Header Ads

Header ADS

മെയ്ഡ് ഇൻ ഇന്ത്യ ജെറ്റ് എൻജിനുമായി യുദ്ധ വിമാനങ്ങൾ. ചൈനയെ ഞെട്ടിക്കാൻ ജി ഇ

GE Aviation

ഇന്ത്യൻ പ്രതിരോധ രംഗത്ത് നിര്‍ണായക സഹകരണത്തിനൊരുങ്ങി  അമേരിക്ക. പൊതു ശത്രുവായ ചൈനയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയുടേയും അമേരിക്കയുടേയും പ്രതിരോധ സഹകരണം. ജെറ്റ് എൻജിന്‍ നിര്‍മാണത്തില്‍ ആഗോളതലത്തില്‍ പ്രധാനിയായ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ സഹകരണത്തില്‍ ഇന്ത്യയില്‍ ജെറ്റ് എൻജിനുകള്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജിഇക്കൊപ്പം ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുമായും പേരു വെളിപ്പെടുത്താത്ത സ്വകാര്യ പ്രതിരോധ കമ്പനിയുമായും സഹകരിച്ചാണ് ജിഇ 414 ജെറ്റ് എൻജിനുകള്‍ നിര്‍മിക്കുക. എല്‍സിഎ മാര്‍ക്ക് II (ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്)  വിഭാഗത്തില്‍ പെടുന്ന ജെറ്റുവിമാനങ്ങളിലാണ് ഈ എൻജിനുകള്‍ ഉപയോഗിക്കാനാവുക. അടുത്തവര്‍ഷം തന്നെ ഇന്ത്യൻ നിർമിത എൻജിനുകളുള്ള പോര്‍വിമാനങ്ങള്‍ പറന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഇന്ത്യ–അമേരിക്ക പ്രതിരോധ സഹകരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ത്യയുമായി സഹകരിക്കാനുള്ള ജനറല്‍ ഇലക്ട്രിക്കിൻ്റെ നിര്‍ദേശം അമേരിക്ക പരിശോധിക്കുകയാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ എത്രത്തോളം വേഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് പറയാനും അദ്ദേഹം തയാറായില്ല. 

ജിഇ എൻജിനുകളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കാനും സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാനുമുള്ള തീരുമാനം പ്രതിരോധ രംഗത്ത് വലിയ മാറ്റത്തിന് തുടക്കമാവും. ഇന്നും ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയായ റഷ്യയെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം കൂടുതൽ ഒറ്റപ്പെടുത്താനാണ്  റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്തുകയെന്ന അമേരിക്കന്‍ നയത്തിന്റെ ഭാഗമായാണ് ജിഇ കരാര്‍ ഇന്ത്യയിലെത്തുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ റഷ്യയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും തദ്ദേശീയമായി നിര്‍മിച്ചതുമായ യുദ്ധ വിമാനങ്ങളാണ് ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്നത്. 

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ഉന്നത ഉദ്യോഗസ്ഥ സംഘവും ദിവസങ്ങൾക്ക് മുൻപ് അമേരിക്ക സന്ദർശിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ സംഘടിപ്പിച്ച വിരുന്നില്‍ ഡോവലും സള്ളിവന്‍ അടങ്ങുന്ന അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യയിലേക്ക് അമേരിക്കന്‍ കമ്പനിയുടെ പ്രതിരോധ കരാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

4+ തലമുറയില്‍ പെടുന്ന എല്‍സിഎ തേജസ് മാര്‍ക് I പോര്‍വിമാനങ്ങളിലാണ് ജിഇ 404 എൻജിനുകള്‍ ഉപയോഗിച്ചിരുന്നത്. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്ന ജിഇ 414 എൻജിനുകള്‍ 4.5 തലമുറയിലെ മാര്‍ക് II തേജസ് വിമാനങ്ങളിലാണ് ഉപയോഗിക്കുക. ആയുധങ്ങളും മിസൈലുകളും അടക്കം 6.5 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളവയാണ് ഈ പോര്‍വിമാനങ്ങള്‍. ഇന്ത്യന്‍ സൈന്യത്തില്‍ മിറാഷ് 2000, മിഗ് 29 പോര്‍വിമാനങ്ങളുടെ പകരക്കാരായിരിക്കും ഈ പോര്‍വിമാനങ്ങള്‍. 

ആറ് പോര്‍വിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യക്ക് പദ്ധതിയുണ്ട്. ഓരോ സ്‌ക്വാഡ്രണിലുമായി 18 മാര്‍ക് II പോര്‍വിമാനങ്ങളാണ് ഉണ്ടാവുക. പോര്‍വിമാനങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ പദ്ധതിക്കും ഈ സഹകരണം സഹായകമാവും

No comments

Powered by Blogger.