Header Ads

Header ADS

ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നു


ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നു. മോഡൽ ത്രീ ആണ് ആദ്യം ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ പോകുന്നത്.  ഇതിൻ്റെ ഭാഗമായി ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യ എനര്‍ജി എന്ന സ്ഥാപനം ബഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ മോഡല്‍ ത്രീ കാറുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം ജൂലൈയിലോ ഓഗസ്റ്റിലോ പരീക്ഷണ ഓട്ടങ്ങൾക്കായുള്ള മോഡൽ ത്രീ സെഡാനുകൾ ഇന്ത്യയിലെത്തും. പരീക്ഷണ ഓട്ടത്തിനുള്ളതും  ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യിൽ നിന്നുള്ള അനുമതികൾക്കുമായുള്ള ആദ്യ ബാച്ചിലെ മൂന്നു കാറുകൾ മുംബൈയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ വർഷാവസാനത്തോടെ തന്നെ ടെസ്‌ല ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കാർ വിൽപന തുടങ്ങുമെന്നാണ് വിവരം. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും. 60 കിലോവാട്ട് ഹൈ പവര്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് നിലവിൽ മോഡല്‍ 3-യില്‍ ഉപയോഗിച്ചിരിക്കുന്നത്. 

വൻനഗരങ്ങളിൽ മാത്രമാവും ആദ്യ ഘട്ടത്തിൽ ടെസ്‌ലയുടെ കാറുകൾ എത്തുക. മുംബൈ, ബെംഗളൂരു, ദില്ലി നഗരങ്ങളിൽ സ്വന്തമായി ഷോറൂം ആരംഭിക്കാനാണു ടെസ്ലയുടെ പദ്ധതി. വർക്ഷോപ്പുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാവും പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ട്. ഇന്ത്യ നിലവിൽ വൈദ്യുത വാഹനങ്ങളിലും ബാറ്ററി നിർമാണത്തിലുമൊക്കെ സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും നിബന്ധനകളെക്കുറിച്ചുമുള്ള വ്യക്തതയ്ക്കായി കാത്തിരിക്കുകയാണു ടെസ്‌ല.

കമ്പനിയുടെ വിൽപന, വിൽപനാന്തര സേവന വിഭാഗങ്ങളുടെ പ്രവർത്തനം മുംബൈ കേന്ദ്രീകരിച്ചാവും. സമീർ ജെയ്നാവും ടെസ്‌ലയുടെ ആഫ്റ്റർ സെയിൽസ് വിഭാഗത്തിനു നേതൃത്വം നൽകുക. ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയ്ക്കൊപ്പം ഏഴു വർഷം വിൽപ്പനാന്തര സേവന, വിപണന ശൃംഖല വിപുലീകരണ മേഖലകളിൽ പ്രവർത്തിച്ച പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. ഈ മാസമാണു ജെയിൻ ടെസ്‌ലയ്ക്കൊപ്പം ചേർന്നത്. ‌‌‌ആതർ എനർജി എക്സിക്യൂട്ടീവായിരുന്ന നിശാന്ത് ആയിരിക്കും ചാർജിങ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു നേതൃത്വം നൽകുക.

കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാരെ നിയമിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പോളിസി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവിയായി മനൂജ് ഖുറാനയെ ടെസ്‌ല നിയമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  മനൂജ് ഖുറാനയെ കൂടാതെ, ചാര്‍ജിംഗ് മാനേജരായി നിശാന്ത് പ്രസാദിനെയും നിയമിച്ചു. ടെസ്‌ലയുടെ സൂപ്പര്‍ചാര്‍ജിംഗ്, ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ്, ഹോം ചാര്‍ജിംഗ് ബിസിനസ് നയിക്കുന്നത് പ്രസാദ് ആയിരിക്കും. എച്ച്ആര്‍ ലീഡറായി ചിത്ര തോമസിനെ നിയമിച്ചു. 

പ്രാദേശികമായി ടീം രൂപീകരിച്ച് ഇന്ത്യാ പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നോട്ടു പോകുകയാണ് ടെസ്‌ല. ഇന്ത്യയില്‍ ആദ്യ കാര്‍ ഡെലിവറി ചെയ്യുമ്പോള്‍ സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെ സന്നിഹിതനായിരിക്കുമെന്നാണ് ടെസ്‌ല ക്ലബ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിപണി മൂലധനം അനുസരിച്ച് ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളാണ് ടെസ്‌ല. 

കര്‍ണാടകയില്‍ ആയിരിക്കും ടെസ്‌ല തങ്ങളുടെ ഫാക്റ്ററി സ്ഥാപിക്കുന്നത്. ബെംഗളൂരുവില്‍ ഇന്ത്യാ കമ്പനി ഇതിനകം രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ ഷോറൂമുകൾ തുറക്കുന്നതിനായി ടെസ്‍ല പരിശോധനകൾ തുടങ്ങിയതായും നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ജനുവരിയിൽ ടെസ്‍ല ഇതിന്റെ ഭാ​ഗമായി ഇന്ത്യയിൽ ഒരു പ്രാദേശിക യൂണിറ്റ് രജിസ്റ്റർ ചെയ്തു, ഈ കമ്പനിയിലൂടെ മോഡൽ 3 സെഡാൻ ഇറക്കുമതി ചെയ്ത് വിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2021 പകുതിയോടെ, വിപണിയിലെ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സജീവമാകാനാണ് കമ്പനിയുടെ ആലോചനകളെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.

തലസ്ഥാനമായ ദില്ലി, മുംബൈ, ടെക് സിറ്റിയായ ബെംഗളൂരു എന്നിവിടങ്ങളിൽ 20,000-30,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള അനുയോജ്യമായ കൊമേഴ്ഷ്യൽ സ്പേസുകൾ കണ്ടെത്താനുളള ശ്രമത്തിലാണ് ടെസ്‍ല.  ഗ്ലോബൽ പ്രോപ്പർട്ടി കൺസൾട്ടന്റ് സിബിആർഇ ഗ്രൂപ്പ് ടെസ്‍ലയുടെ ഷോറൂം തിരയലുകൾക്കായി നിയമിക്കപ്പെട്ടിരുന്നു. ആഴ്ചകളായി ഇവർ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. സമ്പന്നരായ ഉപഭോക്താക്കളെ കമ്പനിയിലേക്ക് എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുന്ന ഇടങ്ങളാണ് കമ്പനി അന്വേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Tesla is coming to India. Model 3 is the first to conquer Indian streets. As part of this, Tesla Motors India Energy has started operations in Bangalore. According to new reports, the company's Model Three cars will soon arrive in India.

No comments

Powered by Blogger.