കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഇല്ല
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഇല്ല. മെയ് പത്തിന് കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി കർണാടകത്തി നടക്കും. മെയ് പതിമൂന്നിനാണ് വോട്ടെണ്ണൽ. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കും. നിലവിൽ ബിജെപിക്ക് 118 സീറ്റ്, കോൺഗ്രസിന്– 72, ജെഡിഎസിന്– 32, രണ്ടു സീറ്റുകൾ ഒഴിവ് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് 124 പേരുടെ സ്ഥാനാർഥി പട്ടിക പുറത്തിവിട്ടപ്പോൾ ജെഡിഎസ് 93 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ബിജെപിയുടെ വോട്ടർ പട്ടിക ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയിൽനിന്ന് ജനവിധി തേടും. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിൽ മത്സരിക്കും. മുതിർന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയിൽ തുടരും.
- ഭിന്നശേഷിക്കാർക്കും എൺപതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം.
- 5.21കോടി വോട്ടർമാരാണ് ആകെ സംസ്ഥാനത്തുള്ളത്.
- 9.17 ലക്ഷം പുതിയ വോട്ടർമാർ.
- 2,62,42,561 പുരുഷ വോട്ടർമാർ.
- 2,59,26,319 സ്ത്രീവോട്ടർമാർ.
- 4,699 ട്രാൻസ്ജെൻഡർ വോട്ടർമാർ.
- 58,282 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനാൽ നിലവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. ഈ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനോടോപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെ ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കപ്പെട്ട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കേരളം ഹൈക്കോടതി വിധിയെത്തുടർന്ന് വിജ്ഞാപനം റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
No comments