ലോകായുക്ത ഓര്‍ഡിനന്‍സ് - ഒപ്പിടരുത് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തയച്ചു
രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍ക്കാരിനെതിരായ കേസുകളില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ലോകായുക്തയുമായി ബന്ധപ്പെട്ട് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നും, ഭേദഗതി നടപ്പിലാക്കിയാല്‍ ലോകായുക്തയുടെ പ്രസക്തി തന്നെ നഷ്ടമാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമസഭാ സ്പീക്കറും ഉണ്ട്. ഇത്രയും വലിയ ഭേദഗതി നടത്തുന്ന സാഹചര്യത്തിൽ, ആ വിഷയം പ്രതിപക്ഷത്തെയോ പ്രതിപക്ഷ നേതാവിനെയോ അറിയിച്ചിട്ടില്ല. രഹസ്യ സ്വഭാവത്തോടുകൂടി ഇറക്കിയിരിക്കുന്ന ഓര്‍ഡിനന്‍സിൻ്റെ കോപ്പി ലഭിച്ചത് അര്‍ധരാത്രിയാണ്. എന്നാൽ രാവിലെ തന്നെ ഗവര്‍ണര്‍ക്ക് ഭേദഗതിയിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന സാഹചര്യം വന്നതോടുകൂടി തന്നെ അഴിമതി നിരോധന നിയമത്തിൻ്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ലോകായുക്ത മാത്രമായിരുന്നു ഏക ആശ്രയമായിരുന്നത്. ലോകായുക്ത കൊടുക്കുന്ന ശുപാര്‍ശകളും, നിര്‍ദ്ദേശങ്ങളും പൂര്‍ണമായും അനുസരിക്കാന്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതില്‍ വെള്ളം ചേര്‍ത്ത് ഇനിമുതല്‍ ലോകായുക്തയുടെ തീരുമാനങ്ങളും ശുപാര്‍ശകളും സര്‍ക്കാരിന് ഹിയറിങ് നടത്തി വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കിൽ തള്ളാം എന്നതായി മാറുകയാണ്.
ഇനിമുതൽ മന്ത്രിമാര്‍ക്കെതിരേ അഴിമതി ആരോപണം വന്ന് ലോകായുക്തയില്‍ കേസുമായി പോയി മന്ത്രിമാർക്കെതിരെ ലോകായുക്തയുടെ ഉത്തരവ് വന്നാൽ, മുഖ്യമന്ത്രിക്ക് ഹിയറിങ് നടത്തി ആ ഉത്തരവ് വേണ്ടായെന്ന് തീരുമാനിക്കാം. ഇതേ കാര്യം തന്നെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരായി ലോകായുക്തയുടെ തീരുമാനത്തിലും സംഭവിക്കാം. ഇതോടുകൂടി ലോകായുക്തയുടെ തീരുമാനങ്ങൾക്ക് ഒരു പ്രസക്തിയും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ നിയമമനുസരിച്ച് ലോകായുക്തയായി നിയമിക്കപ്പെടുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ആളോ അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജി ആയിരുന്നു ആളോ ആയിരിക്കണം. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും ജഡ്ജി ആയാല്‍ മതി എന്നത് മാത്രമാക്കി മാറ്റിയിരിക്കുകയാണ്. വെറും പ്രാദേശിക പാര്‍ട്ടിയായി മാറുകയാണ് സി പി എം. സി പി എമ്മിന്റെ കേന്ദ്രനിലപാടിനെതിരായ തീരുമാനവുമായാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്. ഇപ്പോള്‍ ഇഷ്ടമുള്ള ആളുകളെ നിയമിക്കാമെന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
No comments