Header Ads

Header ADS

മുൻ അമേരിക്കൻ പ്രസിഡൻ്റൂം സമാധാന നൊബേ‍ൽ ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു

മുൻ അമേരിക്കൻ പ്രസിഡന്‍റ്  ജിമ്മി കാർട്ടർ

മുൻ അമേരിക്കൻ പ്രസിഡന്‍റ്  ജിമ്മി കാർട്ടർ അന്തരിച്ചു. യുഎസിന്റെ 39–ാമത് പ്രസിഡൻ്റൂം സമാധാന നൊബേ‍ൽ ജേതാവുമായ ജിമ്മി കാർട്ടർ ജോർജിയയിലെ വീട്ടിലാണ് നൂറാം വയസ്സിൽ അന്തരിച്ചത്. അമേരിക്കൻ പ്രസിഡന്‍റ്  പദത്തിലേക്ക്  ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഏക ജോർജിയക്കാരനാണ്  ജിമ്മി കാർട്ടർ. ഇസ്രയേൽ - ഈജിപത് സമാധന ശ്രമങ്ങൾ നേതൃത്വം കൊടുത്ത നേതാവായിരുന്നു കാർട്ടർ. ശക്തനായ നയതന്ത്രജ്ഞൻ, മനുഷ്യാവകാശ പ്രവർത്തകൻ, അന്തരാഷ്ട്ര സമാധാന പ്രവർത്തകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച രാഷ്ട്രീയക്കാരൻ ആയിരുന്നു ജിമ്മി കാർട്ടർ. ദി കാർട്ടർ സെന്‍റർ വഴിയുള്ള നയതന്ത്ര പ്രവർത്തനങ്ങൾക്ക് 2002ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

ജിമ്മി കാർട്ടർ എന്ന ജെയിംസ് ഏൾ കാർട്ടർ ജൂനിയർ 1924 ഒക്ടോബർ 1ന് പ്ലെയിൻസിലാണ് ജനിച്ചത്. യുഎസ് നേവൽ അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം അമേരിക്കൻ നേവിയിൽ ചേർന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1953ൽ അദ്ദേഹം ആദ്യമായി സ്കൂൾ ബോർഡിലേക്ക് മത്സരിച്ചു, തുടർന്ന് സംസ്ഥാന സെനറ്ററായി. 1970ൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1976 നവംബറിൽ ജറൾഡ് ഫോർഡിനെ പരാജയപ്പെടുത്തി അമേരിക്കയുടെ 39–ാമത് പ്രസിഡന്‍റായി.

സംഭവബഹുലമായ ഭരണം കൊണ്ടും രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യപ്രവർത്തനം കൊണ്ടും സ്‌തുത്യർഹമായ ജീവിതം നയിച്ച ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ജീവിക്കും. 

ഏറ്റവും കൂടുതൽ കാലം ജീവിച്ച യുഎസ് പ്രസിഡൻ്റൂം, 2018ൽ 94–ാം വയസ്സിൽ അന്തരിച്ച ജോർജ് എച്ച്.ഡബ്ല്യു.ബുഷിനു ശേഷം ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായം ചെന്നയാളായിരുന്നു കാർട്ടർ. ഭൗതിക ശരീരം അറ്റ്ലാന്റയിലെ കാർട്ടർ പ്രസിഡൻഷ്യൽ സെന്ററിൽ ജനുവരി 4നും 5നും പൊതുദർശനത്തിന് വെയ്ക്കും. ജനുവരി 6ന് വാഷിങ്ടണിൽ പൊതുദർശന് ശേഷം 9ന് വാഷിങ്ടൻ നാഷനൽ കത്തീഡ്രലിൽ ശുശ്രൂഷാ ചടങ്ങുകൾനടക്കും. തുടർന്ന് ജോർജിയയിൽ സംസ്കാര ചടങ്ങുകളും നടക്കും.

ഡെമോക്രാറ്റ് പാർട്ടി നേതാവായിരുന്ന കാർട്ടർ 1977 മുതൽ 1981 വരെയാണു പ്രസിഡന്റായത്. രാജ്യാന്തര സംഘർ‌ഷങ്ങളിലെ മധ്യസ്ഥ ഇടപെടലുകൾക്കും സമാധാന ശ്രമങ്ങൾക്കുമായി 2002ൽ നൊബേൽ സമ്മാനം ലഭിച്ചു. ഇസ്രയേൽ–ഈജിപ്ത് സംഘർഷം അവസാനിപ്പിച്ച് കാർട്ടറുടെ മധ്യസ്ഥതയിൽ ഒപ്പിട്ട ക്യാംപ് ഡേവിഡ് സമാധാന ഉടമ്പടി ലോകചരിത്രത്തിലെ നാഴികക്കല്ലാണ്. പൂർണ നയതന്ത്രപദവി നൽകി ചൈനയുമായി ബന്ധം മെച്ചപ്പെടുത്തിയതു നേട്ടമായെങ്കിലും 1979ൽ ഇറാനിലെ യുഎസ് എംബസിയിലുണ്ടായ ബന്ദി സംഭവവും യുഎസിനെ അക്കാലത്തു ബാധിച്ച കടുത്ത ഊർജ–സാമ്പത്തിക പ്രതിസന്ധികളും പ്രതിഛായ കെടുത്തി.

1924 ഒക്ടോബർ ഒന്നിന് ജോർജിയയിലെ പ്ലെയ്ൻസിലായിരുന്നു ജനനം. നിലക്കടല കർഷകനും ബിസിനസുകാരനുമായിരുന്നു അച്ഛൻ ജയിംസ് കാർട്ടർ. അമ്മ ലിലിയൻ ഗോർഡി നഴ്സായിരുന്നു. മേരിലാൻഡിലെ നേവൽ അക്കാദമിയിൽനിന്ന് 1946ൽ ബിരുദമെടുത്തു. അതേവർഷം റോസലിൻ സ്മിത്തുമായി വിവാഹം. ജോൺ വില്യം കാർട്ടർ, ജയിംസ് ഏൾ കാർട്ടർ, ഡോണൾ ജെഫ്രി കാർട്ടർ, ഏമി ലിൻ എന്നിവരാണു മക്കൾ. റോസലിൻ ഒരു വർഷം മുൻപ് അന്തരിച്ചു.

1953ൽ അച്ഛന്റെ മരണത്തോടെ നാവികസേനയിൽനിന്നു തിരികെയെത്തിയ കാർട്ടർ കുടുംബത്തിന്റെ കൃഷിയും വ്യാപാരങ്ങളും ഏറ്റെടുത്തു. 1962ൽ ജോർജിയ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ സജീവമായി. 1971ൽ ഗവർണറായി. 1976ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് ജറൾഡ് ഫോർഡിനെ പരാജയപ്പെടുത്തി യുഎസ് പ്രസിഡന്റായി. 1980ൽ റൊണാൾഡ് റെയ്ഗനോടു തോറ്റു. മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

No comments

Powered by Blogger.