കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. ഒമ്പത് വര്‍ഷത്തെ ഭരണത്തിന് ശേഷം ട്രൂഡോ പ്രധാനമന്ത്രിപഥവും ലിബറൽ പാർട്ടി നേതാവ് സ്ഥാനവും രാജിവെച്ചു. ഇതോടെ 2015 നവംബറിൽ തുടങ്ങിയ ട്രൂഡോ ഭരണം അവസാനിച്ചു.
തിങ്കളാഴ്ച, കനേഡിയൻ സമയം രാവിലെ 10:45 നടന്ന പത്രസമ്മേളനത്തില്‍, ട്രൂഡോ തൻ്റെ രാജി തീരുമാനം ഔദ്യോഗികമായി പ്രഘ്യപിച്ചു. അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിക്ക് പുതിയ നേതൃത്വത്തിന്റെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷം നൽകിയ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച അദ്ദേഹം, പദവിവിടാനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് സഹകരിക്കുമെന്ന ഉറപ്പും നൽകി.
"ഇത് എന്റെ ജീവിതത്തിലെ വളരെ ഗൗരവകരമായ പദവി ആയിരുന്നു, എന്നാൽ നമ്മുടെ പാർട്ടിയെയും രാജ്യത്തെയും മുന്നോട്ട് നയിക്കാൻ പുതിയ നേതൃത്വം ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു," എന്ന് രാജിക്ക് മുന്നോടിയായി ട്രൂഡോ പറഞ്ഞു. ലിബറൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ഉടൻ ആരംഭിക്കും. ഇതിനായി ചിലപ്പോൾ മാസങ്ങൾ എടുത്തേക്കും. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് ലിബറൽ പാർട്ടി നേതൃസ്ഥാനത്തിനുള്ള പ്രധാന സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.
രാഷ്ട്രീയ അസ്വസ്ഥതകളെ തുടർന്ന് ട്രൂഡോയുടെ ജനപ്രിതി ഇടിയുകയും, 2025 ഒക്ടോബറിന് മുമ്പ് നടക്കേണ്ട ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറലുകൾ പ്രതിപക്ഷ കൺസർവറ്റീവുകളോട് വലിയ തോൽവി നേരിടുമെന്നും സർവേ ഫലസൂചനകൾ വന്നതും ട്രൂഡോയ്ക് വെല്ലുവിളിയായി. ഉയർന്ന ജീവിതച്ചെലവ്, വാടക വീടുകളുടെ അടക്കമുള്ള പാർപ്പിടങ്ങളുടെ ലഭ്യതകുറവ്, സാമ്പത്തിക വെല്ലുവിളികൾ എന്നിവയാണ് പിന്തുണ കുറയാനുള്ള മൂലകാരണമായി കരുതപ്പെടുന്നത്.
പ്രതിപക്ഷ പാർട്ടികൾ മാർച്ചിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തയ്യാറെടുക്കുന്നതായുള്ള സൂചനകളും ട്രൂഡോയുടെ രാജിയുടെ ആക്കം കൂടിയതായി കരുതപ്പെടുന്നു. ഇത് വിജയിക്കുകയാണെങ്കിൽ, പുതിയ ലിബറൽ പാർട്ടി നേതാവ് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് കാനഡയിൽ ഫെഡറൽ തെരഞ്ഞെടുപ്പ് വരാൻ സാധ്യതയുണ്ട്.
ഓട്ടാവയിലെ കോവിഡ്-19 നിയന്ത്രണങ്ങൾക്ക് എതിരെ 2022ഇൽ ട്രക്ക് ഡ്രൈവർമാർ നടത്തിയ സമരത്തിന് പിന്തുണ നൽകിയ ശേഷം ശ്രദ്ധ പിടിച്ചു പറ്റിയ കൺസർവറ്റീവ് നേതാവ് പിയറി പോലിയേവ്രേയുടെ തേതൃത്വത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ കൺസർവറ്റീവുകൾ വിജയം നേടാൻ സാധ്യതയുണ്ടെന്ന് സർവേഫലങ്ങളും ഇതിനിടെ പുറത്ത് വരുന്നുണ്ട്.
രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കനേഡിയൻ ഡോളർ 0.8% വർധിച്ചു, 1.4325 എന്ന നിലയിൽ യുഎസ് ഡോളറിനെതിരെ വ്യാപാരമാരംഭിക്കുകയും, ഡിസംബർ 17-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കായ 1.4280ഇൽ എത്തുകയും ചെയ്തു. സമാധാനപരമായ നേതൃമാറ്റം സാമ്പത്തിക സ്ഥിരതയ്ക്ക് സഹായകമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
ഹർദീപ് സിങ് നൈജർ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോ ഇന്ത്യക്ക് എതിരെ നടത്തിയ നിരവധി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ കാനഡ - ഇന്ത്യ നയതന്ത്ര ബന്ധത്തെ നൂറ്റാണ്ടിലെ ഏറ്റവും മോശമായ നിലയിലെത്തിച്ചിരുന്നു. ഇതേ തുടർന്ന് വ്യാപാര കരാറുകൾ പുതുക്കാതിരിക്കുകയും നയതന്ത്ര വിദഗ്ധരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കുകയും, ഇന്ത്യ കാനഡയിലെ ഇന്ത്യൻ ഹൈകമ്മീഷണറെ തിരികെ വിളിക്കുകയും ചെയ്തിരുന്നു.
No comments