Header Ads

Header ADS

തെറ്റുപറ്റി, കുടുംബാംഗങ്ങളെ അപമാനിക്കരുത്, മാപ്പ് - സന്ദേശ് ജിങ്കാൻ

തെറ്റുപറ്റി, കുടുംബാംഗങ്ങളെ അപമാനിക്കരുത്, മാപ്പ് - സന്ദേശ് ജിങ്കാൻ | It was wrong, do not insult family members, sorry - Sandesh Jhingan

ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് –എ ടി കെ മോഹൻ ബഗാൻ മത്സരത്തിനുശേഷം നടത്തിയ വിവാദ പരാമർശത്തിൻ്റെ പേരിൽ തൻ്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് അഭ്യർത്ഥിച്ച് മുൻ കേരളം ബ്ലാസ്റ്റേഴ്‌സ് താരവും നിലവിലെ എ ടി കെ താരവുമായ  സന്ദേശ് ജിങ്കാൻ രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ തനിക്ക് സംഭവിച്ച പിഴവ് ഒരിക്കൽക്കൂടി ഏറ്റുപറഞ്ഞ ജിങ്കാൻ, തൻ്റെ തെറ്റിന് കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് അഭ്യർത്ഥിച്ചത്. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം കഴിഞ്ഞ് മടങ്ങുമ്പോൾ ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം’ എന്ന തരത്തിലായിരുന്നു ജിങ്കാൻ്റെ പരാമർശം.

ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും ജിങ്കാൻ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധക സമൂഹമായ മഞ്ഞപ്പടയും ജിങ്കാനെതിരെ രംഗത്തിറങ്ങി. മുൻതാരമായ ജിങ്കാനോടുളള ബഹുമാനസൂചകമായി പിൻവലിച്ച 21–ാം നമ്പർ ജഴ്സി ബ്ലാസ്റ്റേഴ്സ് തിരികെ കൊണ്ടുവരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് #BringBack21 എന്ന ഹാഷ്ടാഗിൽ ക്യാംപയിനും സജീവമാണ്. ജിങ്കാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ ‘അൺഫോളോ’ ചെയ്തും ഒരു വിഭാഗം ആരാധകർ പ്രതിഷേധിച്ചു. ഇതിനിടെ ജിങ്കാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും അപ്രത്യക്ഷമായിരുന്നു.

ബ്ലാസ്റ്റേഴ്സ്  ആരാധകർ ഇടഞ്ഞതോടെ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി ജിങ്കാൻ ആദ്യമേ രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനെ അവഹേളിച്ചിട്ടില്ല എന്നായിരുന്നു ജിങ്കാൻ്റെ വിശദീകരണം. മത്സരശേഷം സഹതാരവുമായി നടത്തിയ വഴക്കാണു കേട്ടതെന്നും ഒഴിവുകഴിവ് പറയരുത് എന്നാണ് താൻ  ഉദ്ദേശിച്ചതെന്നുമായിരുന്നു  ജിങ്കാൻ ആദ്യം നൽകിയ വിശദീകരണം. എന്നാൽ, ഇതുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്ന് വന്നതോടെയാണ് ജിങ്കാൻ വിഡിയോയുമായി നേരിട്ട് രംഗത്തെത്തിയത്.

‘എല്ലാവരും സുരക്ഷിതരായും ആരോഗ്യത്തോടെയും കഴിയുന്നുവെന്ന് കരുതുന്നു. എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവിന്റെ പേരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. എന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണത്തെക്കുറിച്ച് ഞാൻ ശാന്തമായി ഇരുന്നു ചിന്തിച്ചു. മത്സരച്ചൂടിന്റെ ആവേശത്തിൽ ഞാൻ പറഞ്ഞുപോയ വാക്കുകളാണ് അത്. അത് തെറ്റായിപ്പോയി. അതിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ഖേദിക്കുകയും ചെയ്യുന്നു’ – വിഡിയോയിൽ ജിങ്കാൻ പറഞ്ഞു.

‘എൻ്റെ വാക്കുകൾ നിരവധിപ്പേരെ വിഷമിപ്പിച്ചതായി മനസ്സിലാക്കുന്നു. അതിൽ എൻ്റെ കുടുംബാംഗങ്ങളുമുണ്ട്. സംഭവിച്ചുപോയ പിഴവ് മായിക്കാനാകില്ലല്ലോ. പക്ഷേ, എനിക്കു ചെയ്യാനാകുന്ന കാര്യം, ഈ പിഴവിൽനിന്ന് പാഠം ഉൾക്കൊണ്ട് ഇനി ഇങ്ങനൊന്ന്  ആവർത്തിക്കാതിരിക്കുകയും നല്ലൊരു മനുഷ്യനും പ്രഫഷനലുമാകുക എന്നതുണ്’ – ജിങ്കാൻ പറഞ്ഞു.

‘എൻ്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിൻ്റെ പേരിൽ കുടുംബാംഗങ്ങളുടെ നേർക്കും കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. എല്ലാവർക്കും എന്നോട് ദേഷ്യമുനടക്കുമെന്ന് അറിയാം. പക്ഷേ, എൻ്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതും വംശീയമായി അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാകില്ല. ദയവായി അങ്ങനെ ചെയ്യരുത്. ഒരിക്കൽക്കൂടി എൻ്റെ വാക്കുകൾക്ക് മാപ്പു ചോദിക്കുന്നു. ഇനി ഇത് ആവർത്തിക്കില്ല. നന്ദി’ – ജിങ്കാൻ പറഞ്ഞു.

No comments

Powered by Blogger.