Header Ads

Header ADS

മാലിദ്വീപില്‍ ഭരണ അട്ടിമറിക്ക് ഇന്ത്യ ശ്രമിച്ചു: ഗുരുതര ആരോപണവുമായി വാഷിങ്ടണ്‍ പോസ്റ്റ്

മാലിദ്വീപില്‍ ഭരണ അട്ടിമറിക്ക് ഇന്ത്യ ശ്രമിച്ചു എന്ന ഗുരുതര ആരോപണവുമായി വാഷിങ്ടണ്‍ പോസ്റ്റ്.  രാഷ്ട്രീയ അട്ടിമറിക്കായുള്ള ഗൂഢാലോചനയില്‍ ദ്വിപിലെ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) നേതാക്കള്‍ ഇന്ത്യയോടെ ആറ് മില്ല്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയോട് അകൽച്ച പാലിക്കുകയും ചൈന അനുകൂല നിലപാടുകളെടുക്കുകയും ചെയ്യുന്ന പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെ പുറത്താക്കാനായിരുന്നു ഇന്ത്യയുടെ ശ്രമമെന്നും എന്നാല്‍ ശ്രമം വിജയിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഡെമോക്രാറ്റിക് റിന്യൂവല്‍ ഇനിഷ്യേറ്റീവ്' എന്ന തലക്കെട്ടിലുള്ള ആഭ്യന്തര രേഖയെ അടിസ്ഥാനമാക്കിയാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുയ്‌സുവിന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ മാലദ്വീപ് പാര്‍ലമെന്റിലെ 40 അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കി മുയ്‌സുവിനെ അട്ടിമറിക്കുക എന്നതായിരുന്നു പദ്ധതി എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്‌.  

'നിരവധി മുതിര്‍ന്ന സൈനിക, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാനും രാജ്യത്തെ സ്വാധീനമുള്ള മൂന്ന് ക്രിമിനല്‍ സംഘങ്ങളുടെ സഹായം തേടാനും പദ്ധതിയിട്ടിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് പണം നല്‍കാന്‍ ഗൂഢാലോചനക്കാര്‍ ആറ് മില്യണ്‍ യുഎസ് ഡോളറാണ് ആവശ്യപ്പെട്ടത്. 2024 ജനുവരിയില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാലദ്വീപ് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ആഴ്ച്ചകള്‍ക്കുള്ളില്‍തന്നെ പദ്ധതി തയ്യാറാക്കിയെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മാസങ്ങളോളം രഹസ്യചര്‍ച്ചകള്‍ നടന്നെങ്കിലും മുയ്‌സുവിനെ പുറത്താക്കാനുള്ള പിന്തുണ പാര്‍ലമെന്റില്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നത്‌.

എന്നാൽ ഈ അട്ടിമറി ശ്രമത്തിൽ ന്യൂ ഡല്‍ഹിയിലെ മുതിര്‍ന്ന നയതന്ത്ര ഇന്റലിജിൻസ്  ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അട്ടിമറിക്കായി ചര്‍ച്ചകള്‍ നടന്നുവെന്നും എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമായില്ലെന്നും മാലദ്വീപിലെ രണ്ട് ഉദ്യോഗസ്ഥര്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചതായി റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഈ പത്രവാർത്തയോട് ഏതെങ്കിലും വിധത്തിലുള്ള പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യ ഒരിക്കലും ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കില്ലെന്നും ഈ ഗൂഢാലചോനയെ കുറിച്ച് തനിക്ക് അറിവില്ലെന്നും മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് പ്രതികരിച്ചു.


No comments

Powered by Blogger.