Header Ads

Header ADS

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 - 1 (A) യും മാധ്യമ സ്വാതന്ത്ര്യവും

TNIT-Article-19-1-A

എന്താണ് ആദ്യം ആർട്ടിക്കിൾ 19 - 1 (A)?

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 - 1 (A) എന്നത് ഇന്ത്യൻ പൗരന്റെ പൗരാവകാശങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദമാണ്. ഭരണഘടനയുടെ ഈ അനുച്ഛേദമാണ് ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും പൗരാവകാശം ഉറപ്പുനൽകുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം അതായത് ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം,  രാജ്യത്തിൻറെ ഏത് ഭാഗത്തും സമാധാനപരമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, യൂണിയനുകൾ അസോസിയേഷനുകൾ എന്നിവ രൂപീകരിക്കാനും പ്രവർത്തിക്കാനുമുള്ള  സ്വാതന്ത്ര്യം, രാജ്യത്തിൻ്റെ ഏത് ഭാഗത്തും  താൽക്കാലികമായോ സ്ഥിരമായോ താമസമുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ ഭരണഘടനയുടെ ആർട്ടിക്കിൾ 19 - 1 (A) ഉറപ്പ് നൽകുന്നു. 

മാധ്യമ സ്വാതന്ത്ര്യം എന്നത് ഭരണഘടന അനുശാസിക്കുന്ന ഒരു പ്രത്യേക  അവകാശമാണോ?

തീർച്ചയായും അല്ല. ഇന്ത്യൻ ഭരണഘടനയിൽ മാധ്യമ സ്വാതന്ത്ര്യം എന്നൊന്ന് പ്രതിപാദിക്കുന്നതേ ഇല്ല. എന്നാൽ പല മാധ്യമ പ്രവർത്തകർക്കും ഇതൊരു പുതിയ അറിവായിരിക്കും. ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യം എന്നത് പലരുടെയും ഒരു മിഥ്യാ ബോധം മാത്രമാണ്. എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 - 1 (A) യിൽ പ്രതിപാദിക്കുന്ന സ്വതന്ത്രമായി സംസാരിക്കാനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിലാണ് രാജ്യത്ത് എല്ലാ മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. ഇതിനെ തന്നെയാണ് മാധ്യമ സ്വാതന്ത്ര്യം എന്ന് വ്യഖ്യാനിക്കുന്നത്.

എന്താണ് മാധ്യമ സ്വാതന്ത്ര്യം?

"നിങ്ങള്‍ പറയുന്ന ആശയത്തോട് ഞാന്‍ വിയോജിക്കുന്നുണ്ടങ്കിലും അത് പറയാനുള്ള നിങ്ങളുടെ അവകാശത്തോട് ഞാന്‍ യോജിക്കുന്നു" എന്ന വോള്‍ട്ടയറിൻ്റെ പ്രസിദ്ധമായ വരികളാണ് മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാന തത്വമായി വിശേഷിപ്പിക്കുന്നത്. സർക്കാരുകളുടെ അടക്കം  ശെരി തെറ്റുകളടക്കം വാർത്തകൾ  ഭയരഹിതമായി കുറവുകളോ കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ അച്ചടി മാധ്യമത്തിലൂടെയോ സംപ്രേക്ഷണത്തിലൂടെയോ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 19 - 1 (A) അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്ന സ്വന്ത്ര പ്രവർത്തന സ്വാതന്ത്ര്യമാണ് മാധ്യമ സ്വാതന്ത്ര്യം. 

