സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ, കെ.സുന്ദരയുടെ മൊഴി എടുക്കുന്നു.
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ കെ. സുന്ദരയുടെ മൊഴിയെടുക്കുന്നു. ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്താന്‍ ജില്ലാപോലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കെ.സുന്ദരയെ ബദിയടുക്ക പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടുന്നത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശഷം ബദിയടുക്ക പോലീസ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന് ശേഷമാകും തുടര്‍നടപടികള്‍ ഉണ്ടാകുക.
നേരത്തെ, കെ. സുന്ദരയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ പണം നല്‍കി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. 171-ഇ, 171-ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. രമേശന്‍ കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ചേശ്വരത്തെ പ്രാദേശിക ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മത്സരരംഗത്തുനിന്ന് പിന്മാറാന്‍ സ്ഥാനാര്‍ഥിക്ക് പണം നല്‍കിയത് രാഷ്ട്രീയ മൂല്യച്യുതിയാണ് കാണിക്കുന്നതെന്നും . ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടാനുള്ള സുരേന്ദ്രന്റെ നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശന്‍ പറഞ്ഞു.
ബദിയടുക്ക പോലീസും കാസര്‍കോട് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്രിക പിന്‍വലിക്കുന്നതിന് രണ്ടരലക്ഷം രൂപ ബി.ജെ.പി. നേതാക്കന്മാര്‍ നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. സുരേന്ദ്രന്‍ ഇക്കാര്യത്തില്‍ ഇടപെടുകയും ഫോണില്‍ ആവശ്യം ഉന്നയിച്ചതായും സുന്ദര പറഞ്ഞിരുന്നു. കൂടാതെ ഇടപാടുകള്‍ സംബന്ധിച്ച കാര്യം നിശ്ചയിച്ചുവെന്നും സുന്ദര പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രാദേശിക ബി.ജെ.പി. നേതാക്കള്‍ വീട്ടിലെത്തി പണം കൈമാറിയെന്നും സുന്ദര വ്യക്തമാക്കിയിരുന്നു.
2016-ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. അന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചിരുന്നുവെങ്കിലും രണ്ടിടത്തും സുരേന്ദ്രൻ തോറ്റു. മഞ്ചേശ്വരത്ത് ബി.എസ്.പി. സ്ഥാനാര്‍ഥായായി സുന്ദര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെങ്കിലും പിന്നീട് പിന്‍വാങ്ങി. ഇത്തരത്തില്‍ പത്രിക പിന്‍വലിക്കാന്‍ പണം ലഭിച്ചുവെന്നായിരുന്നു സുന്ദരയുടെ വിവാദ വെളിപ്പെടുത്തല്‍.
No comments