ക്വറ്റയിൽ ബോംബ് സ്ഫോടനം: 26 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
പാക് സൈനികർ പരിശീലനം പൂർത്തിയാക്കി തിരികെ പോകാൻ തയ്യാറെടുക്കുമ്പോൾ ഇവർ അടക്കമുള്ള യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ആക്രമണത്തിൽ 46 സുരക്ഷാ സേനാംഗങ്ങൾക്കും 14 സാധാരണക്കാർക്കും പരിക്കേറ്റിട്ടുണ്ട്, അതിൽ പലരുടെയും നില ഗുരുതരമാണെന്ന് ക്വറ്റയിലെ സാൻഡെമാൻ പ്രവിശ്യാ ആശുപത്രി വക്താവ് വസീം ബൈഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട് ചെയ്തു. ബലൂചിസ്ഥാനിലെ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായാണ് ഈ ആക്രമണം കണക്കാക്കുന്നത്. വർഷങ്ങളായി പ്രതിസന്ധികളും വിപത്തുകളും അനുഭവിക്കുന്ന പ്രവിശ്യയിൽ ഉയർന്നുവരുന്ന പുതിയ വെല്ലുവിളികളിലേക്കും ഏറ്റുമുട്ടലുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പാക് സൈന്യത്തെയാണ് ഈ ആക്രമണം ലക്ഷ്യമാക്കിയതെന്ന് ബിഎൽഎ പ്രസ്താവിച്ചു. “ബലൂചിസ്ഥാനിൽ പാക് ഭരണകൂടത്തിന്റെ നടപടികൾക്കെതിരായ പ്രതികാരമായാണ് ഈ ആക്രമണം നടത്തിയത്,” എന്നാണ് അവർ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. വിഭവ നിയന്ത്രണം, സ്വയംഭരണ അവകാശങ്ങൾ, അവികസനം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ബലൂചിസ്താൻ വിഘടന വാദികളുടെ പഴയ പരാതികൾ വീണ്ടും ഈ ആക്രമണത്തെ തുടർന്ന് ഉയർന്ന വരുന്നുണ്ട്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. അക്രമികൾ “കനത്ത വില നൽകേണ്ടി വരും” എന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. "ബലൂചിസ്ഥാനിലെ സമാധാനത്തെ തകർക്കാൻ ഈ തരം ഭീകരപ്രവർത്തനങ്ങൾ കഴിയില്ല," എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പ്രസ്താവന. പ്രവിശ്യയിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ്റെയും ഇറാൻ്റെയും അതിർത്തിയിലുള്ള ബലൂചിസ്ഥാൻ പ്രവിശ്യ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ പ്രദേശമാണ്. ചൈന-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ (CPEC) പോലുള്ള തന്ത്രപ്രധാന പദ്ധതികൾ ഈ പ്രദേശത്ത്കൂടെയാണ് കടന്ന് പോകുന്നത്. ഗ്വദാർ തുറമുഖത്തെ ചൈനയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ, റെയിൽവേ ലൈനുകൾ എന്നിവയുടെ നിർമ്മാണം നിലവിൽ മേഖലയിൽ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ എക്കാലത്തും ഈ പദ്ധതികൾ ലക്ഷ്യമാക്കി ബലൂചിസ്താൻ വിഘടന വാദി സംഘടനകൾ പ്രവർത്തിക്കുന്നത് മേഖലയിലെ സമാധാന ശ്രമങ്ങൾക്കും വികസനപ്രവർത്തിനും വെല്ലുവിളിയാണ്.
No comments