 ഭരണഘടനയുടെ ആർട്ടിക്കിൾ 19 1 (A) ഉപവകുപ്പിൻ്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കൊക്കെ അത് വിശ്വാസമാകും എന്ന് അറിയില്ല, എന്നാൽ അതാണ് യാഥാർഥ്യം. അതായത് മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തിന് മാത്രമായി രാജ്യത്തിൻ്റെ ഭരണഘടന യാതൊരുവിധ സ്വാതന്ത്ര്യവും അനുവദിച്ച് നൽകുന്നില്ല. അതായത് ഇന്ത്യൻ ഭരണഘടനയിൽ മാധ്യമ സ്വാതന്ത്ര്യം എന്നൊന്ന് പ്രതിപാദിക്കുന്നില്ല, അല്ലെങ്കിൽ പൗര സ്വാതന്ത്ര്യത്തിന് അപ്പുറമുള്ള ഒരു മാധ്യമ സ്വാതന്ത്ര്യവും ഭരണഘടന അനുശാസിക്കുന്നില്ല. ഏതൊരു പൗരനും ഭരണഘടന അനുവദിച്ചു നൽകിയിരിക്കുന്ന പൗരസ്വാതന്ത്ര്യം ആർട്ടിക്കിൾ 19-1 (A) പ്രകാരമുള്ള പൗരസ്വാതന്ത്ര്യം മാത്രമാണ് നിലവിൽ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾക്കും ഉള്ളത്. അതിനപ്പുറം മറ്റൊരു സ്വാതന്ത്ര്യമോ ആവിഷ്കാര സ്വാതന്ത്ര്യമോ എന്തും പറയാനും എന്തും ചെയ്യാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങൾക്ക് ഇല്ല. അതായത് മാധ്യമ സ്ഥാപനങ്ങൾക്ക് പ്രത്യേകമായ ഒരു നിയമമോ അല്ലെങ്കിൽ ഭരണഘടന സ്വാതന്ത്ര്യമോ നിലവിലില്ല എന്ന് ചുരുക്കം. 

കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കിയാൽ, രാജ്യത്തെ പൗരന് ആർട്ടിക്കിൾ 19 - 1 (A) പ്രകാരം ലഭിക്കുന്ന സ്വാതന്ത്ര്യത്തേക്കാൾ കുറവാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം എന്നാതാണ് ഏറ്റവും കൗതുകകരം. കാരണം, രാജ്യത്ത് പൗരന്മാർക്കുള്ള പൗരസ്വാതന്ത്ര്യത്തിന് അപ്പുറം മാധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് - 1885 പ്രകാരമുള്ള നിയമങ്ങളും  മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗിൻ്റെ നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. അത് അനുസരിച്ച് മാത്രമേ മാധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയൂ. മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ  രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സത്യവാങ്മൂലത്തോടൊപ്പം  രജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്‌സ് ഫോർ ഇന്ത്യയ്ക്ക് (RNI) സമർപ്പിക്കണം.

 അതായത്, ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിൻ്റെ അപ്പുറം ഈ രാജ്യത്തെ പത്ര സ്ഥാപനങ്ങൾക്കും മാധ്യമം സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ ഉണ്ടാക്കിയിരിക്കുന്ന നിയമാവലി വേറെയും ഉണ്ടെന്ന്   എന്നർത്ഥം. ചുരുക്കി പറഞ്ഞാൽ രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അതുപോലെതന്നെ മാധ്യമ സ്ഥാപനങ്ങൾ ലഭിക്കുന്നില്ല അതിൽ കുറവ് മാത്രമാണ് ലഭിക്കുന്നത് എന്നാണ് ആശ്ചര്യകരമായ ഏറ്റവും വസ്തുതാപരമായ കാര്യം.

മാധ്യമ സ്വാതന്ത്ര്യവും ആർട്ടിക്കിൾ 19-1 (A)യും തമ്മിൽ എന്താണ് ബന്ധം?

വളരെ ലളിതമായി പറഞ്ഞാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 19 - 1 (A) നിലവിലില്ല എങ്കിൽ രാജ്യത്ത് പൗരസ്വാതന്ത്ര്യവും ഇല്ല മാധ്യമ സ്വാതന്ത്ര്യവും ഇല്ല. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ അല്ലെങ്കിൽ പ്രഖ്യാപിച്ചപ്പോൾ ആദ്യം റദ്ദ് ചെയ്യപ്പെടുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 - 1 (A)യും അതുവഴി മാധ്യമ സ്വാതന്ത്ര്യവുമാണ്. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമായി എന്തെങ്കിലും നിയമമോ ഭരണഘടന അനുശാസിക്കുന്ന എന്തെങ്കിലും അവകാശമോ സ്വാതന്ത്ര്യമോ ഒന്നും തന്നെയില്ല എന്നത് തന്നെ കാരണം. അതുകൊണ്ട് തന്നെ മാധ്യമ സ്വാതന്ത്ര്യവും ഭരണഘടനയുടെ ആർട്ടിക്കിൾ 19 - 1 (A)യും പരസ്പര പൂരകങ്ങൾ ആണ്.



No comments

Powered by Blogger.