നു ചിലർക്ക് തോന്നിയേക്കാം. അതവിടെ നില്ക്കട്ടെ. അധികാരത്തോടു നിസ്സഹകരിച്ച മഹാത്മാവിന്റെ സമരമുറയെവിടെ അധികാരമദം പ്രദർശിപ്പിക്കുന്ന മന്ത്രിയുടെ ജനാധിപത്യബോധമില്ലായ്മ എവിടെ!
ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു പരിപാടിയിൽ മന്ത്രിക്ക് പോകാതിരിക്കാം, അവരുടെ ക്ഷണം നിരസിക്കാം, അവരോട് നിസ്സഹകരിക്കാം. അതിലൊന്നും ആരും എതിരു പറയില്ല. മന്ത്രി ഒരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആരും വാശി പിടിക്കില്ല.
യഥാർത്ഥത്തിൽ, മന്ത്രി വി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനവുമാണ്. ചുമതലകൾ സ്നേഹമോ വിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം മന്ത്രിയായത്. ഔദ്യോഗികവാർത്താ സമ്മേളനത്തിൽ ചില മാധ്യമപ്രവർത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോൾ മന്ത്രി അവരോട് സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. ചിലരെ വിലക്കിയപ്പോൾ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രി മുരളീധരൻ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണ്.
- ജോൺ ബ്രിട്ടാസ് എം. പി.
At a private function such as a family birthday or wedding, the minister can call anyone he likes and ban those who don't like it. However, the news conference called by the minister is an official event. An official programme called to present to the media what the Minister needs to inform the people. A money-spending program in the treasury. John Brittas said it was the right of the media to participate.
No comments