കാന്താരാ എന്ന തുളുനാടൻ ഇതിഹാസം | Kantara is a Tulunadu Legend
മനുഷ്യൻ ദൈവമാകുന്നതിന്റെയും ദൈവം മനുഷ്യനാവുന്നതിന്റെയും ഉദാത്തമായ നിമിഷമാണ് "തെയ്യം". അത് കുന്ദാപുരയ്ക്കു തെക്ക് തുളുനാട്ടിലെ ഭൂതക്കോലമായ പഞ്ചുരുളിയായാലും വടക്കൻ മലബാറിലെ ഗുളികനും കതിവന്നൂർ വീരനായാലും.
അടുത്ത കാലത്തിറങ്ങിയത്തിൽ വെച്ച് ഏറ്റവും ശക്തമായ രാഷ്ട്രീയം പറയുന്ന ചലച്ചിത്രമാണ് കാന്താരാ. ജന്മികൾ പറയുന്നതിനെയല്ല, ജനാധിപത്യം ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ നിയമ സംവിധാനത്തെയാണ് വിശ്വസിക്കേണ്ടതെന്നും, സർക്കാർ നിയമ സംവിധാനങ്ങൾ എന്നും സാധാരണക്കാരന്റെ കൂടെ ഉണ്ടാവുമെന്നും ദൈവം അവന്റെ വിശ്വാസികളോട് പറയുന്നു. അത് ജനാധിപത്യത്തിന്റെ വിജയമാണ്.. ഭരണഘടന മൂല്യങ്ങളുടെ ഉയർത്തി പിടിക്കലാണ്.
കാട്ടിലെ ഓരോ മൃഗത്തിന്റെയും കണക്ക് കൃത്യമായി സൂക്ഷിക്കുന്ന സർക്കാർ സംവിധാനത്തെ, ദൈവം അവന്റെ പ്രജകളെയും വിശ്വസിച്ചേല്പിച്ച് കാട്ടിലേക്ക് മടങ്ങുന്നിടത്താണ് ദൈവങ്ങളും വിശ്വാസങ്ങളും ജനങ്ങളെ മുന്നോട്ട് നയിക്കാനുള്ളതാണെന്നും ജനങ്ങളുടെ ഉന്നമനത്തിനായിട്ടുള്ളതാണെന്നുമുള്ള തിരിച്ചറിവ് പ്രേക്ഷകരിലേക്ക് എത്തുന്നത്..
മനുഷ്യനും പ്രകൃതിയും ഒന്നാണെന്നും ഇരുവരുടെയും ആസ്തിത്വം പരസ്പരം ഇഴ പിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നും ഷെട്ടി കാന്താരയിലൂടെ പറയുന്നു.
കാട് വെട്ടിത്തെളിച്ച് കൃഷി ഇറക്കിയ ആദിമ മനുഷ്യൻ തൊട്ട് ഇന്ന് ഇവിടെ വരെ, അവൻ പ്രകൃതിയിൽ നിന്ന് നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാട്ടുപന്നികൾ മൂലമുണ്ടാവുന്ന വിള നാശം. മറ്റൊരു വന്യമൃഗത്തിലിനിന്നും അവൻ ഇത്രയും വലിയ വെല്ലുവിളി ഒരിക്കലും നേരിട്ടിട്ടില്ല. ആ വെല്ലുവിളിയാവാം പഞ്ചുരുളി എന്ന ഭൂത കോല ആരാധനയിലേക്ക് അവനെ നയിച്ചത്.. അത് എന്ത് തന്നെ ആയാലും, ആ ഭൂതകോലത്തെ തന്നെ കഥ പറയാനുള്ള മാധ്യമമായി ഷെട്ടി തിരഞ്ഞെടുത്തു എന്നതാണ് പല പോരായ്മകൾക്കിടയിലും കാന്താരയുടെ വിജയ രഹസ്യം.
ഗംഭീമായ കഥ, തിരക്കഥ, സംവിധാനം എന്നതിനൊപ്പം അതിഗംഭീരമായ അഭിനയവുമാണ് ഋഷഭ് ഷെട്ടി കാഴ്ചവെച്ചവെച്ചിരിക്കുന്നത്. കെ. ജി. എഫിന്റെ രണ്ട് ഭാഗങ്ങൾക്കും ശേഷം കന്നഡ സിനിമയിൽനിന്ന് ലോകോത്തര നിലവാരത്തിലുള്ള മറ്റൊരു സിനിമാ സംഭാവനയാണ് കാന്താരാ. അതേ, കാന്താരാ ഒരു ഇതിഹാസമാണ്.. ഒരു കൂട്ടം ജനങ്ങളുടെ ജീവിതവുമായി ചുറ്റി പിണഞ്ഞ് പടർന്ന് പന്തലിച്ച് പൂത്തുലഞ്ഞ് നിൽക്കുന്ന ഒരു ഒരു നിബിഡ വനം, അതാണ് കാന്താരാ.
ബോഡി ഷേമിങ് കടന്നുവരുന്ന അനാവശ്യമായ ഒരു സീൻ ഒഴിവാക്കിയിരുന്നേൽ, സിനിമയ്ക്ക് ദോഷത്തേക്കാൾ ഏറെ ഗുണം ഉണ്ടായേനെ.
No comments